Wednesday, September 24, 2014

ഇരുണ്ട ഭൂതകാലത്തിൽ
തിരിച്ചറിവായിരുന്നു വെളിച്ചം.
വെള്ള വെളിച്ചം, മഴവില്ലായി
തെളിഞ്ഞുകണ്ടപ്പോളും
പ്രതീക്ഷകളായിരുന്നു..
ഇഴപിരിഞ്ഞവ മഞ്ഞയും പച്ചയും
കാവിയും ചുവപ്പും, അങ്ങിനെ പലതും,
പിന്നെ  ഇരുളുമായ് പരിണമിച്ചു..
ഇരുൾവീണ വഴികളിൽ
നരകേറിയ സ്വപ്‌നങ്ങൾ
കാലച്ചക്ക്രത്തെ തടുക്കുവാൻ
വ്യർത്ഥമായ് മോഹിച്ചു.. 

Tuesday, September 23, 2014

അർക്കാ, എന്തേ നീയൊന്നു നിൽക്കാത്തെ?
എൻ പ്രാണസഖിയോട് സല്ലപിക്കുന്നതിൽ
നാണമായിട്ടോ, അതോ കോപം വന്നിട്ടോ
നിൻ കവിൾത്തടം ചുവന്നത് ?
അസൂയ പൂണ്ടിട്ടോ
ഇരുൾ പരത്തി ഓടിമറഞ്ഞത്‌?  

വാടാമല്ലി മലരേ
നിന്നെ തഴുകാൻ നേരം,
മുനയുള്ള ദളങ്ങൾ
നൊമ്പരം തരുന്നല്ലോ.. 

Wednesday, September 17, 2014

വിടപറയലിന്റെ
ഓരോ ആലിംഗനത്തിലും
പറയാതെ പറഞ്ഞ 
ആയിരം നൊമ്പരങ്ങളുണ്ട്,
തമസ്സിലൊതുക്കിയ
രഹസ്യത്തിൻ മധുരമുണ്ട്..   
പട്ടിൽ പൊതിഞ്ഞു നൽകുന്ന
ഓരോ സത്യത്തിനും 
നൂറു മുനകളുണ്ട്,
അസത്യത്തിൻറെ കാപട്യമുണ്ട്..
മലർക്കെ വിരിഞ്ഞ
ഓരോ ചിരിയിലും
നൈമിഷിക ഊഷ്മളതയുണ്ട്,
ചതിയുടെ കണ്ണിറുക്കലുണ്ട്..

Wednesday, September 3, 2014

കാറ്റേ, ആഞ്ഞു വീശിയെന്നെ തീയാക്കിടല്ലേ
വീശുക മെല്ലെ, നിലനിർത്തിടാൻ മാത്രം
കാറേ, പെയ്തൊഴിഞ്ഞെന്നെ കരിയാക്കിടല്ലേ
തൂളുക മെല്ലെയെന്നുള്ളം തണുപ്പിക്കുവാൻ മാത്രം


ആശരണന്റെ നേരെയോങ്ങുന്ന വാളാണ്, തിളയ്ക്കുന്ന സമരാവേശം മുഴുവനും