Tuesday, April 26, 2016

കരിയുന്നു, കൊഴിയുന്നു
ശോഷിച്ച ചില്ലയിൽ
ശേഷിച്ച തളിരും ദളങ്ങളും..
തെളിനീരു തേടണം,
ശുദ്ധ വായുവും വെളിച്ചവും..
ഗുണമുള്ള മണ്ണിൽ
നട്ടു നനച്ചു വളർത്തീടുകിലല്ലാതെ
കിളിർക്കില്ല,
തൃണമാകിലും, മികവോടെ

Friday, February 12, 2016

മുറുകെ പിടിക്കാം നമ്മൾ തോളുകളിലേന്തും
ശുദ്ധാദർശത്തിൻ ചെന്കൊടികൾ
ചോര മണക്കും കാട്ടാളക്കൂട്ടത്തി-
നുള്ളതല്ലീ ചെന്കൊടികൾ
കറകൾ വീണശുദ്ധമായതിൻ ശോണിമയെ
കഴുകി മിനുക്കാമൊന്നായി
അരിച്ചു കയറും ചിതലുകളെയെല്ലാം
തിരിച്ചിറക്കി ദഹിപ്പിക്കാം
ധാർഷ്ട്യം നിറയും ചേഷ്ടകളെല്ലാം
കൊട്ടാരങ്ങളിലുപേക്ഷിക്കാം
 സംപത്തെന്തിനു,  ചാനലുകളെന്തിനു
ജനസമ്പത്തെല്ലാം കൊഴിയുമ്പോൾ
തിരികെ നടക്കാം ഇടവഴികൾ തോറും
സമ്പാദിക്കാം ജന വിശ്വാസങ്ങൾ
മുറുകെ പിടിക്കാം നമ്മൾ തോളുകളിലേന്തും
ശുദ്ധാദർശത്തിൻ ചെന്കൊടികൾ

Thursday, December 24, 2015

സംസ്ഥാനത്ത് ഭൂമി വില്പന കുത്തനെ കുറഞ്ഞു എന്ന് വാർത്ത !!

ഈ വാർത്ത വായിച്ചാൽ തോന്നും, ഇത് വളർച്ചാ മുരടിപ്പും സാധാരണക്കാരനെയും, കർഷകരെയും എല്ലാം ബാധിക്കുന്ന ഗുരുതരമായ പ്രശ്നം ആണെന്ന്. ഭൂ മാഫിയയും, വസ്തു കച്ചവട ദല്ലാൾമാരും കൂടി കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ അഞ്ച് മുതൽ പത്ത് മടങ്ങ്‌ വരെയാണ് ഭൂമിയുടെ വില ഉയർത്തിയത്‌ എന്ന വാർത്ത പരാമർശിക്കാൻ വിസ്മരിക്കുന്ന ഈ വേവലാതി ആർക്ക് വേണ്ടിയാണ്? സാധാരണക്കാരനും ഇടത്തരക്കാരനും ഒരു തുണ്ട് ഭൂമി വാങ്ങി ഒരു കൂര വയ്ക്കാൻ ജീവിതകാലം മുഴുവൻ പണിയെടുക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിൻറെയൊ, വ്യവസായ വത്ക്കരണത്തിൻറെ അടിസ്ഥാനത്തിലോ ഒന്നുമല്ല റിയൽ എസ്റ്റേറ്റ്‌ മാഫിയ ഭൂമിയുടെ വില കുത്തനെ ഉയർത്തിയത്‌. കള്ളപ്പണം ഈ മേഖലയിലേക്ക് ഒഴുകുകയായിരുന്നു. കോടികളുടെ സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പാണ് നടക്കുന്നത്. ഇതിന് ഏതെങ്കിലും വിധത്തിൽ നിയന്ത്രണം വരേണ്ടത് അത്യാവശ്യം തന്നെ ആയിരുന്നു. കൂടുതൽ നിയന്ത്രണങ്ങളോടെ ഭൂമി വാങ്ങലും വില്പനയും സാധാരണക്കാരന് പ്രാപ്യമാകുന്ന രീതിയിലേക്ക് ആകേണ്ടിയിരിക്കുന്നു.

http://www.mathrubhumi.com/money/personal-finance/real-estate/real-estate-kerala-dip-malayalam-news-1.753854
അഞ്ചാം വയസ്സിൽ കരഞ്ഞുകൊണ്ടു സ്കൂളിൽ പോയപ്പോൾ, തലയിൽ കയ്യോടി കരച്ചിൽ മാറ്റിയ ചേട്ടനെ പോലെ ആകാനായിരുന്നു മോഹം..
പത്താം വയസ്സിൽ ഓട്ടത്തിൽ തോറ്റപ്പോൾ, ഒന്നാമനായ പതിനാലു വയസ്സുകാരൻ ആകാനായി മോഹം..
പതിനാലാം വയസ്സിൽ മീശ മുളച്ചപ്പോൾ, കട്ടിയുള്ള മീശക്കാരൻ ആകാനായി മോഹം..
ഇരുപത്തിനാലാം വയസ്സിൽ ജോലി ആയപ്പോൾ, വളർന്നു വലുതായി പെണ്ണു കെട്ടാനായി മോഹം..
മുപ്പതു കടന്ന് ഉത്തരവാദിത്തം മുതുകിലായപ്പോൾ, താങ്ങൊന്നു കിട്ടാനായി മോഹം..
മുപ്പത്തഞ്ചിൽ നര കയറാൻ തുടങ്ങിയപ്പോൾ, ചുറുചുറുക്കിൽ പ്രായം മറക്കാനായി ശ്രമം..
നാൽപ്പതിലൂടെ പാതിയും പിന്നിട്ടപ്പോൾ, ഉള്ളതിൽ പാതി കളഞ്ഞ്‌ പിന്തിരിഞ്ഞോടാൻ കൊതിയായി..
:)
അപ്പോൾ ഈ അസഹിഷ്ണുത അസഹിഷ്ണുത എന്ന് പറയുന്നത് നമ്മുടെ നാട്ടിൽ മാത്രം കാണുന്ന ഒന്നല്ലല്ലേ. അങ്ങ് അമേരിക്കയിലും ഉണ്ടെന്നേയ്..നമ്മള് കരുതിയത്‌ ഈ സായിപ്പന്മാരെല്ലാം ഭയങ്കര സഹിഷ്ണുത ഉള്ളവരാണെന്നാ
http://www.mathrubhumi.com/news/world/donald-trump-malayalam-news-1.721647

Sunday, December 6, 2015

തത്വദർശനങ്ങൾ വർണ്ണങ്ങളായി പരിണമിക്കപ്പെട്ടപ്പോൾ
ആശയങ്ങൾ വർണ്ണങ്ങളിലൊതുങ്ങാതെ എതിർത്തുനിന്നു.
കൊടികളിൽ പൊതിഞ്ഞ ആശയങ്ങൾ
അധികാരത്തിൻ പടികൾ ചവിട്ടിക്കയറി,
ചായം പൂശിയ വികല ദർശനങ്ങൾ വില്പനയ്ക്ക് വെച്ചു.
തത്വ ദർശനങ്ങൾ, വർണ്ണ രാഹിത്യത്തിൻ മോക്ഷപ്രാപ്തിക്കായ്‌
അവതാര സ്പർശനത്തിനായ് കാത്തിരുന്നു

Tuesday, November 24, 2015

പട്ടാഭിഷേകം കഴിഞ്ഞപ്പോൾ നല്കപ്പെട്ട
കറുത്ത തുണിയാലവർ മനസ്സ് കെട്ടി..
നല്ല ദിനങ്ങലിലൊന്നിൽ,
ചോരയിറ്റു വീഴുന്ന പച്ചമാംസത്തിനു
കാവലിരുന്നനുചരർ  ഉറക്കെ ചിരിച്ചു,
ഉറക്കം വരാത്ത രാത്രികളിൽ
ശ്മശാനത്തിലേക്ക് നടന്നു,
ആത്മാക്കളുടെ പൊട്ടിക്കരച്ചിൽ
കേട്ടവർ സ്വസ്ഥമായുറങ്ങി..
നിശ്ശബ്ദ വാചാലതയാൽ
രാജാവശ്വമേധം നടത്തി..
സ്മൃതികളിലൊളിപ്പിച്ച പൈതൃകം
പിടി കൊടുക്കാതെ തെന്നിക്കളിച്ചു