Tuesday, December 31, 2013

പാദുകം

ദുർഘടപാതയിൽ സംരക്ഷണമേകാൻ കൂട്ട്കൂടപ്പെട്ടവൻ
കാലാന്തരത്തിൽ മണ്ണുമായുള്ള നിൻറെ ബന്ധമകറ്റുന്നവനായ്
നിൻറെ ദു:ർന്നടപ്പിന്റെയെല്ലാം അഴുക്കുപറ്റുന്നോൻ
അഹങ്കാരത്തിൻ ഭാരം ചുമക്കുന്നോൻ, അന്തസ്സിൻ ആഴമളക്കുന്നോൻ
എങ്കിലും ഞാൻ നിനക്കഹങ്കാരിയും, അശുദ്ധനുമാണെന്നും
ഭ്രഷ്ട് കൽപ്പിച്ചകറ്റി നിർത്തി ആഭിജാത്യം തെളിയിക്കും നീ

Monday, December 30, 2013

പുതിയ പ്രായോഗിക വിപ്ലവ മാതൃകകൾ

പുതിയ പ്രായോഗിക വിപ്ലവ മാതൃകകൾ പ്രതീക്ഷ നൽകുന്നു..
ആശിക്കാം, മനസ്സ് പകർന്നു കൊടുക്കും പുൻപ്
ഇതും കാണും, നാളുകളായ് മനസ്സിലേന്തിയ ചെങ്കൊടി

Sunday, December 29, 2013

ഋതു പരിണാമം

ശിശിരത്തിനൊടുവിൽ
തളിർ കിളിർത്തു
വസന്തത്തെ വരവേൽക്കാൻ
മനം തുടിച്ചപ്പോളാണ്
കൂട് തേടി വന്ന രണ്ട് ദേശാടന പക്ഷികൾ 
കൗതുകമുണർത്തിയത്..
വസന്തത്തിൽ ഇലകളും പൂക്കളും
വിരിയിച്ചു  ഹർഷ പുളകിതമാക്കി ..
ഗ്രീഷ്മത്തിൻ ചൂടേറ്റു
തനുവും വേരുകളും വിണ്ടുകീറുമ്പോളും,
വർഷത്തിൽ കുളിരായ് പെയ്തിറങ്ങുന്ന
മഴയുടെ സ്വപ്നം നൽകി ..
ചെറുമഴയായ് കുളിരണിയിച്ചും
മേമാരിയായ് ആപാദചൂടം നനയിച്ചും
കൊടുംകാറ്റായും ഇടിമിന്നലായും
ഭീതി പരത്തിയും വർഷം പെയ്തു ..
സമൃദ്ധമായ ഇലകൾക്കുള്ളിൽ
അവർ സുരക്ഷിതത്വം അറിഞ്ഞു..
ശരത്കാലത്തിൻ തത്ത്വം
ഇലകൾ പൊഴിച്ചു..
ആകാശത്തിൻ നീലിമ കണ്ടപ്പോൾ,
തീർഥാടനത്തിനിറങ്ങിയ ആണ്‍കിളി ,
അസ്വസ്ഥ മാനസം കാണാതെ പോയി..
വിരഹത്തിൻ വേദന മായ്ച്ചുകളയാൻ
വിമോചനം സ്വപ്നം കണ്ടു..
സ്നേഹോഷ്‌മള സാന്ത്വനവുമായ്
ആണ്‍കിളി പറന്നു വന്നു പരിഭവം കളഞ്ഞു..
ഇളം തെന്നലായ് ഹേമന്തം വിരുന്നു വന്നു
കുളിർ പുതപ്പിച്ചു, മോഹങ്ങൾ നൽകി..
പങ്കിടലിൽ അലിഞ്ഞൊന്നായ്‌ സകലതും..
ഋതുക്കൾ ചലിച്ചുകൊണ്ടേ ഇരുന്നു..

ആരാണു നീ

ചലനം ബന്ധിപ്പിക്കപ്പെട്ടപ്പോൾ, എഴുത്താണി കൈയിലേന്തി
കണ്ണും മനസ്സും തുറന്നുവച്ചു കണ്ടൂ ലോകം, ജീവിതവും
സൃഷ്ടിച്ചു സാഹചര്യങ്ങൾ, ചിന്തകൾ, ആശയങ്ങൾ, കഥാപാത്രങ്ങൾ..
അവയാലൊരു കവചം തീർത്തു, പൊലിപ്പിച്ചു വ്യക്തിത്വം
ആസ്വദിച്ചു ആരാധനാഭാവങ്ങൾ, അഭിനന്ദനങ്ങൾ
കൂടിന്നു പുറത്തിറങ്ങാൻ ധൈര്യമില്ലിനിയും
സൃഷ്ടിക്കപെട്ടവയെല്ലാം ചുറ്റും നിന്ന് പരിഹസിക്കുമ്പോൾ
കണ്ണാടിയിൽ നോക്കിയൊന്നു കാർക്കിച്ചു തുപ്പാം

Monday, December 23, 2013

അലച്ചിൽ

സങ്കൽപ്പങ്ങൾ നിറം ചാർത്തിയ ആശയക്കൂടിലും
സ്ഫടികച്ചുമരുകൾതൻ പിന്നാമ്പുറങ്ങളിലും
നൈരാശ്യ മാനസം ഉഴലുന്നു, പാതകൾ മാറ്റിച്ചവിട്ടി
ആശയസമ്പുഷ്ടമാ സ്വപ്ന ലോകത്തിനായ്

Sunday, December 22, 2013

തമാശ !!!

ഈ വർഷം ഏറ്റവും അവസാനം കേട്ട തമാശ ആയതുകൊണ്ടാകണം, ശരിക്കും ചിരിച്ചു. സർവ്വഗുണനിലയൻ , സർവ്വ പ്രശ്നപരിഹാരി , രക്ഷകൻ, മാസ്സ് പുള്ളർ , യുവരാജാവ് തിരുമനസ്സ് തിരുവായ് തുറന്നു ഒരു വെടിയങ്ങു ( ബോഫോർസ് പോലത്തെ പൊട്ടാത്തതാണോ ആവൊ ;) ) പൊട്ടിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം അഴിമതി ആണത്രെ ( കയ്യടിക്കു ..കയ്യടിക്കു..ഒരു വലിയ വെളിപാട് അല്ലേ ). അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സംഘടന ( അയ്യോ..അല്ല.. രാജ കുടുംബം!! ) ആണ് തങ്ങളുടേത് എന്ന് ( ദേ ചിരിക്കുന്നു..ചിരിക്കരുത് പ്ലീസ്..ദേ പിന്നെയും ചിരിക്കുന്നു .. )

ഇത് കേട്ടിരുന്ന ഒരു പ്രജയുടെ അറിവില്ലായ്മ :
ഇവനൊക്കെ എന്താ ധരിച്ചു വച്ചിരിക്കുന്നത്.. ഞങ്ങൾ എല്ലാം നിങ്ങൾ പറയുന്നത് പോലെ കഴുതകൾ ആണെന്നോ.. നല്ല ചൂലടി കൊണ്ട് ഉറക്കത്തിൽ നിന്നും എഴുന്നേറ്റു ഓരോ വങ്കത്തങ്ങൾ അങ്ങ് എഴുന്നള്ളിക്കും.. ചൂലെടുത്ത് അടിച്ചു ഓടിക്കും പറഞ്ഞേക്കാം..

Wednesday, December 18, 2013

ഇഷ്ടം

സുഗന്ധം പരത്തുന്ന, മാർദ്ദവം പകരുന്ന പനിനീർപ്പൂവിനെക്കാളും എനിക്കിഷ്ടം പരുപരുത്ത നെൽക്കതിരുകളെയാണ്.

സത്യം

നേരും നെറിവും ആപേക്ഷികമാവുമ്പോൾ
സത്യമെന്നതു മിഥ്യയും, ഒരു കണ്‍കെട്ടു വിദ്യയും ആണ്.