Friday, February 27, 2015

പന്ത്

വസന്തൻ നിഷ്കളങ്കനും, നിരുപദ്രവകാരിയും സർവ്വോപരി നമ്രമുഖനും ആയിരുന്ന കലാലയ ജീവിതം തുടങ്ങിയ പ്രീ ഡിഗ്രീ കാലം. ഈവനിംഗ് ഷിഫ്റ്റ്‌ കഴിഞ്ഞ്, വേഗം വീട്ടിൽ എത്തിപ്പെടാനുള്ള തിടുക്കത്തിൽ കോളേജ് ഗേറ്റ് കടന്നു പുറത്ത് കടന്നതും, അവൻറെ മുന്നിലേക്ക്‌ കഥയിലെ വില്ലൻ ഉരുണ്ട് ഉരുണ്ട് വന്നു.

കോളേജിലെ ഫുട്ബോൾ കമ്പക്കാർ കളിച്ചുകൊണ്ടിരുന്ന പന്ത്, ഗ്രൗണ്ടിനു പുറകിലെ റോഡും കടന്ന്, അവൻറെ അടുത്ത് വരേണ്ട ഒരു കാര്യവും ഇല്ല. അതിലുള്ള ചതി മനസ്സിലാക്കാതെ, പൊതുവെ പരോപകാരി ആയ അവൻ, അത് കളിച്ച് കൊണ്ടിരുന്നവർക്ക് തിരികെ തട്ടിക്കൊടുക്കുവാൻ സ്വാഭാവികമായും ആഗ്രഹിച്ചു.

അവൻറെ ഉദാര മനസ്സിനെ പ്രോത്സാഹിപ്പിക്കാൻ പോരുന്ന കുറച്ചു തരുണീമണികൾ അവിടെ നിന്നിരുന്നത് ആരവമിടുന്ന ഗാലറിയും, അവൻ ഗോളടിക്കാൻ പായുന്ന സ്ട്രൈക്കറുമായി മാറി. സർവ്വ ശക്തിയും എടുത്ത് ആഞ്ഞൊരടി..ഗാലറിയും,  ഗ്രൗണ്ടും, സ്ട്രൈക്കറും സ്തംഭിച്ചു നിന്നു. പന്ത് ചെന്ന് തരുണീ മണികളിൽ ഒരുവളുടെ എവിടെയോ കൊണ്ടു..

ഗാലറിയുടെ ആരവം മാറി പൊട്ടിച്ചിരി ആകുന്നത്‌ അവനറിഞ്ഞു. ആ ശബ്ദം നേർത്ത് ഇല്ലാതാകുന്നതും, കണ്ണിൽ ഇരുട്ട് കയറുന്നതും പോലെ തോന്നി. ഒന്നും കാണാൻ പറ്റുന്നില്ല. അവനെ ദഹിപ്പിക്കാൻ പോരുന്ന ഒരു നോട്ടം മാത്രം അവൻ കണ്ടു. "സോറി" എന്ന് പറഞ്ഞത്, വെള്ളമില്ലാത്ത ടാപ്പ്‌ തുറക്കുമ്പോൾ വരുന്ന കാറ്റ് മാത്രമായി.

രക്ഷകനെ പോലെ അവർക്ക് പോകാനുള്ള ബസ്സ്‌ വന്നത്, രംഗം വേഗം വസന്തന് അനുകൂലമാക്കി. തിരിഞ്ഞ് നോക്കാതെ നേരെ വീട്ടിലേക്ക് വെച്ച് പിടിപ്പിച്ചു.

നടക്കുന്ന വഴിയിലും, അന്ന് രാത്രി മുഴുവനും അതോർത്തു തലപുകഞ്ഞു. എത്ര ആലോചിച്ചിട്ടും, ആ കണ്ണുകളുടെ ഉടമയെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. മനസ്സിൽ കുറ്റബോധം തിളച്ച് മറിയാൻ തുടങ്ങി. അതിറക്കി വെച്ചില്ലെങ്കിൽ, പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികം ആകുമെന്ന് മോഹൻലാൽ പറഞ്ഞ് തന്നിട്ടുള്ളത് ഓർത്തു. എങ്ങിനെയൊക്കെയോ ആ രൂപം മനസ്സിൽ വരുത്തി. നാളെ ക്ഷമ ചോദിച്ചിട്ട് തന്നെ കാര്യം എന്നുറപ്പിച്ച് കിടന്നു.

അടുത്ത ദിവസം കോളേജിൽ ചെന്ന്, മനസ്സിൽ കരുതിയ രൂപത്തെ തിരയുകയായിരുന്നു ആദ്യത്തെ ഉദ്യമം. കാന്റീൻ, ലൈബ്രറി, വരാന്തകൾ, പ്രണയ മരച്ചുവടുകൾ.. എല്ലായിടത്തും അവൻറെ കണ്ണ് പരതി. കണ്ടില്ല! അവസാനമതാ കോണിപ്പടികൾ ഇറങ്ങി വരുന്നു. മനസ്സിൽ കരുതിയ അതേ രൂപം. യാന്ത്രികത മാറ്റാനുള്ള അവസരം ഇതാ വന്നിരിക്കുന്നു! അവൻ  വിനയത്തോടെ അടുത്ത് ചെന്നു. ഒരു വിറയലും, വിയർക്കലും അനുഭവപ്പെട്ടു എങ്കിലും, ക്ഷമ പറയാതെ പോകുന്ന പ്രശ്നമില്ല!

സമപ്രായക്കാരെ പോലും അപരിചിതരായാൽ, ചേച്ചി, ചേട്ടാ എന്ന് വിളിക്കുന്ന ഒരു നല്ല(?) ശീലം കൂടി അവനുണ്ടായിരുന്നു. മുന്നിൽ നിൽക്കുന്നയാൾ ബഹുമാനിക്കപ്പെടെണ്ടത് തന്നെ. വസന്തൻ  വിനയകുലീനനായി.
"ചേച്ചി.."..ആ വിളി തീരെ പ്രതീക്ഷിച്ചില്ലെങ്കിലും, ആ കുട്ടി അവനെ നോക്കി
" ചേച്ചി...പന്ത്" എന്ന് പറഞ്ഞതും, " എന്ത്... അനാവശ്യം പറയുന്നോ ? " എന്ന് ആക്രോശിച്ച് അവൻറെ സർവ്വ നാഡീ ഞരമ്പുകളും തളർത്തുന്ന ഒരു നോട്ടവും നോക്കി, അവിടമാകെ ഇളക്കി മറിച്ചിട്ട്, "ആൻസി" പാഞ്ഞു പോയി. തലേന്നുണ്ടായ അതേ അനുഭവം. കുറെ നക്ഷത്രങ്ങളെ മാത്രം കാണാം. മനസ്സിലെ കുറ്റബോധം തിളച്ചു, മറിഞ്ഞു, കവിഞ്ഞൊഴുകി..ഒഴുകിക്കൊണ്ടേ ഇരുന്നു..

Wednesday, February 25, 2015

ജൈവ ഘടികാരം

" സമയം ആറ്  മണി ", പട്ടാളം വേലായുധന്റെ ചുമ കേട്ട്, ചന്ദ്രൻ മൊഴിഞ്ഞു.
അത് ഗോവിന്ദന്റെ എപ്പോൾ വേണമെങ്കിലും വീഴാമെന്ന അവസ്ഥയിലിരിക്കുന്ന ചായക്കടയിലെ എല്ലാവരും കേട്ടെങ്കിലും, ആരും ഗൗനിച്ചില്ല. അത് ചന്ദ്രനെ തെല്ലൊന്നു മ്ലാനനാക്കാതിരുന്നില്ല. പൊതുവെ ദോഷൈക ദൃക്കായ ചന്ദ്രൻ വിട്ടുകളയാനുള്ള ഭാവമേ ഇല്ലായിരുന്നു.
"ഈ ചൊമ ഒരു അരമണിക്കൂർ വെച്ച് ആയിരുന്നെങ്കിൽ സൗകര്യമായിരുന്നു"
ചന്ദ്രൻ അങ്ങിനെ ആണ്. അയാൾ ഉദ്ദേശിക്കുന്ന വിഷയത്തിലേക്ക് ആൾക്കാരെ ആകർഷിക്കാൻ അസാമാന്യ കഴിവ് കൊണ്ട് അനുഗ്രഹീതമാണ് ആ കൊച്ച് ശരീരത്തിലെ മുഴങ്ങുന്ന ശബ്ദം. അതുകൊണ്ട് തന്നെ ചന്ദ്രൻ ആദ്യം സംസാരിച്ചു തുടങ്ങുമ്പോൾ ആരും അങ്ങിനെ എളുപ്പത്തിൽ പ്രതികരിക്കാറില്ല, ചന്ദ്രനതോട്ടു പ്രതീക്ഷിക്കുന്നും ഇല്ല.അസൂയ, മലയാളിയുടെ നവ സ്വഭാവങ്ങളിൽ ഒന്ന് എന്ന് ചന്ദ്രൻ  മനസ്സിലാക്കി വെച്ചിരിക്കുന്നു.
പാരമ്പര്യ ഗുണം കൊണ്ടോ,  സ്വതസിദ്ധ ശൈലികൊണ്ടോ, ആ തിരുവായിൽ നിന്നും നല്ലതൊന്നും കേൾക്കാനുള്ള ഭാഗ്യം ആ നാട്ടുകാർക്കുണ്ടായിട്ടില്ല. ഇത്തരം ചർച്ചകളാണ് ചന്ദ്രൻ എന്ന വിടുവായാൻ ചന്ദ്രൻറെ അസ്ഥിത്വം തന്നെ.

"അധികം താമസിയാതെ തന്നെ അത് അരമണിക്കൂർ ഇടവിട്ട്‌ ആയിക്കൊള്ളും", ഇതിലെങ്കിലും കുടുങ്ങണേ എന്ന് പ്രാർത്ഥിച്ച്, ചൂണ്ട വീണ്ടുമിട്ടു.
"അത്രയും നാൾ ആളുണ്ടാകുമോ എന്ന് സംശയം ആണ്" കുടുങ്ങി !! പതിവ് പോലെ, പ്രകോപനങ്ങൾക്ക് ആദ്യം വശംവദനായത്, ചായക്കടക്കാരൻ ഗോവിന്ദൻ തന്നെ. ആ അംഗീകാരം ഗോവിന്ദന് തന്നെ ഇരുന്നോട്ടെ എന്ന് മറ്റുള്ളവർ തീരുമാനിച്ചുറച്ച പോലെ തോന്നും തുടർന്നുള്ള ചർച്ചയിലെ പങ്കാളിത്തം കണ്ടാൽ. പതിവ് പോലെ അടുത്ത ഊഴം ചെത്ത്കാരൻ സോമനും, തുടർന്ന് ദിവാകരനും, അതിനെ തുടർന്ന് മറ്റുള്ളവരുടെതും ആയിരിക്കും.

സാധാരണ ഗതിയിൽ വർത്തമാന പത്രത്തിലെ പൈങ്കിളി വാർത്തയാണ് ചന്ദ്രൻ ചർച്ചയ്ക്കെടുത്തു ഇടാറുള്ളത്. പ്രതിപക്ഷത്തിന്റെ അനുഗ്രഹം കൊണ്ട് അന്ന് ഹർത്താൽ ആയിരുന്നു. അതുകൊണ്ട് മാത്രമാണ്, ചന്ദ്രൻ പട്ടാളം വേലായുധന്റെ ചുമതന്നെ വിഷയമാക്കിയത്.

പട്ടാളം വേലായുധന്റെ ചുമയ്ക്ക്‌ പ്രത്യേകതകൾ അനവധി ആണ്. അതിന് കൃത്യമായ ഒരു സമയനിഷ്ടയുണ്ട്, സാമന്ന്യം ഭേദപ്പെട്ട ശബ്ദവും.ആദ്യമാദ്യം ദിവസത്തിൽ രണ്ട് നേരം അധികം കൃത്യനിഷ്ട യില്ലാത്തതായിരുന്നു. പിന്നീടത്‌ മൂന്നായി, ആറായി, പന്ത്രണ്ടായി. ഇങ്ങനെ പെരുക്കപ്പട്ടിക പോലെ ഇരട്ടിക്കാൻ കാലയളവ്‌ കുറച്ച് എടുത്തു കേട്ടോ. ആ കാലയളവിൽ തന്റെ പട്ടാള ചിട്ട കൊണ്ടോ, തൊണ്ടയുടെ കൗശലം കൊണ്ടോ, ചുമയ്ക്ക്‌ ഒരു താളബോധം വരുത്താനും, സമയനിഷ്ട വരുത്താനും  പട്ടാളം വേലായുധന് കഴിഞ്ഞു എന്നത് അംഗീകരിച്ച് കൊടുക്കേണ്ടത് തന്നെ ആണ്.ഇപ്പോളത് ഒരുമണിക്കൂർ ഇടവിട്ട്‌, പതുക്കെ തുടങ്ങി, മെല്ലെ നീണ്ട് ഉച്ചസ്ഥായിൽ എത്തി, തിരിച്ച് ശബ്ദം കുറഞ്ഞ് വരുന്ന പാകത്തിൽ ആയിട്ടുണ്ട്.നാൽപ്പത്തി ഒൻപതാമത്തെ വയസ്സിൽ തുടങ്ങിയ ചുമ, ഇത്തരത്തിൽ വളർത്തിയെടുക്കാൻ പതിനഞ്ച് വർഷം എടുത്തു. ഒരു  നീണ്ട കാലയളവ്‌!

സ്വന്തം പുരയിടത്തിൽ, കഴിഞ്ഞ പത്തൊൻപത് വർഷമായി ഒരു ധിക്കാരിയെ പോലെ കഴിയുകയാണ് വേലായുധൻ. അധികമാരും കടന്ന് ചെല്ലാത്ത തന്റെ സാമ്രാജ്യത്തിൽ തനിക്കാവശ്യമുള്ളതെല്ലാം സ്വന്തമായി ഉണ്ടാക്കി, ഏറെക്കുറെ സ്വയം പര്യാപ്തനായാണ് വേലായുധൻ കഴിയുന്നത്‌.ഒന്നര ഏക്കറോളം വരുന്ന പുരയിടത്തിൽ വിളയിക്കാവുന്നതെല്ലാം വിളയിച്ച്‌ , തനിക്കാവശ്യമുള്ളവ കഴിഞ്ഞ് ബാക്കിയുള്ളവ സമീപത്തുള്ള നഗരത്തിലെ കമ്പോളത്തിൽ കൊണ്ട് പോയി വിറ്റ്, ആവശ്യമുള്ള സാധനങ്ങളും വാങ്ങി തിരിച്ചു വരും. ഈ യാത്രയാണ് വേലായുധനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്.

മഹാനഗരത്തിന് അടുത്ത് കിടക്കുന്ന ഒരു കൊച്ച് ദ്വീപാണ് നമ്മുടെ കഥാപാത്രങ്ങളുടെ ആവാസ കേന്ദ്രം. കോർപറേഷൻ പരിധിയിൽ ആണെങ്കിലും, തൊണ്ണൻ തുരുത്തിലേക്ക് കുടിവെള്ളമോ, വൈദ്യുതിയോ, മറ്റ് പ്രാഥമിക സൗകര്യങ്ങളോ നൽകാതിരിക്കാൻ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. തുരുത്തിലുള്ള പതിനാല് വീടുകളിൽ ഏറ്റവും വലുതും, ആകെ ഭൂപ്രദേശത്തിന്റെ മൂന്നിലൊന്നും, ജനസംഖ്യയിൽ ഒന്നര ശതമാനവും വേലായുധനു സ്വന്തം.

മറ്റുള്ളവരെല്ലാം വേലായുധന് പൊടി കിറുക്ക് ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും, ആ ആക്ഷേപത്തെ നിരർത്ഥകമാക്കിയും, അർത്ഥവത്താക്കിയും വേലായുധൻ ജീവിച്ചു പോന്നു. വേലായുധന്  ബന്ധങ്ങളില്ല, കടപ്പാടുകളില്ല, വേദനകളില്ല, ആ മുഖത്തിനും ജീവിതത്തിനും എന്നും ധാർഷ്ട്യമാണ്. ആരെയും കൂസതെയും, അശ്രയിക്കാതെയും ഉള്ളൊരു ജീവിതം.

പത്താം തരം കടന്നപ്പോൾ, വർത്തമാനപത്രം വഴിയറിഞ്ഞ മിലിട്ടറി റിക്രൂട്ട്മെന്റ്ന്, അനാഥാലയത്തിലെ അൽഫോണ്‍സാമ്മയുടെ എതിർപ്പ് വകവയ്ക്കാതെ പോവുകയായിരുന്നു.രണ്ടാം ലോകമഹായുദ്ധത്തിന്റെയും, ഇന്ത്യ - പാക്ക്, ഇന്ത്യ-ചൈന യുദ്ധങ്ങളുടെയും ഓർമ്മകളിൽ ആണ് വേലായുധൻ ജീവിക്കുന്നത്.

നാൽപ്പത്തി അഞ്ചാമത്തെ വയസ്സിൽ, പട്ടാളത്തോട് വിടപറഞ്ഞ്, തൊണ്ണൻ തുരുത്തിൽ താമസം തുടങ്ങിയ ആദ്യത്തെ തൊണ്ണൻതുരുത്ത്കാരൻ ആണ് പട്ടാളം വേലായുധൻ എന്ന് തെല്ലൊരു ആരാധനാ ഭാവത്തിൽ ചായക്കടക്കാരൻ ഗോവിന്ദൻ പറയും.പിന്നീട് വന്ന തൊണ്ണൻ തുരുത്തുകാരെല്ലാം അവഗണനയുടെയും, ബന്ധങ്ങളുടെയും ബലിയാടുകൾ ആണെന്നും.

എഴുമണിക്കുള്ള ചുമ കേട്ടപ്പോൾ ആണ് കടയടയ്ക്കാൻ  സമയമായി എന്ന് ഗോവിന്ദന് ബോധ്യമായത്.അപ്പോളേക്കും ചന്ദ്രൻ തുടങ്ങിവെച്ച ചർച്ച, വേലായുധന്റെ ചുമയും കടന്ന് , ദേശീയ അന്തർദേശീയ വിഷയങ്ങളിൽ എത്തിയിരുന്നു.ഗോവിന്ദൻ കടയടച്ചതോടെ എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി.

എഴുമണിയുടെ ചുമയും കഴിഞ്ഞ്, വേലായുധൻ റേഡിയോ ഓണ്‍ ചെയ്തു. ഇനി ഒൻപത് മണിവരെ  റേഡിയോ കേട്ടിരിക്കും. അതാണ്‌ പതിവ്. അൽഫോണ്‍സാമ്മ സ്കൂൾ രജിസ്റ്ററിൽ കുറിച്ച കണക്ക് പ്രകാരം, അറുപത്തിനാല്  വയസ്സായി .  രണ്ടര നാഴിക പുലർച്ചെ എഴുന്നേറ്റ് നടക്കാനിറങ്ങിയാൽ, പുരയിടമെല്ലാം ചുറ്റി വീട്ടിൽ എത്തുമ്പോൾ ആറുമണിക്കുള്ള ചുമയ്ക്കുള്ള സമയമാകും.വീട്ടിലെ ജോലികളെല്ലാം തീർത്ത്, പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ഒൻപത് മണി. അതുകഴിഞ്ഞ്, വർത്തമാന പത്രം ഒന്ന് ഓടിച്ച് നോക്കിയിട്ട് പറമ്പിലേക്ക് വീണ്ടും ഇറങ്ങുകയായി. ആതിനുള്ളിൽ പറമ്പിൽ ചെയ്യേണ്ട ജോലികളുടെ വ്യക്തമായ രൂപം മനസ്സിൽ രൂപപ്പെടുത്തിയിട്ടുണ്ടാകും. തിരികെ വരുന്നത് ഒരുമണിക്കുള്ള ചുമയ്ക്കാണ്. ഉച്ചയൂണും കഴിഞ്ഞ്, വരാന്തയിലിട്ടിരിക്കുന്ന ചാരുകസേരയിൽ നീണ്ടു നിവർന്ന് കിടന്ന് വിശദമായ പത്രം വായനയാണ്. വായിക്കുമ്പോൾ കാഴ്ചയ്ക്ക് മങ്ങൽ അനുഭവപ്പെട്ടപ്പോൾ, നഗരത്തിൽ പോയവഴി ഒരു കണ്ണട വാങ്ങി.സൗജന്യമായി കണ്ണ് ടെസ്റ്റ്‌ ചെയ്ത് കുര്യൻ ഡോക്ടർ കൊടുത്ത കണ്ണടയാണ്‌. കഴിഞ്ഞ മാസം പത്രം വായിക്കാൻ എടുത്തപ്പോൾ, താഴെ വീണ് അതിന്റെ ഒരു കാലൊടിഞ്ഞു. അത് കൂട്ടിക്കെട്ടി വെച്ചിരിക്കുകയാണിപ്പോൾ. അതുകൊണ്ട് ചാരിക്കിടന്നുള്ള വായനയ്ക്ക് കുറച്ച് അസൗകര്യം തോന്നുന്നുണ്ട്.

സാധാരണഗതിയിൽ എന്തിന് കേടുപാട് വന്നാലും, അടുത്ത തവണത്തെ നഗരയാത്രയിൽ അത് പരിഹരിക്കാറുള്ള വേലായുധൻ, എന്തുകൊണ്ടോ കഴിഞ്ഞ രണ്ട് തവണ പോയപ്പോളും ആ കണ്ണട നന്നാക്കാൻ എടുത്തില്ല.

അവസാനം വായിക്കുന്ന മരണം കോളം എത്തുമ്പോളേക്കും മയങ്ങിയിരിക്കും. ആ മയക്കം ഉണരുന്നത് അഞ്ച് മണിയുടെ നീണ്ട ചുമയുമായിട്ടാണ്. ചായയിട്ട് കുടിച്ച്, രാത്രിക്കുള്ള ഭക്ഷണം ശരിയാക്കി, കുളിച്ച്, സന്ധ്യാനാമം ചൊല്ലി കഴിയുമ്പോഴേക്കും മണി ഏഴ് ആയിരിക്കും.

കേരളത്തിൽ വയോജനങ്ങൾ കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്നതിനെ കുറിച്ച് ഡോക്ടർ രാമചന്ദ്രന്റെ പ്രഭാഷണത്തെ കുറിച്ചാണ് അന്ന് കിടക്കാൻ നേരം വേലായുധൻ ആലോചിച്ചത്. പതിവ് പോലെ ആ പ്രഭാഷണത്തെയും തന്റെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കി. ചിന്തകൾ മനസ്സിനെ മഥിച്ചു. അന്ന് വേലായുധൻ വിളക്ക് അണച്ചില്ല. ആദ്യമായി അയാൾ ഇരുട്ടിനെ ഭയപ്പെടാൻ തുടങ്ങി. രാവിൻറെ അന്ത്യയാമത്തിൽ ഏതോ ഒരു കാറ്റ്, ആ നാളവും കെടുത്തി കടന്ന് പോയി. തൊണ്ണൻ തുരുത്തിന്റെ അന്നത്തെ പ്രഭാതത്തെ ഉണർത്താൻ പട്ടാളം വേലായുധൻറെ ചുമ ഉണ്ടായിരുന്നില്ല.

Tuesday, February 24, 2015

ലഹരി

നീ ഭീരുവിനൊരു കവചവും,
ധൈര്യശാലിക്കൊരു ധിക്കാരവും,
അവശന്റെ ശക്തിയും,
ശക്തന്റെ ബലഹീനതയും ആകും..
നീ പണ്ഡിതനെ പാമരനും,
പാമാരനെ പണ്ഡിതനും,
കുചേലനെ കുബേരനും,
കുബേരനെ കുചേലനും ആക്കും.


Saturday, February 14, 2015

തൊട്ടുരുമ്മിയിരിക്കുന്ന മണ്‍തരികളും
അണമുറിയാത്ത സാഗരവും
ചലിക്കുമീ വായുവും നമ്മെ ബന്ധിപ്പിക്കുമ്പോൾ,
കാതങ്ങൾ നമ്മളെ അകറ്റുന്നതെങ്ങിനെ കാതരേ..
നിന്നെയറിയുന്നു  ഞാനവയിലോരോന്നിലും..