Sunday, August 23, 2015

ശുചിത്വമില്ലാത്ത ആരോഗ്യരംഗം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓപറേഷൻ തീയറ്ററിൽ ഓണ സദ്യ വിളമ്പിയത് ആരോഗ്യ രംഗത്തെ അനാരോഗ്യകരമായ പ്രവർത്തനങ്ങളിൽ ഏറ്റവും അവസാനം ശ്രദ്ധിക്കപ്പെട്ടത് മാത്രം ആകാം. ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയിട്ട് കാണുന്നതിനു പകരം, ആരോഗ്യ രംഗത്ത് ഇപ്പോൾ നിലവില ഉള്ള അനാരോഗ്യ പ്രവണതകൾ പരിഹരിക്കാനുള്ള ശ്രമത്തിനുള്ള ഒരു മുന്നറിയിപ്പായി കാണേണ്ടിയിരിക്കുന്നു. ഇതിനു മുൻപും ഓണ സദ്യയും, ബിരിയാണിയും, ലഡ്ഡുവും, ജിലേബിയും എല്ലാം ഇതുപോലെ പല ഓപറേഷൻ തീയറ്ററുകളിലും വിതരണം ചെയ്തുകാണും. ഇത് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ഹൈ ടെക് ഹോസ്പിറ്റൽ വരെ എല്ലായിടത്തും കാണാൻ കഴിയും. രോഗികളുടെ വിധേയത്വം കൊണ്ടും, അധികൃതരുടെ അനാസ്ഥ കൊണ്ടും, ആശുപത്രി നടത്തിപ്പുകാരുടെ അറിവില്ലായ്മ കൊണ്ടും, ഡോക്ടർമാരുടെ ഉത്തരവാദിത്തമില്ലായ്മ കൊണ്ടും പലതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതാണ്. ഇത് ഓപ്പറേഷൻ തീയറ്ററുകൾ ഭക്ഷണപ്പുരകൾ ആക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. യോജിച്ച രീതിയിൽ ഉള്ള സൗകര്യങ്ങൾ ഉണ്ടോ, അവ വേണ്ടരീതിയിൽ തന്നെ ആണോ ഉപയോഗിക്കുന്നത്, അങ്ങിനെയുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താനുള്ള പരിശോധനകൾ നടക്കുന്നുണ്ടോ എന്നെല്ലാം പരിശോധിക്കേണ്ടിയിരിക്കുന്നു.
ആരോഗ്യ രംഗത്ത് പിന്തുടരേണ്ട ശുചിത്വ നിയമങ്ങളെക്കുറിച്ച് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശരിയായ രീതിയിൽ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങളും, പരിശീലനങ്ങളും കൊടുക്കേണ്ടതും അവ പിന്തുടരുന്നുണ്ടോ എന്ന് ആശുപത്രി അധികൃതരും, ഡോക്ടർമാരും, സർക്കാർ സംവിധാനങ്ങളും ഉറപ്പ് വരുത്തേണ്ടതും ചെയ്യേണ്ടതാണ് . ഈ രംഗത്തുള്ള ബോധവൽക്കരണം, പൊതുജനങ്ങൾക്കു, അവർക്ക് അവകാശപ്പെട്ട മെച്ചപ്പെട്ട സേവനം ചോദിച്ച് വാങ്ങിക്കാൻ ഉതകുന്ന വിധവും ആകണം. 

 

Wednesday, August 19, 2015

എന്തുകൊണ്ട് പൊതുമേഖല ?

അലഹബാദ് ഹൈ കോടതിയുടെ ഒരു വിധിയുടെ പശ്ചാത്തലത്തിൽ ആണ് ഇങ്ങനെ ഒരു കുറിപ്പിന് മുതിരുന്നത്. സുപ്രധാന വിധിയിലൂടെ ഉത്തർപ്രദേശിൽ, സർക്കാർ ജോലിക്കാരും, രാഷ്ട്രീയക്കാരും, നിയമ പലകരും ഉൾപ്പെടെ സർക്കാർ ശമ്പളമോ, ആനുകൂല്യങ്ങളോ പറ്റുന്ന എല്ലാവരും അവരുടെ കുട്ടികളെ സർക്കാർ സ്കൂളുകളിൽ അയക്കുന്നു എന്ന് ഉറപ്പ് വരുത്താൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒറ്റയടിക്ക് അപ്രായോഗികം എന്ന് തോന്നാവുന്ന ഒരു വിധി ആണ് ഇതെങ്കിലും, ആ വിധിയുടെ അന്തസത്ത വായിച്ചെടുത്ത്, അതിനനുസരിച്ച് സർക്കാർ സംവിധാനങ്ങളും, ഉദ്യോഗസ്ഥരും, പൊതുജനങ്ങളും പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

സാമൂഹിക, സാമ്പത്തിക വളർച്ചയുടെ ഭാഗമായി, സർക്കാർ സ്കൂളുകളിലും, ആശുപത്രികളിലും എത്തുന്നതിൽ ഭൂരിപക്ഷവും സമൂഹത്തിൻറെ താഴെ തട്ടിൽ ഉള്ളവരും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ആയി മാറിക്കൊണ്ടിരിക്കുകയാണ്. മെച്ചപ്പെട്ട ജീവിത, തൊഴിൽ സാഹചര്യങ്ങൾ അനുഭവിക്കുന്നവർ തങ്ങളുടെ കുട്ടികൾ നല്ല നിലവാരത്തിൽ ഉള്ള വിദ്യഭ്യാസം,  നല്ല സാഹചര്യത്തിൽ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണ്. ഇത് തന്നെ ആണ്, ആശുപത്രികളുടെ കാര്യത്തിലും. സർക്കാർ സ്കൂളുകളിലെയും, ആശുപത്രികളിലെയും നിലവാരം സ്വകാര്യ രംഗത്തെ നിലവാരവുമായി ശരിയായ താരതമ്യം പലപ്പോളും നടക്കുന്നില്ല എങ്കിലും, സർക്കാർ സംവിധാനങ്ങളിൽ ജനങ്ങൾക്കുള്ള തൃപ്തി ഇല്ലായ്മയും, വിശ്വാസമില്ലായ്മയും ശരിയായ അർത്ഥത്തിൽ പരിഗണിക്കുന്നില്ല എന്ന് പറയാതെ വയ്യ.

സ്വകാര്യ മേഖലയിലേക്ക് ജനം പോകുന്നത്, പണം ഉള്ളതുകൊണ്ട് മാത്രം അല്ല. സർക്കാർ സംവിധാനത്തിന് മെച്ചപ്പെട്ട നിലവാരം നിലനിർത്താൻ കഴിയാത്തത് കൊണ്ട് കൂടിയാണ്. സ്വകാര്യ മേഖലയുടെ അനിയന്ത്രിതമായ ചൂഷണത്തിലൂടെ ജനം പാപ്പരാകുമ്പോളും, പൊതുമേഖലയ സംരക്ഷിക്കാനുള്ള ഒരു ശ്രമവും നടക്കുന്നില്ല എന്നത് ഖേദകരം ആണ്. സ്വകാര്യ മേഖലയിൽ മുടക്കുന്ന പണത്തിൻറെ പകുതി ഗുണഭോക്താക്കളിൽ നിന്നും തന്നെ ഈടാക്കി , പൊതുമേഖലയുടെ നിലവാരം ഉയർത്താൻ ഉപയോഗിച്ചാൽ അത് മതിയാകും ഇന്നത്തെ ഈ ശോചനീയാവസ്ഥ മാറ്റാൻ . ഇത് സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന അടിസ്ഥാന സൗകര്യ വികസനം മുതൽ,  ശുചിത്വം, സേവനത്തിൻറെ ഗുണ നിലവാരം, കസ്റ്റമർ കെയർ , പ്രൊഫഷണലിസം തുടങ്ങി എല്ലാ രംഗത്തും വേണം.

പൊതു മേഖലയുടെ നിലവാരം ഉയർത്താനുള്ള ശ്രമം സർക്കാരിൻറെ ഭാഗത്ത് നിന്നും, ജീവനക്കാരുടെ ഭാഗത്ത് നിന്നും, സർക്കാർ ശമ്പളം പറ്റുന്നവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെങ്കിൽ, അവിടുത്തെ സേവനം തന്നെ ആണ് അവർക്കും കിട്ടുക എന്ന നില വരണം. അങ്ങിനെ വന്നാൽ പൊതുമേഖല എല്ലാവരാലും അവഗണിക്കപ്പെട്ടു കിടക്കുന്ന പട്ടിണി പാവങ്ങൾക്ക് മാത്രം ഉള്ള നിലവാരം ഇല്ലാത്ത ഒരിടം ആയി മാറില്ല. നിലവാരം ഉള്ള സേവനം മിതമായ ചിലവിലും, പാവപ്പെട്ടവർക്ക് സൗജന്യമായും ഏർപ്പെടുത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. 

Sunday, August 16, 2015

ഉണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്നതും,ഇല്ല എന്ന് വിമതർ/ നിരാശർ വാദിക്കുന്നതും, ഉണ്ടെന്ന ഭാവത്തിൽ ഭരണകൂടം നിഷേധിക്കുന്നതും ആയ എന്തോ ഒന്നാണ് ജനാധിപത്യത്തിൽ സ്വാതന്ത്ര്യം !!

ദൈവമാക്കാം !!

 നന്മതൻ മരം നട്ട മഹാരഥന്മാരെയെല്ലാം ദൈവമാക്കി,
പടർന്ന് പന്തലിച്ച മരത്തിനു കീഴെ കുടിയിരുത്താം.
ചില്ലകൾ തോറും കൊടിതോരണങ്ങൾ ഞാട്ടി അലങ്കരിക്കാം,
ഇരുളിൽ, ഊഞ്ഞാൽ കെട്ടിയാടി തലമണ്ടയ്ക്ക് ചവിട്ടാം.
ചർവ്വണം ചെയ്ത തത്വ സംഹിതകൾക്ക് മുകളിലടയിരിക്കാം,
അടയാളങ്ങൾ തെളിച്ച് കാട്ടി, എതിരാളികളെ പുലഭ്യം പറയാം.



വർത്തമാനകാലത്തിൽ ഗാന്ധിയെയും, ശ്രീ നാരായണ ഗുരുവിനെയും, കാൾ മാർക്സിനെയും എല്ലാം  ദൈവമായും, അവരുടെ ആദർശങ്ങളെ മതമായും പ്രഖ്യാപിക്കുന്നതാണ് എളുപ്പം. കഴുത്തിൽ കെട്ടി തൂക്കി, അടയാളങ്ങൾ കാണിച്ച് നടന്നാൽ മതിയല്ലോ, അവയുടെ സാക്ഷാത്കാരം അസാദ്ധ്യമായി അംഗീകരിക്കപ്പെട്ടോളും !

Friday, August 14, 2015

നട്ടു നനച്ച് താലോലിച്ചു വളർത്തി,
വഴി തെറ്റി വളർന്ന തളിരുകളെല്ലാമിറുക്കി,
ചങ്ങലകൾ കെട്ടി തളച്ചിടുമ്പോൾ,
തഴച്ചു വളരാൻ കൊതിച്ച ജൈവാഗ്രങ്ങൾ
മൂത്ത് മുരടിച്ച വളർച്ചയുടെ നോവുമായ്
വിമോചന സ്വപ്‌നങ്ങൾ നെയ്യുമെന്നോർക്കുക !!

Tuesday, August 4, 2015

ഭേദഗതി പിൻവലിച്ച് പാച്ചുവും ഗോപാലനും തെറ്റ് തിരുത്തി എന്ന് പറയുന്നത്, കളവ് കണ്ടുപിടിച്ചപ്പോൾ, കട്ട മുതൽ തിരിച്ച് കൊടുത്ത് കള്ളൻ നിരപരാധിയായി മാറുന്നത് പോലെ ആണ്. 
എനിക്കെൻറെ ഭൂമിയും വനവും നിഷേധിച്ച നിങ്ങൾ
വളച്ചുകെട്ടും മേലാളന്മാർക്കോശാന പാടുമ്പോൾ
ഓർക്കുക, കുടിലിന്നുള്ളിൽ പുകയും തീക്കനൽ
ആളിക്കത്തും ഒരുനാൾ, അന്നത് ചുട്ടെരിക്കും ചട്ടങ്ങൾ !!
ഭൂനിയമ ഭേദഗതി ആർക്കുവേണ്ടി?
1960ലെ ഭൂവിനിയോഗ നിയമ (ലാന്‍ഡ് അസൈന്‍മെന്റ് ആക്ട്)ലെ ചട്ടങ്ങളിൽ ഒരു അസാധാരണ വിഞാപനത്തിലൂടെ ഇറക്കേണ്ടത്തിന്റെ ആവശ്യകത എന്തായിരുന്നു? 1971 വരെയുള്ള കൈയേറ്റങ്ങള്‍ക്ക് മാത്രം പട്ടയം നല്‍കാന്‍ വ്യവസ്ഥയുള്ള നിലവിലെ ചട്ടം മാറ്റി 2005 വരെയുള്ള കയ്യേറ്റങ്ങൾക്ക് പട്ടയം നൽകാനുള്ള രഹസ്യനീക്കം ഭരണ തലത്തിൽ സ്വാധീനം ഉള്ള ഭൂ-റിസോര്‍ട്ട് മാഫിയകളും, അവരുടെ പങ്ക് പറ്റുന്ന രാഷ്ട്രീയ നേതൃത്വവും ചേർന്നുള്ള ഒത്തുകളിയാകാനാണ് സാദ്ധ്യത. ഭൂമിക്കു വേണ്ടി നില്പ് സമരം നടത്തിയ ആദിവാസികളെ പറ്റിച്ചു ആദ്യം ഇരുത്തുകയും, പിന്നെ കിടത്തുകയും ചെയ്തതും ഈ അവിശുദ്ധ കൂട്ടുകെട്ടല്ലേ ?