Sunday, October 27, 2013

വേഷപ്പകർച്ച

നിഷാദ ചിഹ്നങ്ങളഴിച്ചു മാറ്റി
അജ്ഞാത വാസത്തിനിറങ്ങി തരിച്ചു
യാത്രയിലാർജ്ജിച്ച തന്ത്രങ്ങളുമായ്
വേഷപ്പകർച്ചയ്ക്ക് കോപ്പുകൂട്ടി
കുന്തിച്ചിരുന്നങ്ങു ആലോചിച്ചു
ആലോചിച്ചിരുന്നങ്ങു ഉറങ്ങിപ്പോയി
സ്വപ്നത്തിലങ്ങിനെ നീരാടുമ്പോൾ
ഹമ്പടാ, വരുന്നു ആശയങ്ങൾ
ഇക്കിളി ചിന്തകൾ മൂടി വെച്ച്
തത്വചിന്തയിൽ തന്നെ പയറ്റിടെണം
മൂടണം ചുറ്റിലും വല്മീകം കൊണ്ട്
കാണണം ചുറ്റിലും, തന്നെയോഴിച്ചു
വചനത്തിനൊത്തൊരു നാമമാക്കി
പ്രഘോഷണ വർഷമാരംഭിച്ചു
മറന്നില്ല, വല്മീകത്തിനുള്ളിലായ്
സഞ്ചാരയോഗ്ഗ്യമൊരു തുരങ്കം തീർക്കാൻ 

Monday, October 14, 2013

കടങ്കഥ;)

കിട്ടണമെന്ന് എല്ലാവർക്കും ആഗ്രഹവും, പലർക്കും കിട്ടാത്തതും.
കിട്ടുന്നവർക്ക് അഹങ്കാരവും , കിട്ടാത്തവർക്ക് കുശുമ്പും
കിട്ടുന്നവർ ആദ്യം വാഴ്ത്തുന്നതും, പിന്നീട് ചിലർ തിരുത്തുന്നതും
കിട്ടുന്നവരിൽ ചിലർ ആദ്യം ഭ്രമിക്കുന്നതും, പിന്നീട് പരിഭ്രമിക്കുന്നതും
കൊതിപ്പിക്കുന്നതും, നിരാശപ്പെടുത്തുന്നതും
ആദ്യം സുഖിപ്പിക്കുന്നതും, പിന്നീട് കരയിപ്പിക്കുന്നതും
ശാശ്വതമാണെന്നാ വെപ്പ്, എന്നാൽ കണ്ടെത്താൻ വിഷമം

Sunday, October 13, 2013

നിഷേധ വോട്ട്

ജനാധിപത്യത്തിൽ  തെരങ്ങേടുക്കുന്നതോടൊപ്പം തിരസ്കരിക്കാനും ഉള്ള അവകാശവും വരുന്നു.  മോശമായത്തിൽ നിന്നും, നല്ലത് തെരഞ്ഞെടുക്കേണ്ട ഗതികേടോ, അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ആണ് ജനങ്ങൾക്ക്‌ കഴിഞ്ഞിരുന്നത്. എന്നാൽ ഇത് ഇത് പ്രവർത്തികമാകുന്നതോടെ ജനാധിപത്യത്തിൻറെ ഒരു വളർച്ച ആയിട്ട് തന്നെ ഇതിനെ കാണണം.

Thursday, October 3, 2013

ഞാൻ കണ്ട ഗാന്ധി

ഓർമ്മകളിൽ കാണാം, പാഠപുസ്തകത്തിൽ പഠിച്ചൊരത്ഭുതത്തെ 
അർദ്ധ നഗ്നനാം ഫക്കീറിൻ ശാന്തവദനം, സ്നേഹം, ത്യാഗം 
ആത്മബലംകൊണ്ട് സാമ്രാജ്യം തകർത്തൊരാ തേജോഗുണത്തെ 
രാമരാജ്യം തേടി ഗ്രാമഗ്രാമാന്തരങ്ങൾ താണ്ടിയ സത്യാന്വേഷിയെ 
കൊടിനിറം അധികാര ചിഹ്നമായ് മാറിയപ്പോൾ
മൂകമായ് പ്രതിഷേധിച്ച സത്യവിശ്വാസിയെ 
വെട്ടിമുറിച്ചപ്പോൾ, വിശ്വാസപ്രമാണികൾ ഉടുമുണ്ട്മാറ്റി 
അടയാളം നോക്കി കുലവും വംശവും 
സംരക്ഷിച്ചും, സംഹരിച്ചും കൂത്താടിയപ്പോൾ 
രാമനാമം ജപിച്ചോടി നടന്നൊരു വിശ്വാസിയെ  
വിശ്വാസം തന്നെ തോക്കിൻ കുഴലായ് കവർന്നൊരാ മഹാത്മാവിനെ 
ഒടുവിലൊരു നാണയ തുട്ടായ്, വീഥിയായ്, 
പ്രതിമയായ്, പദ്ധതിയായ്, 
എല്ലാത്തിനും മൂകസാക്ഷിയാകാനായ് 
തളച്ചിട്ട ചിത്രമായ്‌ കാണുന്നു ഞാൻ. 
കണ്ടു, ആ നാമം ഗർവ്വിന്നടയാളമായ് അവതരിച്ചതും  
പുതിയ ജനാധിപത്യ രാജവംശമായ് പരിണമിച്ചതും 
ഓർമ്മിക്കപ്പെടാനായൊരുദിനവും, അടയാളങ്ങളുമില്ലായിരുന്നെങ്കിൽ 
ഞങ്ങളെന്നേ  മറന്നു പോയേനെ അങ്ങയെ