ഓർമ്മകളിൽ കാണാം, പാഠപുസ്തകത്തിൽ പഠിച്ചൊരത്ഭുതത്തെ
അർദ്ധ നഗ്നനാം ഫക്കീറിൻ ശാന്തവദനം, സ്നേഹം, ത്യാഗം
ആത്മബലംകൊണ്ട് സാമ്രാജ്യം തകർത്തൊരാ തേജോഗുണത്തെ
രാമരാജ്യം തേടി ഗ്രാമഗ്രാമാന്തരങ്ങൾ താണ്ടിയ സത്യാന്വേഷിയെ
കൊടിനിറം അധികാര ചിഹ്നമായ് മാറിയപ്പോൾ
മൂകമായ് പ്രതിഷേധിച്ച സത്യവിശ്വാസിയെ
വെട്ടിമുറിച്ചപ്പോൾ, വിശ്വാസപ്രമാണികൾ ഉടുമുണ്ട്മാറ്റി
അടയാളം നോക്കി കുലവും വംശവും
സംരക്ഷിച്ചും, സംഹരിച്ചും കൂത്താടിയപ്പോൾ
രാമനാമം ജപിച്ചോടി നടന്നൊരു വിശ്വാസിയെ
വിശ്വാസം തന്നെ തോക്കിൻ കുഴലായ് കവർന്നൊരാ മഹാത്മാവിനെ
ഒടുവിലൊരു നാണയ തുട്ടായ്, വീഥിയായ്,
പ്രതിമയായ്, പദ്ധതിയായ്,
എല്ലാത്തിനും മൂകസാക്ഷിയാകാനായ്
തളച്ചിട്ട ചിത്രമായ് കാണുന്നു ഞാൻ.
കണ്ടു, ആ നാമം ഗർവ്വിന്നടയാളമായ് അവതരിച്ചതും
പുതിയ ജനാധിപത്യ രാജവംശമായ് പരിണമിച്ചതും
ഓർമ്മിക്കപ്പെടാനായൊരുദിനവും, അടയാളങ്ങളുമില്ലായിരുന്നെങ്കിൽ
ഞങ്ങളെന്നേ മറന്നു പോയേനെ അങ്ങയെ
No comments:
Post a Comment