Friday, May 30, 2014

പ്രണയം

പ്രണയം ഒരു ഇളംതെന്നലായ്
മെല്ലെ തഴുകി കടന്നു വന്നപ്പോൾ
കൊരിത്തരിച്ചവർ മുറുകെ കെട്ടിപ്പിടിച്ചു..
പ്രണയം ഒരു വസന്തമായ്‌ പടർന്നപ്പോൾ 
വർണ്ണങ്ങളുടെ അഭൗമ ലോകത്തിലവർ നീരാടി..
പ്രണയം തുലാവർഷമായ് പെയ്തിറങ്ങിയപ്പോൾ
ആവേശത്താൽ വാരിപ്പുണർന്നു ചൂടുപകർന്നു..
ചൂട് തീയായാളിപ്പടർന്നപ്പോൾ പ്രണയം ചുവന്നു..
ആ ചുവപ്പാലവരെ വെള്ളപുതച്ച് കിടത്തി
മോക്ഷം കിട്ടാൻ കാവിയുടുത്ത്‌ കാശിക്ക് പോയി..

Monday, May 26, 2014

പ്രതീക്ഷ

പ്രധാനമന്ത്രി ആയിട്ട് ഇതിന് മുൻപും ഇഷ്ടമുള്ളവരും, അല്ലാത്തവരും വന്നിട്ടുണ്ടെങ്കിലും, ഇത്തവണത്തേതു പോലെ ഒരു ആവേശമോ, പ്രതീക്ഷയോ, അഭിമാനമോ പകർന്ന് തന്നിട്ടുണ്ടോ എന്ന് സംശയം ആണ്. പല പേരിലും മുദ്രകുത്തപ്പെട്ടിട്ടുള്ള നരേന്ദ്ര മോഡി എന്ന വ്യക്തി ആ സ്ഥാനത്തേക്ക് കടന്നു വരുമ്പോൾ, പറഞ്ഞു കേട്ട കാര്യങ്ങളെക്കാൾ മുന്നിട്ടു നിൽക്കുന്ന ഒരു വ്യക്തിത്വം അദ്ദേഹത്തിൽ കാണാൻ കഴിയുന്നു. കണ്ടുമടുത്ത സമവാക്യങ്ങൾ പലതും മാറ്റപ്പെടുന്നു. ഭാരതീയൻ എന്ന അഭിമാനം വളർത്തുന്നതിൽ ശക്തമായ നേതൃത്ത്വം പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇന്ന് നരേന്ദ്ര മോഡിക്ക് അതിനു കഴിയുന്നു എങ്കിൽ, അദ്ദേഹത്തെ ബഹുമാനിക്കാതിരിക്കാൻ കാരണങ്ങൾ കാണുന്നില്ല.സാർക് രാജ്യത്തലവന്മാരെ എല്ലാവരെയും ക്ഷണിച്ചു വരുത്തുന്നതോടെ, മേഘലയിൽ ഒരു സഹവർത്തിത്വത്തിൽ അധിഷ്ടിതമായ വളർച്ചയും , സ്ഥിരതയും ഉണ്ടാക്കുന്നതിൽ ഭാരതത്തിന്‌ നേതൃത്ത്വം കൊടുക്കാൻ കഴിയും എന്ന ഒരു സൂചന കൊടുക്കാൻ കഴിയുന്നുണ്ട്. അടിസ്ഥാന പ്രശ്നങ്ങളിൽ അധിഷ്ടിതമായ ഒരു നല്ല ഭരണം കാഴ്ച വയ്ക്കാൻ അദ്ദേഹത്തിനും കൂട്ടർക്കും കഴിയട്ടെ എന്ന് ആശംസിക്കാം. മുൻധാരണകൾ മാറ്റി വച്ച് അതിനു പിന്തുണ നൽകാൻ നമുക്കും തയ്യാറാകാം.


Saturday, May 17, 2014

ഡൽഹി

ഗോപ്യമായതെന്തോ ആകർഷണമാക്കി
മാടിവിളിച്ചെന്നെ രാവിന്നന്ത്യയാമത്തിൽ
ദൂഷ്യ വചനങ്ങൾ കേട്ടറിഞെങ്കിലും
പിന്തിരിയാൻ മടിച്ചു കാമാർത്തമാനസം..
വന്നണഞ്ഞു ശങ്കിച്ചു നിന്നെന്നിൽ
നിൻ ബലിഷ്ട കരം ഗ്രസിച്ചപ്പോൾ
ഭയചകിതനായ് കൈകുടയാൻ ശ്രമിച്ചുവോ?
അരണ്ട വെളിച്ചത്തിൽ കണ്ടില്ല
നിൻ സുന്ദര(?) വദനവും ആകാരസൗഷ്ടവവും
മടിച്ചുനിൻ പുറകെ നടന്നപ്പോൾ
ശമിച്ചിരുന്നു ആ രാവിൻ പ്രലോഭനം..
മനം കവരും നിൻ കുലീന രൂപം കണ്ടുണർന്നപ്പോൾ
മറന്നു രാവിൻ ഭീതിത ഭാവങ്ങൾ..
ക്ഷീണിതനെങ്കിലും, രമിച്ചു മതിവരുവോളം
 മറച്ചുവെച്ചനിൻ മറുപുറം കാണുംവരെ..
കൂലിപറ്റി തിരിഞ്ഞു നടക്കും നിന്നിൽ
ദർശിക്കുന്നതെന്ത് ഭാവം, രൂപം ?
നീയായിരുന്നോ, കുഞ്ഞിൻ വായിൽ മുലതിരുകി
പാതയോരത്ത് വെയിലേറ്റു കിടന്നിരുന്നത്?
ഇന്ത്യാ ഗേറ്റിനു ചുറ്റും ക്യാമറ കണ്ണുകൾ ഒപ്പാൻമടിച്ച,
വിശന്നുറങ്ങും കുഞ്ഞ് നിന്നുടേതോ?
താമരയമ്പലം കാണാൻ  നിരക്കും ജനം കാണാതെ
ചോക്ലേറ്റിൻ എച്ചിൽ തിന്ന് കൊതിമാറ്റുന്നതും,
പച്ച കാത്ത് കിടക്കുന്ന വണ്ടിയിൽ
വൃത്തിയില്ലാതെ കൈ നീട്ടുന്നതും
നിന്റെ പൊന്നോമനകളോ ?
കടും നിറത്തിൽ ചുരിദാർ ചുറ്റി,
കണ്ണെഴുതി പൊട്ട് തൊട്ട് വളയണിഞ്ഞ്
നീട്ടിയ കരത്തിൽ പേടിച്ച് വെച്ച്തന്ന
പത്ത് രൂപ നിനക്കുള്ളതായിരുന്നോ?
ഒരു പുറം കുലീനയും, മറുപുറം ദരിദ്രയും
രാവിൽ ആകർഷണവും, പകലിൽ ഭീതിയും
പരത്തി ജീവിക്കും പാവം ഹിജഡയല്ലേ നീ ?

Friday, May 16, 2014

പുതിയ പ്രതീക്ഷ

പ്രതീക്ഷിച്ചതിൽ നിന്നും, ഒരുപക്ഷേ ആഗ്രഹിച്ചതിൽ നിന്നും വ്യത്യസ്തമല്ല തിരഞ്ഞെടുപ്പ് ഫലം. പത്തു വർഷം ഉറങ്ങിയ നേതൃത്വത്തിനും, വാഗ്ദാനം ആകുമെന്ന് പറഞ്ഞിരുന്ന പുതിയ ബ്രാൻഡ്‌ ചോക്ലേറ്റനും  അർഹിക്കുന്ന അടി തന്നെ ജനം കൊടുത്തു.  പുത്തൻ ചൂലുകൾ കൊണ്ട് മെല്ലെ അടിച്ചാൽ വൃത്തിയാകില്ല എന്ന് ജനം മനസ്സിലാക്കി. അവിടെയും ഇവിടെയും ചിന്നി ചിതറിക്കിടക്കുന്ന മൂന്നാം മുന്നണിയുടെ കെട്ടുറപ്പിൽ ആർക്കെങ്കിലും വിശ്വാസം ഉണ്ടായിരുന്നു എങ്കിൽ, അത് അതിൽ ചിലർക്ക് മാത്രം ആണ്.സമാന്ന്യം ഭേദപ്പെട്ട ഒരു പ്രതീക്ഷ ജനം അർപ്പിച്ചിരിക്കുന്നത് നരേന്ദ്ര മോഡി എന്ന ശക്തനായ നേതാവിൽ ആണ്. അദ്ദേഹത്തിന് അത് നിറവേറ്റാൻ കഴിയട്ടെ . ഇടതു പക്ഷം ഇനിയും അവരുടെ ശരിയായ സ്ഥാനം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ആശയം, പ്രവൃത്തിയിലെക്കും, ജീവിതത്തിലേക്കും, സംസാര രീതിയിലേക്കും മാറിയാൽ മാത്രം നിലനിൽക്കാവുന്ന ഒന്നാണ് അത് എന്ന് ഇനിയെങ്കിലും നേതൃത്വം മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു.


Tuesday, May 13, 2014

കുമിള

അല്പായിസ്സുള്ള ജാലമാണതെങ്കിലും 
തുള്ളിയിലോളിപ്പിച്ച പൊരുളാണത്