Saturday, May 17, 2014

ഡൽഹി

ഗോപ്യമായതെന്തോ ആകർഷണമാക്കി
മാടിവിളിച്ചെന്നെ രാവിന്നന്ത്യയാമത്തിൽ
ദൂഷ്യ വചനങ്ങൾ കേട്ടറിഞെങ്കിലും
പിന്തിരിയാൻ മടിച്ചു കാമാർത്തമാനസം..
വന്നണഞ്ഞു ശങ്കിച്ചു നിന്നെന്നിൽ
നിൻ ബലിഷ്ട കരം ഗ്രസിച്ചപ്പോൾ
ഭയചകിതനായ് കൈകുടയാൻ ശ്രമിച്ചുവോ?
അരണ്ട വെളിച്ചത്തിൽ കണ്ടില്ല
നിൻ സുന്ദര(?) വദനവും ആകാരസൗഷ്ടവവും
മടിച്ചുനിൻ പുറകെ നടന്നപ്പോൾ
ശമിച്ചിരുന്നു ആ രാവിൻ പ്രലോഭനം..
മനം കവരും നിൻ കുലീന രൂപം കണ്ടുണർന്നപ്പോൾ
മറന്നു രാവിൻ ഭീതിത ഭാവങ്ങൾ..
ക്ഷീണിതനെങ്കിലും, രമിച്ചു മതിവരുവോളം
 മറച്ചുവെച്ചനിൻ മറുപുറം കാണുംവരെ..
കൂലിപറ്റി തിരിഞ്ഞു നടക്കും നിന്നിൽ
ദർശിക്കുന്നതെന്ത് ഭാവം, രൂപം ?
നീയായിരുന്നോ, കുഞ്ഞിൻ വായിൽ മുലതിരുകി
പാതയോരത്ത് വെയിലേറ്റു കിടന്നിരുന്നത്?
ഇന്ത്യാ ഗേറ്റിനു ചുറ്റും ക്യാമറ കണ്ണുകൾ ഒപ്പാൻമടിച്ച,
വിശന്നുറങ്ങും കുഞ്ഞ് നിന്നുടേതോ?
താമരയമ്പലം കാണാൻ  നിരക്കും ജനം കാണാതെ
ചോക്ലേറ്റിൻ എച്ചിൽ തിന്ന് കൊതിമാറ്റുന്നതും,
പച്ച കാത്ത് കിടക്കുന്ന വണ്ടിയിൽ
വൃത്തിയില്ലാതെ കൈ നീട്ടുന്നതും
നിന്റെ പൊന്നോമനകളോ ?
കടും നിറത്തിൽ ചുരിദാർ ചുറ്റി,
കണ്ണെഴുതി പൊട്ട് തൊട്ട് വളയണിഞ്ഞ്
നീട്ടിയ കരത്തിൽ പേടിച്ച് വെച്ച്തന്ന
പത്ത് രൂപ നിനക്കുള്ളതായിരുന്നോ?
ഒരു പുറം കുലീനയും, മറുപുറം ദരിദ്രയും
രാവിൽ ആകർഷണവും, പകലിൽ ഭീതിയും
പരത്തി ജീവിക്കും പാവം ഹിജഡയല്ലേ നീ ?

No comments:

Post a Comment