Saturday, August 16, 2014

ശലഭം പൂവിനോട്..

നിൻ ചൊടികളിൽ ഒളിപ്പിച്ചിരിക്കുന്നത്
മധുവോ അതോ അമൃതോ ?
മൃദു ചുമ്പനത്താൽ തൊട്ടുണർത്തട്ടെ ?
ആ ദലപുടങ്ങളെ ?
വിടരും മൊട്ടിൽ വിറയൽ പകർന്നത്‌
നിൻ വികാര തീവ്രതയോ ?
അനർഗ്ഗളം ചുരത്തുമാ ലവണപീയൂഷം
ആവോളം ഞാൻ നുകർന്നിടട്ടെ..
ചിങ്ങം വന്നതറിഞ്ഞിട്ടും
ചിണുങ്ങി നിൽക്കുവതെന്തു നീ
ചെണ്ടുമല്ലീ ?
തളരാതെ വാടാതെ
കളം നിറയ്ക്കാൻ
നീയല്ലാതാരു ഭൂവിൽ ?
-------------------------------------------
തുമ്പുപോലുമില്ല തുമ്പയുടെ
മുക്കിലുമില്ലാ മുക്കുറ്റി
കണികാണാനില്ല കാക്കപ്പൂ
നാട്ടുവഴിയിൽ, തളർവാതം
പിടിച്ചു കിടപ്പൂ കുറുന്തോട്ടി..
കൂട്ടില്ല, പാട്ടില്ല
ആർപ്പുവിളിയില്ലാ-
പൊന്നോണ മുറ്റത്ത്
തനിച്ചിരിക്കാൻ
ഞാനില്ല കൂട്ടരെ..



Friday, August 15, 2014

പതാക

കാവിക്കും പച്ചയ്ക്കുമിടയിൽ
വെളുപ്പ്‌ കാത്തുസൂക്ഷിക്കാൻ
അനന്തമായ ചെറുത്ത് നിൽപ്പുമായ്
ചക്ക്രം ഞെങ്ങി ഞെരുങ്ങി തുടരുന്നു
സാന്നിദ്ധ്യമറിയിക്കാൻ പാടുപെടുന്നു
വർണ്ണങ്ങളൊട്ടനവധി പിന്നാമ്പുറത്ത് 

Wednesday, August 13, 2014

നിങ്ങളിൽ ഒരു മത വർഗ്ഗീയ വാദി ഉണ്ടെങ്കിൽ, ഒരു ഉപമത വാദിയും, ജാതി വാദിയും,  ഉപജാതി വാദിയും, കുടുംബ മഹിമവാദിയും ഉണ്ട്. നിങ്ങൾ ഏതു കൂട്ടത്തിൽ നിൽക്കുന്നുവോ, അതിനനുസരിച്ച് അവയോരോന്നും പുറത്തു വരും

Saturday, August 9, 2014

ചുവന്ന നിഴലുകൾ

വിശുദ്ധ സന്ദേശം
ദാഹം ശമിപ്പിച്ച
ചുട്ടുപഴുത്തമണ്ണ്
വീണ്ടും നനവുണങ്ങി 
തെളിനീർ കൊതിക്കുന്നു..
കരിമ്പടത്തിനുള്ളിൽ
ഉഷ്ണം പൊട്ടിത്തെറിക്കുന്നു..
ചുടുചോര നാവിൽ
മന്ത്രാക്ഷരം ഗർജ്ജിക്കുന്നു
പരിചകളാകുന്നു
പൈതലിൻ  ദേഹവും..
മറുപുറം,
ഗർവ്വിൻ പ്രതിരൂപമത്രെ !
അരുത്, മോഹിക്കയരുത്
നേരും നെറിവും..
യുദ്ധക്കളത്തിൽ
കുഞ്ഞായാലും ശത്രുതന്നെ!
മുകളിൽ,
ഇടംകൈയ്യിൽ വെള്ളരി പ്രാവും
വലംകൈയ്യിൽ ഖഡ്ഗവും പേറി
കറുത്ത കുപ്പായമണിഞ്ഞ
വെളുത്ത സഖ്യം കാവലിരിക്കുന്നു..
ചുവന്ന കണ്ണുകൾ ചുഴറ്റി
നിഷ്പക്ഷ നയതന്ത്രം പയറ്റി
പറന്നിറങ്ങുന്നു ഖനികൾ തേടി..
നട്ടുവളർത്തുന്നു വിഷവിത്തുകൾ..
രണം പകർന്നു ദാഹമകറ്റി,
തലയറ്റ കബന്ധങ്ങൾ
വളമേകി വളർത്തിയ
കനികൾ തിന്നു കൊഴുക്കുന്നു..


Wednesday, August 6, 2014

പുഴു തിന്നു തീർക്കുന്ന
ഇലയുടെ ഹരിതാഭയിൽ
പൂവും ശലഭവും പ്രണയിച്ചു..
നശിച്ചിടുമ്പൊളും,പടുത്തൊരന്നജം
പകർന്നു കൊടുത്തൊരാ തരളമേനിയിൽ
തന്നന്തകൻതൻ പിന്മുറക്കാരൻ
മേയുന്നതോർത്തവൻ
ഞെട്ടറ്റുവീണു മൃത്യു വരിച്ചു

Monday, August 4, 2014

നമുക്ക് ദിനങ്ങൾ
മുറികൾ പകുത്തെടുത്ത്
നിശ്ശബ്ദരായ് പൊക്കാം..
നിശയിൽ,
ഒരേമുറിയിൽ മനമടച്ച്
മുഖപുസ്തകത്തിൽ
മനംതുറന്നു സംവദിക്കാം..
തളച്ചിട്ടൊരെൻ
എഴുത്താണി
തിരിച്ചു തരൂ
മങ്ങിയകാഴ്ചയിൽ
തപ്പിത്തടഞ്ഞു
നടക്കാൻ.