Saturday, September 19, 2015

ശ്രീമാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്, കെടുകാര്യസ്ഥതയ്ക്കും, സങ്കുചിത താൽപര്യങ്ങൾക്കും ഒരു പൊൻതൂവൽ കൂടി !! ഫയർ ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നും ജേക്കബ് തോമസ്സിനെ നീക്കം ചെയ്തതിനെ ന്യായീകരിക്കുന്ന ഭരണ നേതൃത്വം മുന്നോട്ട് വെക്കുന്ന നിയമ നടത്തിപ്പിലെ പ്രായോഗിക വശം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നിയമം തെറ്റിക്കൽ, എന്നതിലെ ഗുരുതരാവസ്ഥ മനസ്സിലാക്കാൻ ഉള്ള വിവേകം രാഷ്ട്രീയ നേതൃത്വത്തിന് ഇല്ല എന്നതിൽ നമ്മുടെ നാട്ടിലെ രീതി അനുസരിച്ച് കുറ്റം പറയാൻ കഴിയില്ല. എന്നാൽ, ഉദ്യോഗസ്ഥൻ സർക്കാർ നയങ്ങൾ നടപ്പാക്കാനും, ഭരണ നിർവ്വഹണത്തിനും ഉള്ള ഉപകരണം മാത്രം ആണെന്ന വിധമുള്ള നല്ല കൊമ്പുള്ള സിവിൽ സർവീസുകാരും, മാധ്യമ പ്രവർത്തകരും പറയുന്നത് കേട്ടപ്പോൾ സ്ഥിതി ദയനീയം എന്ന് പറയാതെ വയ്യ. നിയമ വശങ്ങൾ നോക്കി, നടപ്പിലാക്കി ഭരണ നിർവ്വഹണത്തിൽ പങ്കാളികൾ ആവുക എന്നതാണ് ഉദ്യോഗസ്ഥൻറെ കർത്തവ്യം.

സുരക്ഷിതത്വം, ഏറ്റവും അവഗണിക്കുന്ന ഒരു സമൂഹം ആണ് കേരളീയർ എന്ന് പറയേണ്ടി വരും. അപകടങ്ങൾ ഉണ്ടാകില്ല, അല്ലെങ്കിൽ വല്ലപ്പോളും മാത്രം ഉണ്ടാകുന്ന ഒന്നാണ് എന്ന കാഴ്ചപ്പാടോടെ ആണ് പല സുരക്ഷ നിർദ്ദേശങ്ങളും കാറ്റിൽ പറത്തി, ഇഷ്ടമുള്ള പോലെ കാര്യങ്ങൾ ചെയ്യാനും, ജീവിക്കാനും നമ്മൾ തയ്യാറാവുന്നത്. ഈ നിഷേധ ഭാവം ഹെൽമെറ്റ്‌, സീറ്റ്‌ ബെൽറ്റ്‌, തുടങ്ങി പൊതു സ്ഥലത്തും, കെട്ടിടങ്ങളിലും പുലർത്തേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്ന കാര്യത്തിൽ മലയാളി മനസ്സ് ഒറ്റക്കെട്ടാണ്. അവയെല്ലാം നടപ്പാക്കാതിരിക്കാനുള്ള കുറുക്കു വഴികളോ, പ്രായോഗിക വശങ്ങളോ കണ്ടെത്തി അങ്ങിനെ ഉള്ള എല്ലാ നീക്കങ്ങളെയും എതിർത്ത് തോൽപ്പിക്കാൻ നമുക്ക് എന്നും കഴിഞ്ഞിട്ടുണ്ട്.

ഓണാഘോഷത്തിന്, റോഡിൽ വെള്ളം ചീറ്റിച്ച്‌, മദിച്ചുല്ലസിക്കാൻ ഫയർ ഫോഴ്സ് വാഹനം വിട്ട് കൊടുക്കാൻ വുപ്പുള്ള നാട്ടിൽ, ആയിരങ്ങൾ താമസിക്കുന്ന കെട്ടിടനിർമ്മാണത്തിൽ വെച്ച് പുലർത്തേണ്ട സുരക്ഷാ മനദണ്ഡങ്ങൾ പാലിക്കേണ്ടതില്ല എന്ന "പ്രായോഗിക" ന്യായം വിജയിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനൊള്ളൂ. രാഷ്ട്രീയ നേതൃത്വത്തിന് ഓശാന പാടാനറിയാത്ത, ഒരു സർക്കാരുദ്യോഗസ്ഥനും പ്രായോഗിക വാദിയല്ല എന്നും അറിഞ്ഞിരിക്കുക

No comments:

Post a Comment