Friday, August 30, 2013

അവർ

നിർവ്വികാര - മൂക സാക്ഷികളെ,
വലിച്ചുകീറപ്പെട്ടെൻ മാനം കാക്കാന്നൊരുമുഴം തുണി തരൂ
-------------------------------------------------
ഞാനൊരു കവിയാണ്‌ നിൻറെയീ വിലാപം
ഹൃദയഭേദകമായ ഒരു കാവ്യമാക്കുന്ന തിരക്കിലാണ് ഞാൻ
ആ ചിത്രകാരൻറെ കയ്യിലുള്ള ക്യാൻവാസ് വാങ്ങൂ
-------------------------------------------------
ഈ ക്യാൻവാസോ? ഇത് നിന്റെ ഭാവങ്ങളും, അഴിഞ്ഞ മുടിക്കെട്ടും,
തുറിച്ച അവയവങ്ങളും പകർത്താനുള്ളതാണ്
നിനക്ക് വസ്ത്രം തരാൻ ഇവിടുത്തെ സാംസ്കാരിക നായകർ തയ്യാറാവും
-------------------------------------------------
ഇത് സാംസ്കാരിക അധപ്പതനം ആണ്
ഉപഭോഗ സംസ്കാരത്തിന്റെ ഇരയാണ് നീ
നിന്റെ ഈ അവസ്ഥയ്ക്ക് കാരണമായ
വ്യവസ്ഥിതിക്കെതിരെ തൂലിക പടവാളാക്കും ഞാൻ
നിനക്ക് വസ്ത്രം തന്നു നിന്റെ മാനം കാക്കേണ്ടത്‌ ഭരണകൂടമാണ്‌
-------------------------------------------------
ഹേ ...ഭരണകൂടമേ ...
-------------------------------------------------
നിന്നെ മാനഭംഗപ്പെടുത്തിയവരെ പിടിക്കാൻ
എന്റെ പടയാളികൾ നാലുപാടും പോയിരിക്കുന്നു
പടയാളികളില്ലാതെ എനിക്കൊന്നും ചെയ്യാനാകില്ല
നിന്റെ സംരക്ഷണത്തിനായുള്ള നിയമമുണ്ടിവിടെ
-------------------------------------------------
തുലാസ്സിലാടുന്ന നീതി !!
തലനാരിഴ കീറി പരിശോധിക്കും വയസ്സും, രീതികളും
കണ്ണുകെട്ടി , കാലം പോകുന്നതറിയാതെ വിധിക്കും
എനിക്കെന്റെ നാണം മറയ്ക്കാൻ ആ കറുത്ത തുണിപോലും തരില്ല
-------------------------------------------------
കൂട്ടുകാരേ , പടം പിടിച്ചത് മതിയാക്കി
നിങ്ങളുടെ കയ്യെങ്കിലും ഒരു മറയായ്‌പ്പിടിച്ചെൻ മാനം രക്ഷിക്കൂ

Friday, August 23, 2013

തറവാട്ടുമഹിമ

കൂട്ടിയും കുറച്ചും കണക്ക് പെരുക്കി വീമ്പിളക്കി കാരണവർ
അരയിൽ താക്കോൽക്കൂട്ടവുമയി ചിറ്റമ്മ
അനുസരണാ ശീലമുള്ള ഒരുപറ്റം മാമന്മാർ
കൂട്ടുകുടുംബ വ്യവസ്ഥിതിയെങ്കിലും
അതിരുകൾ നിശ്ചയിച്ചിട്ടുണ്ട്, ഭാഗപത്രത്തിൽ
എങ്കിലുമുണ്ട് മുറുമുറുപ്പുകൾ പലതും
പാരമ്പര്യത്തിൻ കളവു പറഞൊതുക്കുന്നു പലതും
പറ്റാത്തവയെ ഇനം, കുലം തിരിച്ചു പങ്കിടുന്നു

കലഹം മൂത്ത് പോയൊരു രക്തം,
രക്തം ചീറ്റി, രക്തത്താൽ നിലനിൽക്കുന്നൊരു ശത്രു
അതിരിൽനിന്നും മണ്ണും കല്ലും വാരിക്കൂട്ടി വേലിയിളക്കും
ഇടയ്ക്കിടയ്ക്ക്തോണ്ടുന്നു, വെടിപൊട്ടിക്കുന്നു
കണ്ണുകൾ ചൂഴ്ന്നെടുക്കുന്നു, കൊന്നു രസിക്കുന്നു
പ്രതിഷേധത്തിൻ പ്രതിധ്വനിയാലെ
വീടിൻ മോന്തായം ഞെട്ടിപ്പോട്ടുന്നു
വിക്കിവിറച്ചമ്മാവൻ നൽകും താക്കീതിൽ
പേടിചെല്ലാരും പൊട്ടിച്ചിരിക്കുന്നു
സൗമ്യരാണ് ഞങ്ങൾ, പേരുകേട്ട സമാധാന പ്രിയർ
കയ്യെടുത്തുയർത്താൻ വേണം നൂറനുവാദം
നോക്കണം മഹിമയും, ഭാവിയും, മറ്റു ബന്ധങ്ങളും
തറവാടിൻ മഹിമ പെരപ്പുറത്ത്‌ തൂക്കി
നാണം കെട്ട് ജീവിക്കുന്നു  ഞങ്ങൾ





Thursday, August 22, 2013

ശ്രീനാരായണ ഗുരു ജയന്തി

ദുരുപയോഗം ചെയ്യപ്പെടുന്ന, അല്ലെങ്കിൽ മഹത്വം മനസ്സിലാക്കാതെ പോകുന്ന മറ്റൊരു മഹാന്റെ പിറന്നാൾ. അദ്ദേഹത്തിന്റെ ശരിയായ കുലവും വർണ്ണവും പ്രവൃത്തികളിലും വചനങ്ങളിലും ഉണ്ടെന്നത് തിരിച്ചറിയാതെ പോകുന്നു. വിശാലതയെ സങ്കുചിതമാക്കുന്ന പിന്മുറക്കാർ.

Wednesday, August 21, 2013

ഇതൊരു മാലി കല്യാണം

ഇന്ന് ജെല്ലെയുടെ വിവാഹം ആണ്. നിങ്ങൾ ആലോചികുന്നുണ്ടാകും ഇതെന്തു പേരെന്ന്. എന്നാൽ ജലീൽ എന്നാണ് ശരിയായ പേര്. ഇതേതു സ്ഥലത്താണ് ജലീലിനെ ജെല്ലെ എന്ന് വിളിക്കുന്നത്‌ എന്നും സംശയം വന്നില്ലേ? ഇതാണ് മാലിദ്വീപ്, ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ്യരേഖയ്ക്ക് സമീപം പൊട്ടുപോലെ ചിതറിക്കിടക്കുന്ന ആയിരത്തിൽപ്പരം തുരുത്തുകൾ. പച്ചയും നീലയും ഇടകലർന്ന കടൽ അതിരുകൾ ആയ ചെറു ദ്വീപുകൾ. തലസ്ഥാനമായ മാലിയിൽ നിന്നും ഒരു മണിക്കൂർ ബോട്ട് മാർഗ്ഗം യാത്ര ചെയ്താൽ നമ്മുടെ കഥാനായകന്റെ ദ്വീപായ ഹിമ്മാഫുഷിയിൽ എത്താം. ഇത് ജെല്ലെയുടെ മൂന്നാമത്തെ വിവാഹം ആണ്. ഇരുപത്തി ഒന്നാമത്തെ വയസ്സിൽ തുടങ്ങിയ ജൈത്രയാത്രയാണ്. പ്രണയങ്ങൾ എല്ലാം പൊട്ടിമുളയ്ക്കുന്ന ആഘോഷ വേളയായ വലിയ പെരുന്നാൾ ആഘോഷങ്ങൾ ആണ് എപ്പോളും ജെല്ലെയ്ക്കും ജീവിത പങ്കാളിയെ കൊടുത്തിട്ടുള്ളത്. ആദ്യം അടിപതറിയത്‌ ഫാത്തുന്റെ മുന്നിൽ ആണ്. ആഘോഷ വേളകളിൽ കൂട്ടത്തിൽ നൃത്തം വച്ചതാണ് തുടക്കം. അത് വളർന്നു വിവാഹത്തിലേക്കും, നൃത്തച്ചുവടുകൾ പിഴച്ചപ്പോൾ വിവാഹ മോചനത്തിലും എത്തിയവസാനിച്ചു.
അടുത്ത വലിയ പെരുന്നാളിന് ആന്തുവുമായി പ്രണയത്തിലാകാൻ കാരണം ഒരു പിടിവലിയാണ്. ആഘോഷങ്ങളുടെ ഭാഗമായുള്ള തെങ്ങിൻ മുകളിൽ നിധികെട്ടുന്ന ആഘോഷത്തിനിടയിൽ ജെല്ലെയും കഴിവ് തെളിയിക്കാൻ മുന്നിട്ടിറങ്ങി. സുഹൃത്തുക്കളുടെ ചുമലിലൂടെ നടന്നു ചെന്ന് തെങ്ങിലേക്കു ചാടിക്കയറിയ ജെല്ലെയെ പിടിച്ചു വലിച്ചു താഴെ ഇടാൻ കൂട്ടം കൂടി നിന്നിയുന്ന ശിരോമണികളിൽ കേമിയായിരുന്നു ആന്തു . ആന്തു കയറിപ്പിടിച്ചു വലിച്ചത് ജെല്ലെയുടെ ബർമൂടയിലും. വലിച്ച വലിയിൽ ബർമൂട ആന്തുവിന്റെ കയ്യിലിരുന്നെങ്കിലും ജെല്ലെയുടെ കുതിപ്പ് തടയാൻ അതൊരു കാരണമേ ആയിരുന്നില്ല. ജെല്ലെ തന്നെ ആ വർഷം നിധി കെട്ടി, താമസ്സിയാതെ ആന്തുവിനെയും.
അടുത്ത വർഷത്തെ വലിയ പെരുന്നാളിന് നിധി കെട്ടൽ ആഘോഷത്തിനിടയിൽ ആന്തു നല്ലെയെ പിടിച്ചു താഴെയിട്ടപ്പോൾ, അത് ജെല്ലെയോടുള്ള വിടപറയൽ ആയിരുന്നു. എന്നാൽ ജെല്ലെക്കു തോൽക്കാൻ മനസ്സില്ലായിരുന്നു. അവൻ ആ വർഷം തന്നെ നിധിയഴിക്കാൻ കയറി വിജയി ആയി. നിധിയഴിക്കാൻ അവനോടു പറഞ്ഞത് ജെമി ആണ്. ജമി അവനെ കുളിപ്പിചോരുക്കാൻ നിയോഗിക്കപ്പെട്ട പെണ്‍പടയുടെ നേതൃത്ത്വം ഏറ്റെടുത്തപ്പോൾ അത് പുതിയ ഒരു ജീവിതത്തിന്റെ തുടക്കം ആയിരുന്നു. നല്ലെയെ കൈവിട്ടതിനു ശേഷം നല്ലൊരു കൂട്ട് തേടി അലയുകയായിരുന്നു ജെമി.
നേരം സന്ധ്യയാകുന്നു. പല നീളത്തിൽ മുടി വളർത്തിയ ജെല്ലെയുടെ സുഹൃത്തുക്കൾ ഒരു വണ്ടിയിൽ അലങ്കാരങ്ങൾക്കുള്ള സാമഗ്രികളുമായി പാഞ്ഞു വരുന്നു. ഏതാനും നിമിഷങ്ങൾക്കകം ആ വഴിയിൽ പച്ചയോലകൊണ്ട് അതിരു നിശ്ചയിക്കുന്ന ഒരു പന്തൽ ഒരുങ്ങുന്നു, പുഷ്പ ചെടികൾ സ്ഥാനം പിടിക്കുന്നു, വർണ്ണ പ്രകാശം പരക്കുന്നു. സമയം ആയി വരുന്നു. മങ്ങിയ വെളിച്ചത്തിൽ ഭക്ഷണ സാമഗ്രികളും ശീതള പാനീയങ്ങളും നിരന്നു. നാടൻ ശീലുകളുടെ അകമ്പടിയോടെ, പാരമ്പര്യ സംഗീത വാദ്യങ്ങളുടെ മേളക്കൊഴുപ്പോടെ ജെല്ലെയെയും ജമിയെയും എഴുന്നള്ളിച്ചു കൊണ്ട് വന്നു. കൊട്ടും സ്യൂട്ടും ധരിച്ച ജെല്ലെയും, മാലാഖയെപ്പോലെ വെള്ള ഗൗണ്‍ ധരിച്ച ജെമിയും നിറപുഞ്ചിരിയോടെ അഥിതികളിൽ നിന്നും ആശംസകൾ ഏറ്റു വാങ്ങാൻ നിന്നു.
കൂട്ടത്തിൽ പമ്മിയും പരുങ്ങിയും ഞാനും സഹ അദ്ധ്യാപകരും നിന്നു. ഭക്ഷണത്തിൽ ആയിരുന്നു ഞങ്ങളുടെ താൽപ്പര്യം. ആശംസ അറിയിക്കാതെ ഭക്ഷണം കഴിക്കുന്നത്‌ മര്യാദ അല്ലാത്തത് കൊണ്ട്, ആ നിരയിൽ നിന്നു. ഹസ്തദാനത്തോടൊപ്പം പകുതി ഇംഗ്ലീഷിലും പകുതി ദിവേഹിയിലും ആയി ആശംസകൾ പകർന്നു. പിന്നിൽ നിന്നിരുന്ന വികൃതി കുട്ടികൾ മണ്ണെടുത്ത്‌ പത്രോസ് സാറിന്റെ കാലുറയുടെ കീശയിൽ തിരുകിയത് കൂട്ടച്ചിരിക്കു കാരണമായി. ഞങ്ങൾ എല്ലാവരും അടുത്ത ഊഴം ആർക്കാകും എന്ന് ഉറപ്പില്ലാതെ വിഷമിക്കുമ്പോളും, ചിരിക്കാതിരുന്നില്ല. മനസ്സിൽ നല്ല നാടൻ തെറി പറഞ്ഞിട്ട് പത്രോസ് സാർ തിരിഞ്ഞു നിന്നു പുഞ്ചിരിച്ചു. ഒരു കൊഞ്ഞനം കാട്ടി അവർ ആ ലീല അവസാനിപ്പിച്ചു. കൂട്ടത്തിൽ ഏറ്റവും പേടി സാജു സാറിനാ. സാജു സാറിന് ക്ലാസ്സ്‌ എന്നാൽ ഒരു യുദ്ധം ആണ്. വിയർത്തു കുളിച്ചിട്ടാണ് പുറത്തിറങ്ങുക. ചോക്ക് കൊണ്ട് ഏറു കിട്ടല്ലേ എന്ന പ്രാർത്ഥനയോടെ ആണ് ക്ലാസ്സിൽ കയറുക. പ്രാർത്ഥന ആരു കേൾക്കാൻ. ത്രേസ്യാമ്മ ടീച്ചർ ആണ് നാണിച്ചു പോയത് ഒരിക്കൽ. മുറി ഇംഗ്ലീഷിൽ ഒരുവൻ ടീച്ചറെ അങ്ങ് വർണ്ണിച്ചു പോലും!! കൂട്ടച്ചിരിക്കിടയിൽ ഒരു കണക്കിന് ക്ലാസ്സിൽ നിന്നും ഇറങ്ങി നടന്നു. അപ്പോൾ ഈ ഞാൻ എങ്ങിനെ എന്നല്ലേ സംശയം? എന്റെ കയ്യിൽ ഒരു വിദ്യയുണ്ട്. കുറച്ചങ്ങു സഹിക്കും. സഹി കെട്ടാൽ കൈ പിടിച്ചു ഞെരിക്കും, പാട് വരാത്ത വിധം മാത്രം..
ഭക്ഷണം നിരത്തിയ മേശയ്ക്കു ചുറ്റും ആൾക്കാർ തിരക്ക് കൂട്ടിത്തുടങ്ങി. പല രൂപത്തിൽ ഉള്ള പൊരിച്ച പലഹാരങ്ങൾ, ചോറ് വിഭവങ്ങൾ പലതരം, നൂഡിൽസ് വിഭവങ്ങൾ, മത്സ്യം, കോഴി, മധുരം ഉള്ളവ പലതരം, വിവിധ വർണ്ണങ്ങളിൽ ശീതള പാനീയങ്ങൾ. വിഭവങ്ങളിൽ എല്ലാത്തിലും പ്രധാന ചേരുവ മത്സ്യം തന്നെ. കഴിക്കാൻ പറ്റുന്നതും, അല്ലാത്തതും ആയ എല്ലാം പ്ലേറ്റിൽ നിറച്ചു. രുചിയുള്ളത് നോക്കി ആദ്യം കഴിച്ചു തുടങ്ങി. ഛർദ്ദിക്കും എന്ന അവസ്ഥ വന്നപ്പോൾ നിർത്തി. സൽക്കാരം കഴിഞ്ഞ് വധൂ വരന്മാർക്കു ഒന്നുകൂടി ആശംസകൾ നേർന്നു കൊണ്ട് മുറിയിലേക്ക് നടന്നു, പരദൂഷണം പറഞ്ഞു തിന്നത് ദഹിപ്പിക്കാൻ.
തിരക്കൊഴിഞ്ഞപ്പോൾ ജെല്ലെയും ജെമിയും കിന്നാരം പറഞ്ഞു തുടങ്ങി. ആഘോഷം കഴിഞ്ഞു ആദ്യം ജെമിക്കു വേണ്ടത് ജെല്ലെയുടെ മോട്ടോർ സൈക്കിളിന്റെ പുറകിൽ ഞെളിഞ്ഞിരുന്നു ഒരു "റൈഡ്നു" പോകണം എന്നായിരുന്നു. ആ കൊച്ചുതുരുത്തിൽ അവർ സ്വപ്‌നങ്ങൾ നെയ്തു തുടങ്ങി.

Tuesday, August 20, 2013

ഇന്നത്തെ ചിന്ത

 അശക്തരേയും ആലംബഹീനരെയും  തൊൽപ്പിക്കുന്നതിലും, വഞ്ചിക്കുന്നതിലും ആനന്ദിക്കുന്നവൻ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ്.

Monday, August 19, 2013

നഷ്ടം

കയ്യക്ഷരം തെളിഞ്ഞിട്ടില്ലിനിയുമെങ്കിലും
കുത്തികുറിക്കാതിരിക്കാനാവുന്നില്ലെനിക്കിന്നു
അച്ഛനെ സ്വപ്നം കണ്ടു കണ്ടെന്നുടെ
കണ്ണും കരളും നിറഞ്ഞു തുളുമ്പുന്നു
ആനക്കളികൾ തൻ കേമത്തം ഓതുന്ന
ഇക്കിളി കൂട്ടലിൽ പൊട്ടിച്ചിരിക്കുന്ന
വമ്പൻ കഥകളിൽ നായകരാകുന്ന
കളിക്കൂട്ടുകാരും പകരുന്നു മോഹങ്ങൾ
അമ്മയോടാരാഞ്ഞാൽ കണ്ണീരു കാണണം
അമ്മതൻ മാർഗ്ഗത്തിൽ എണ്ണം തികഞ്ഞുള്ള
മഞ്ചാടിചെപ്പും നിറയുന്നില്ലിനിയും
അപ്പൂപ്പനുമമ്മൂമ്മയ്ക്കും വാക്കുകളന്ന്യമായ്
ദൃഷ്ടി തിരിക്കും ഉമ്മറപ്പടിയിൽ വെച്ചോരു ചിത്രത്തിൽ
ഇനിയും ദിനങ്ങളൊത്തിരിയേറിടാതെ
ഓടിവന്നെന്നെ കെട്ടിപ്പിടിച്ചുമ്മ വെച്ചിടേണം
----------------------------------------------------------------
ആറ്റു നോറ്റുണ്ടായ ആരോമൽ പൈതലെ
ആവേശത്തോടെ യാത്രയയച്ചവർ നാം
മാതൃരാജ്ജ്യം പെറ്റമ്മയെക്കാൾ വലുതെന്നോതിയ
പുണ്ണ്യജന്മം കൊടുത്ത മഹാത്മക്കളായി നാം
തെക്കേ മുറ്റത്ത്‌ ചിതയോരുക്കാൻപോലും
ഒരിറ്റു മാംസംബാക്കിവെച്ചില്ലല്ലോ ദൈവമേ  
-----------------------------------------------------------------
അന്ന്യരായിരുന്നു നാം, പിന്നെയെല്ലാമായ് 
താലിച്ചരടിൻ ബലത്തിലൊന്നു മാത്രം 
തമ്മിൽ കഴിഞ്ഞ എണ്ണം പറഞ്ഞ ദിനങ്ങളിൽ 
സമ്മാനമായ്‌ തന്നു ഉണ്ണിക്കിടാവിനെ 
ഉണ്ണിതൻ ചോദ്യത്തിനുത്തരം മുട്ടിഞാൻ 
മഞ്ചാടി ചെപ്പിൽ പ്രതീക്ഷ നൽകി 
വരും വരുമെന്ന് തന്നത്താൻ ഓതി ഞാൻ 
എനിക്ക് കൂട്ടായ് നിർത്തിടുന്നു
സഹതാപ കണ്ണുകളിൽ രാഗം തെളിയുമ്പോൾ
ആട്ടിയോടിച്ചും, ഓടിയകന്നും രക്ഷിച്ചു പോരുന്നു
നിശതൻ ഇരുട്ടിൽ പതിയിരിക്കുന്നൊരു
കറുത്ത കൈകളോർത്തു ഞെട്ടിയുണരുമ്പോൾ
ധൈര്യം പകരുന്നതുണ്ണിതൻ സാമീപ്പ്യം
ഉണ്ണി വളർന്നു ബോധം തിരിയും വരെ
പ്രതീക്ഷയൊന്നുതാൻ ജീവിതം തള്ളുവാൻ 

Friday, August 16, 2013

അമൃതും കാളകൂടവും

പ്രമോദം മഥിച്ചാൽ അമൃത് കിട്ടും
വിഷാദം മഥിച്ചാൽ കാളകൂടവും 

Wednesday, August 14, 2013

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം ആവേശമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത് ആവേശമാകുമ്പോൾ , നമ്മെ ചൂഷണം ചെയ്യുന്ന പ്രാദേശിക ഭരണ മേലാളന്മാർക്ക് ജയ് വിളിക്കുന്നത്‌ പോലെ തോന്നി തുടങ്ങിയിരിക്കുന്നു. വികസനത്തിൻറെ കുമിളകൾ ആവേശം ആകുന്നില്ല. കഴിവുകെട്ടവന്റെ സംയമനത്തെ നാണക്കേടായി കാണാനേ കഴിയുന്നുള്ളൂ. അഭിമാനം തോന്നാൻ അധികമൊന്നും ഇല്ല. എങ്കിലും ഞാൻ സ്മരിക്കുന്നു, ഈ ദിനം ആഘോഷിക്കാൻ അവസരം തന്ന അനേകം മഹാന്മാരെയും സാധാരണക്കാരെയും. വന്ദേ മാതരം !!

വിശ്വാസം

തുലാസ്സിൽ തുളസ്സിയില വച്ചു കണ്ണടച്ചു പ്രാർത്ഥിച്ചു
കാറ്റുവന്നെൻ വിശ്വാസത്തെ തോൽപ്പിച്ചട്ടഹസിച്ചു 

Tuesday, August 13, 2013

ദേശാടനം

 വിരസമായ ചുറ്റുപാടുകളിൽ നിന്നും ഒരു മോചനം, നാടുകൾ കാണുക, പലതരം സംസ്കൃതികൾ മനസിലാക്കുക, ജീവിതങ്ങൾ കാണുക - ഇതെല്ലാം ആണ് കുഞ്ഞൻ തത്തയെ ഒരു ദേശാടനത്തെ കുറിച്ച് ചിന്തിപ്പിച്ചത്. കാലം കുറെ ആയി ഈ ഒരു മരത്തിൽ തന്നെ കഴിച്ചുകൂട്ടുന്നു. വർഷംതോറും കൂട് പുതുക്കിയും, മുറതെറ്റാതെ വരുന്ന കാറ്റും മഴയും വെയിലും മാറിമാറി അനുഭവിച്ചു ഒരു മടുപ്പനുഭവപ്പെട്ടു. ഒരു മാറ്റം ചിലപ്പോൾ ജീവിതത്തിനു കുറച്ചുകൂടി ആസ്വാദനം തരും.
അങ്ങിനെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. എവിടെയെല്ലാം പോകുമെന്ന് നിശ്ചയിക്കാൻ കഴിഞ്ഞില്ല. എത്രദൂരം പറക്കാൻ കഴിയുമെന്നറിയില്ല. ചിറകിനു ശക്തിയുണ്ടോ? മാറ്റങ്ങളെ താങ്ങാൻ മനസ്സിനും ശരീരത്തിനും ശരീരത്തിനും കഴിയുമോ? തിരിച്ചു വരുമ്പോൾ ഈ മരവും കൂടും ഇവിടെത്തന്നെ ഉണ്ടാകുമോ? ഒന്നും നിശ്ചയമില്ല. എല്ലാം നിശ്ചയം വേണമെന്ന് എന്തിനാ ഇത്ര വാശി. ഒരുങ്ങുക തന്നെ. പറന്നു പരിശീലനം തുടങ്ങി. ദേശങ്ങളെക്കുറിച്ചും ഭാഷാവ്യതിയാനങ്ങളെക്കുറിച്ചും പഠിച്ചു. ശബ്ദവും സംസാര രീതിയും പാകപ്പെടുത്തി.
യാത്ര തുടങ്ങി. കുറെ പറന്നു ഇതുവരെ കാണാത്ത ഒരു മരം കണ്ടപ്പോൾ, അതിൻ കൊമ്പിലിരുന്നു. പുതിയ തരം കാഴ്ചകൾ കണ്ടു. അവിടെ ഒരു കൂട് കൂട്ടി. ആ ദേശത്തിന് പറ്റിയ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. ആ സംസാരം കേൾക്കാൻ കുറച്ചു പേർ കൂടി. അവരിൽ ചിലർ തിരിച്ചും അതേ രീതിയിൽ സംസാരിക്കാൻ ശ്രമിച്ചു. ചിലർ കേൾവിക്കാർ മാത്രം ആയി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആൾക്കാർ ഓരോന്നായി പിരിഞ്ഞു പോയി തുടങ്ങി. കേൾവിക്കാർ ഉറങ്ങി തുടങ്ങി. കുറച്ചു നാൾ കൂടി അവിടെ കഴിച്ചു കൂട്ടി. കൂട്ടത്തിൽ, തുടർന്നുള്ള യാത്രയ്ക്കുള്ള ധാന്ന്യങ്ങൾ ശേഖിച്ചു. വിവിധ തരം ധാന്ന്യങ്ങൾ. പിന്നെ ആ കൂടു വിട്ടു പറന്നു.
അലസമായി കുറെ പറന്നു കഴിഞ്ഞപ്പോൾ എവിടെയെങ്കിലും ഒന്ന് വിശ്രമിക്കണം എന്ന് തോന്നി. പറ്റിയ ഒരു മരം അന്വേഷിച്ചു അലഞ്ഞു. ആദ്യം കൂട് കൂട്ടിയ മരം ഇഷ്ടപെടാതെ വീണ്ടും പറന്നു നടന്നു. അങ്ങിനെ ഒരു കാട്ടിലെത്തി. കൂട് കൂട്ടാതെ പറന്നു നടന്നു എല്ലാം കണ്ടു ആനന്ദിച്ചു. പലതരം ജീവികൾ. കുഞ്ഞൻ തത്തയ്ക്ക് അതെല്ലാം അത്ഭുതം ആയിരുന്നു. അവൻ ഇത് വരെ കാണാത്ത ഒരു ലോകം. എങ്കിലും ആരോടും ഒന്നും സംസാരിക്കാതെ, ഇടയ്ക്ക് ആത്മഗതം പറഞ്ഞു ദിനങ്ങൾ നീക്കി.
കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഒരു മയിൽ വന്നു കുശലം പറഞ്ഞു. കുറച്ചു കഥകൾ പറഞ്ഞു കൊടുത്തു. കവിതകൾ ചൊല്ലിക്കൊടുത്തു. എല്ലാം താൽപ്പര്യപൂർവ്വം കേട്ടിരുന്നു. ഇടയ്ക്ക് എന്തൊക്കെയോ പറയാൻ തുടങ്ങി. ഒരു ദിവസം മയിൽ ആ കാട്ടിൽ തന്നെ ഉള്ള വേറൊരു ദിക്കിലേക്ക് കൊണ്ട് പോയി. അതൊരു പുതിയ അനുഭവം ആയിരുന്നു. ഒരു രാത്രിയിൽ ആണ് അവരവിടെ എത്തിപ്പെട്ടത്. ഒരു മരക്കൊമ്പിൽ ഇരുന്നു വിശ്രമിക്കാൻ പറഞ്ഞിട്ട് മയിൽ തിരിച്ചു പോയി. ആ രാത്രി കുഞ്ഞൻ തത്ത ഉറങ്ങിയില്ല. ആകെ ബഹളം. കഥ പറച്ചിലുകൾ, ചർച്ചകൾ, കവിതകൾ, പൊട്ടിച്ചിരികൾ, കരച്ചിലുകൾ, തേങ്ങലുകൾ. കൂട്ടത്തിൽ ചില ശബ്ദങ്ങൾ  കുഞ്ഞൻ തത്ത ശ്രദ്ധിച്ചു. വേറിട്ട ശബ്ദങ്ങൾ. അങ്ങിനെ ഇരുന്നു ഉറങ്ങി പോയി. നേരം വെളുത്തു. കുഞ്ഞൻ തത്തയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവനു ചുറ്റും കുറെ പക്ഷികൾ. വർണ്ണ ചിറകുള്ളവ, പാടുന്നവ, കഥപറയുന്നവ, കളിചിരി നടത്തുന്നവ. അവനു ആ ദേശം ഇഷ്ടപ്പെട്ടു. അവൻ സംസാരിച്ചു തുടങ്ങി. അത് കേൾക്കാൻ കിളികൾ വട്ടം കൂടി. അവൻ ഇടയ്ക്ക് മൂളി. അവരതിനു താളം പിടിച്ചു. അവനും മറ്റുള്ളവരുടെ സംസാരം ശ്രദ്ധിച്ചു. അവർ പാടുന്നത് കേട്ടു. ചിലതിനെല്ലാം താളം പിടിച്ചു. ഇടയ്ക്ക്, ശേഖരിച്ചു വച്ചിരുന്ന ധാന്ന്യങ്ങൾ പാകം ചെയ്തു കൂടെയുള്ളവർക്ക് വിളമ്പി. ചിലതെല്ലാം അവർക്കിഷ്ടപ്പെട്ടു. ആ സൗഹൃതങ്ങൾ അവൻ ആസ്വദിച്ച് തുടങ്ങി. മടുപ്പുളവാകും വരെ അവിടെ തുടരാൻ തീരുമാനിച്ചു.



Sunday, August 11, 2013

ഇങ്ക്വിലാബ് സിന്ദാബാദ് !!

ഭീരുത്വമുള്ളോരു ഭരണകൂടമേ
നിന്നെ നാണിപ്പിക്കാനായ് വരുന്നുണ്ട് ചുണകുട്ടികൾ
അക്കങ്ങൾ തന്നുടെ കൂട്ടി കുറക്കലിൽ
കുതിര കച്ചവടത്തിൻ വഞ്ചന ശാസ്ത്രത്തിൽ
സ്വസ്ഥമാക്കിയ നിൻ സിംഹാസനം
മറിച്ചിടാനാണെങ്കിൽ അതിന്റെ നീതിശാസ്ത്രം
നീ തന്നെ ഞങ്ങൾക്ക് കാണിച്ചു തന്നിട്ടില്ലേ
പച്ചയും കാക്കിയും പിന്നെ കുറെ ശിങ്കിടികളും തീർക്കും
ആലിൻ തണലിൽ വിശ്രമിക്കാമെന്ന മൂഡമോഹം
ചരിത്രം അറിയാതെ ചിന്തിച്ചു വശായെങ്കിൽ
മറിച്ചു നോക്കു ലോക ചരിത്രത്താളുകൾ
പാതകൾ ബന്ധിച്ചും ഭോജനശാലകൾ പൂട്ടിച്ചും
കാട്ടികൂട്ടുന്ന കോമാളിത്തരങ്ങൾ
ആരാണ് വരുന്നതെന്നറിയാതെ, ചിരിക്കുന്നു ഞാൻ
മദ്യവും കോഴിബിരിയാണിയുമല്ല
ഞങ്ങളുടെ കുട്ടികൾതൻ ആവേശ പ്രേരകം
പേടിപ്പിച്ചാലോടുന്നൊരു പന്നിക്കൂട്ടമല്ലതു
മാളികമുകളിൽ കിടക്കുന്നവരല്ലവർ
വിശപ്പവർക്കു അനുഭവമാണ്‌, ആവേശമാണ്
ഇങ്ക്വിലാബിൻ മന്ത്രം ഒന്നുമാത്രം മതി
കോട്ടകൊത്തളങ്ങൾ തകർത്തെറിയുവാൻ
ചോരയോഴുക്കാൻ വരുന്നവരല്ലവർ
ചോരകണ്ട് പേടിക്കുന്നവരുമല്ല
അവരിലൊരാളുടെ ചോര പൊടിഞ്ഞാൽ
പടരുമാ ചോര നാടൊട്ടുക്കും,
അതിലൊലിച്ചുപോകും ആടിയുലയുന്ന നിൻ സിംഹാസനവും

Thursday, August 8, 2013

കളങ്കം (ചെറുകഥ)

എന്തൊരു മാറ്റമാണ് അവന്റെ രൂപത്തിലും, ഭാവത്തിലും കാലം വരുത്തിയിരിക്കുന്നത് ! വിധി ആശകളിൽ നടത്തിയ കടന്നാക്രമണം ഇത്രയും ക്രൂരമാകരുതായിരുന്നു..

ക്യാൻവാസിൽ പകർത്തിയ പ്രകൃതിയുടെ പ്രശാന്തതയും , ആധുനീകതയുടെ കരാള ഹസ്തങ്ങളാൽ വരിഞ്ഞു മുറുക്കപ്പെട്ട മലയാണ്മയും , സംസ്കാരം എന്ന പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടത്തുന്ന നാകരിക ദുശാസ്സനനും , തെരുവ് തെണ്ടിയുടെ ദൈന്ന്യവും , കൊലചെയ്യപ്പെടുന്ന അച്ഛനെ രക്ഷിക്കാൻ കൊലയാളിയുടെ കാൽക്കൽ വീണു കേഴുന്ന പിഞ്ചു ബാലനും..അങ്ങിനെ ഹൃദയസ്പൃക്കായ ചിത്രങ്ങൾ കണ്ടു നീങ്ങുമ്പോൾ ആണ് ഒരു ചിത്രത്തിൽ ദൃഷ്ടി പതിഞ്ഞത്. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ , ചാണകം മെഴുകിയ തിണ്ണയിൽ കമിഴ്ന്നു കിടന്നു എഴുതുന്ന ഒരു കുട്ടിയുടെ ചിത്രം. ആ ചിത്രം തന്നെ ചൂഴ്ന്നു നിന്നുരുന്ന ഭൂതകാലം തൻറെ വേഷങ്ങളെ വലിച്ചു കീറി പുറത്തു കൊണ്ട് വന്നു.

തന്റെ തോളിൽ വന്നു പതിച്ച മുരടിച്ച കൈത്തലമാണ് തന്നെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. ക്രൂരമായ യാഥാർത്ഥ്യങ്ങൾ !! തിരിഞ്ഞു നോക്കിയപ്പോൾ കണ്ട പ്രാകൃത രൂപം തെല്ലോന്നമ്പരപ്പിച്ചു. വലിയ ചുവന്ന കണ്ണുകളും, നീട്ടി വളർത്തി ഒതുക്കില്ലാതെ കിടക്കുന്ന തലമുടിയും, ദീക്ഷയും , ഇറക്കമുള്ള കൈത്തറി ജൂബ്ബയിൽ ഒളിച്ചു വച്ചിരിക്കുന്ന മെലിഞ്ഞു നീണ്ട രൂപം. തന്റെ ആകൃതിയിൽ തൃപ്തനല്ല എന്നാ ഭാവത്തിൽ കിടക്കുന്ന തുണി സഞ്ചി തോളിൽ കിടന്നു ശ്വാസം മുട്ടുന്നു. 

ആരാണിയാൾ ? തന്റെ കുലീനമായ വേഷം കണ്ടിട്ടും, ഇത്ര ധൈര്യമായി തന്റെ തോളിൽ കൈവെച്ച ഇവൻ ആരാണ് ? ബീഡിക്കറ വീണു മഞ്ഞളിച്ച പല്ലുകാട്ടി അവൻ അത്ഭുതവും സന്തോഷവും പ്രകടിപ്പിച്ചപ്പോളും തന്റെ അന്ധാളിപ്പ് മാറിയിരുന്നില്ല 

"എടാ സനാതനാ...നിനക്കെന്നെ മനസ്സിലായില്ലേ ? ഇത് ഞാനാടാ മനോഹരൻ ". ആ വാക്കുകൾക്കു ശബ്ദം കുറവായിരുന്നെങ്കിലും , ഒരു ഇടിമുഴക്കമായിട്ടാണ് തന്റെ കാതിൽ പതിച്ചത്. മനോഹരൻ !!! അവന്റെ നോട്ടം തന്നെ വിവസ്ത്രനാക്കി , മുഷിഞ്ഞു കോളർ കീറിയ ഷർട്ടും , ചെളിപുരണ്ട ഒറ്റമുണ്ടും ഉടുപ്പിച്ചു.. 

ഒരു ദീർഘ നിശ്വാസത്തോടെ മനോഹരൻ പറഞ്ഞു തുടങ്ങിയപ്പോൾ, പകച്ചു നിൽക്കുകയായിരുന്നു . തന്റെ ഭാവങ്ങളോ , ഭാവപ്പകർച്ചയോ മനോഹരൻ ശ്രദ്ധിച്ചില്ല . താൻ ശ്രദ്ധിക്കുന്നുണ്ടോ എന്നു പോലും നോക്കാതെ അവൻ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർക്കുകയായിരുന്നു.

അടുക്കും ചിട്ടയുമില്ലാത്ത  വിവരണങ്ങളിൽ നിന്നും ഇത്രമാത്രം മനസ്സിലായി : അച്ഛൻ ഗൾഫിൽ വച്ച് ഒരു ചതിയിൽ പെട്ട് ജയിലിൽ ആയി. തളർന്നു കിടക്കുന്ന അമ്മയ്ക്ക് മരുന്ന് വാങ്ങാൻ വേണ്ടിയാണു അവനിപ്പോൾ വരയ്ക്കുന്നത്. വിൽക്കാതെ മാറ്റി വച്ചിരുന്ന ചിത്രമാണ്‌ ഇപ്പോൾ വിൽക്കാൻ വച്ചിരിക്കുന്നത്. താൻ നോക്കി നിന്നിരുന്ന ചിത്രത്തെ കുറിച്ചാണ് അവൻ പറയുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ ഒരു മിന്നൽ പിണർ തലച്ചോറിലുടെ കടന്നു പോയി. ചിത്രത്തിന്റെ താഴെ മൂലയിൽ  ഒഴുക്കനായി മനോഹരൻ എന്നെഴുതിയിരിക്കുന്നത് അവ്യക്തമായി മനസ്സിലേക്ക് തെളിഞ്ഞു വന്നു.
ആ ചിത്രത്തിൽ ഒരിക്കൽ കൂടി നോക്കാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ല. മനോഹരന്റെ മുഖത്ത് നോക്കാൻ ഭയം തോന്നി. താൻ പിടിക്കപ്പെട്ടിരിക്കുന്നു!!

മനോഹരൻ പറഞ്ഞു തീർന്നപ്പോൾ അത്യാവശ്യം ഉപചാര വാക്കുകൾ പറഞ്ഞു ഓടി പോരുകയായിരുന്നു . അവൻറെ ദുരവസ്ഥയിൽ വാക്കുകളാൽ പോലും സഹതപിച്ചോ എന്ന് സംശയം ആണ്. വളരെ നാളുകൾക്ക് ശേഷം കണ്ട തൻറെ സതീർത്ധ്യനെ ഒന്ന് ആശ്വസിപ്പിച്ചോ താൻ? പരാക്രമത്തിൽ ഓടി മറയാനുള്ള ബദ്ധപ്പാട് ആയിരുന്നു.
"ലൈറ്റ് അണചോട്ടെ?" സൂര്യയുടെ ചോദ്യം ചിന്തകളെ ഇടമുറിച്ചു.
 " മണി പതിനൊന്ന് ആയി" എന്നുകൂടി പറഞ്ഞപ്പോൾ അറിയാതെ പറഞ്ഞു പോയി "അണച്ചോളു". സൂര്യ മുറിയിൽ വന്നതോ, കിടന്നതോ ഞാൻ  അറിഞ്ഞിരുന്നില്ല. എൻറെ ചിന്തകളെ മുറിച്ചതിൽ ഒരു സോറി പറഞ്ഞെന്നു തോന്നുന്നു. ഞങ്ങളുടെ സന്തുലിത ജീവിതത്തിൽ എന്നും ഔപചാരികതകൾ ആയിരുന്നല്ലോ. പൊതുമരാമത്ത്  വകുപ്പിൽ ചീഫ് എഞ്ചിനീയർ ആയ തന്നെ സൂര്യയിലൂടെ വിലക്കെടുക്കുകയായിരുന്നല്ലോ കോണ്‍ട്രാക്ടർ പരമേശ്വരൻ. ആദ്യമൊക്കെ പരസ്പരം അറിയാനും മാറാനും ശ്രമിച്ചു. മാറ്റങ്ങൾക്കു വിധേയമാകാത്ത സ്ഥായീഭാവം ജീവിതത്തെ പിടിച്ചു ഉലച്ചു തുടങ്ങിയപ്പോൾ അവരവരുടെ ധ്രുവങ്ങളിലേക്കു ഒതുങ്ങി കൂടുകയായിരുന്നു. വനിതാ സംഘടനകളും, പുഷ്പ പ്രദർശനവും, ക്ലബ്ബും ഒക്കെ ആയി സൂര്യ കഴിച്ചു കൂട്ടിയപ്പോൾ, തനിക്കാശ്രയം തൊഴിലും, വല്ലപ്പോളും വീണു കിട്ടാറുള്ള ഒഴിവു വേളകളിലെ പ്രദർശനങ്ങളും , സിനിമയും ഒക്കെ ആയിരുന്നു. ഈ സന്തുലിത ജീവിതത്തിലേക്ക് ഒരു കുട്ടി ജനിക്കാതിരുന്നത് ആശ്വാസം എന്ന് പലപ്പോളും തോന്നിയിട്ടുണ്ട്.
ശയന മുറിയിലെ മനോഹരമായ വാൾക്ലോക്ക് ചിലച്ചു കൊണ്ട് ഓർമ്മിപ്പിച്ചു " ടൈം ഈസ് ടുവൽവ്". ചെരിഞ്ഞു നോക്കിയപ്പോൾ സൂര്യ നല്ല ഉറക്കത്തിൽ ആണ്. ഉറക്കത്തിൽ പോലുമുള്ള അവളുടെ പ്രൗഡിയും, ഗർവ്വും അയാളിൽ അപകർഷതാ ബോധം വളർത്തി. ഈ അപകർഷതാ ബോധം ആണ് തന്റെ ജീവിതം കൈപ്പിടിയിൽ നിന്നും പോകാൻ കാരണം എന്ന് പലപ്പോളും ഓർത്തിട്ടുണ്ട് . അതിനെല്ലാം കാരണങ്ങൾ ജീവിത സാഹചര്യങ്ങളിൽ കണ്ടെത്തി നിർദോഷിയാകാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഫ്രിഡ്ജിൽനിന്നും ഒരു ഗ്ലാസ്‌ വെള്ളമെടുത്തു കുടിച്ചിട്ട് അയാൾ പോർട്ടിക്കോവിലേക്ക് നടന്നു. തെളിഞ്ഞ ആകാശം. നിലാവെളിച്ചത്തിൽ കായലിലെ കുഞ്ഞോളങ്ങൾ മിന്നി തിളങ്ങി. മനസ്സിന് ഒരു കുളിർമ തോന്നി. സൂര്യക്ക് നിർബന്ധമായിരുന്നു ഈ ഫ്ലാറ്റ് തന്നെ വാങ്ങണം എന്ന്. പോർട്ടിക്കോവിൽ നിന്നാൽ സൂര്യാസ്തമയം കാണാം. അതിനാണോ ഇത് തന്നെ വാങ്ങണം എന്ന് വാശി പിടിച്ചത് എന്ന് സംശയം ആണ്. നഗരം ഉറക്കച്ചടവിൽ കൊട്ടുവായിട്ടത് പോലെ ഒരു ഇളം തെന്നൽ അയാളുടെ മുഖത്ത് തലോടി.
അയാളുടെ ചിന്തകൾ വീണ്ടും മനോഹരൻ കവർന്നെടുത്തു. ഹൈ സ്കൂൾ പഠന കാലത്തെ സഹപാഠി. മനോഹരന് എന്നും സുഗന്ധമായിരുന്നു. അഴകുള്ള വേഷങ്ങൾ മാത്രം ധരിക്കുന്ന അവനോടു അടുക്കാൻ തെല്ലു വൈമനസ്സ്യം ഉണ്ടായിരുന്നു. ഞങൾ കുറച്ചു പേർ പൊക്കത്തിൽ ക്ലാസ്സിൽ മുൻപന്തിയിൽ ആയിരുന്നത് കൊണ്ട്, തുടക്കം മുതലേ പിൻബെഞ്ചിലേക്ക് തള്ളപ്പെട്ടു. പഴയ കഞ്ഞി വെള്ളത്തിന്റെ മണവും, പടർന്ന സൂപ്പർവൈറ്റും, വിയർപ്പിന്റെ നാറ്റവും ഉള്ള തൻറെ കുപ്പായത്തിലേക്ക് അവനിലെ സുഗന്ധം പടർന്നപ്പോൾ അറിയാതെ ഒരു സുഖം തോന്നിയിരുന്നു. മനോഹരൻ പഠനത്തിൽ മോശമായിരുന്നു. പഠനകാര്യങ്ങളിൽ ഞാനായി അവൻറെ സഹായി. നല്ല കയ്യക്ഷരം ഉള്ള അവൻ തന്നെ നന്നായി എഴുതാൻ പഠിപ്പിച്ചു, വരയ്ക്കാൻ പഠിപ്പിച്ചു. മറ്റാരെക്കൊണ്ടും തൊടീക്കാത്ത വിലപിടിപ്പുള്ള ഇൻസ്ട്രുമെന്റ് ബോക്സ്‌ തൊടാൻ അനുവദിച്ചു. അവന്റെ അച്ഛൻ ഗൾഫിൽ നിന്നും കൊണ്ട് വന്നു കൊടുത്തതാണ്. ജ്യാമിതീയ ഉപകരണങ്ങളും, പേനയും, വിവിധതരം പെൻസിലുകളും, ചായക്കൂട്ടുകളും,സുഗന്ധം ഉള്ള റബ്ബറും എല്ലാം ഉള്ള ബോക്സ്‌. സ്വന്തമായി ഇതൊന്നും ഇല്ലാത്ത തനിക്കു അത് വലിയ ആശ്വാസം ആയിരുന്നു. അങ്ങിനെയുള്ള ഒന്നിലധികം പെട്ടികൾ അവന്റെ കൈവശം ഉണ്ടായിരുന്നു.
പത്താംതരം മോഡൽ പരീക്ഷ നടക്കുന്നു. പരീക്ഷ കഴിഞ്ഞു പുറത്തു കടന്നു അടുത്ത ദിവസത്തേക്കുള്ള പരീക്ഷയ്ക്കുള്ള പേപ്പർ വാങ്ങാൻ കടയിൽ കയറി. പേപ്പർ വാങ്ങി തിരിച്ചു നടന്നപ്പോൾ പിന്നിൽ നിന്നും കടക്കാരന്റെ വിളി. "മോനെ, മോന്റെ ബോക്സ്‌ ". കയ്യിലേക്കെടുത്തു നീട്ടിയ ബോക്സ്‌, വേഗം വാങ്ങി പുസ്തകങ്ങൾ പൊതിയുന്ന പ്ലാസ്റ്റിക്‌ കവറിൽ പൂഴ്ത്തി.
പരീക്ഷയെല്ലാം കഴിഞ്ഞു എല്ലാവരും യാത്ര പറഞ്ഞു പിരിയുന്ന ദിവസം, അവന്റെ പുതിയ ഒരു ബോക്സ്‌ കളഞ്ഞു പോയെന്നു മനോഹരൻ വളരെ ലാഘവത്തോടെ പറഞ്ഞപ്പോൾ തന്റെ ഹൃദയമിടിപ്പ്‌ പെട്ടെന്ന് കൂടിയിരുന്നു. ആ ബോക്സ്‌ വച്ച് വരച്ചു, വരച്ചു ഞാൻ ഒരുപാടു വളർന്നു. പിന്നീട് ആരും കാണാതെ അത് ഉപേക്ഷിച്ചു, തന്റെ പഴയകാല ബന്ധങ്ങൾ ഉപേക്ഷിക്കുന്നതിന്റെ കൂട്ടത്തിൽ .



Sunday, August 4, 2013

ആരുനീ?

ആരുനീയിന്നെയെൻ ലോകത്തിലേക്ക്‌ കടന്നുവരാൻ?
നിൻറെ പരാക്രമങ്ങൾ സഹിക്കവയ്യാതെ
 പുതു ലോകം തീർത്ത് സ്വസ്ഥമായി കഴിയുകയാണ് ഞാൻ
----------------------------------------------------------------
എന്നെയറിയില്ലേ നീ,
എൻറെ വാരിയെല്ലലോ നീയെന്ന സത്യം
ആദ്യ പാപത്തിനെന്നെ പ്രേരിപ്പിച്ചവൾ നീ
കൗമാരത്തിൽ കടക്കണ്ണാലും,
യൗവ്വനത്തിൽ സ്പർശനത്താലും മോഹിപ്പിച്ചവൾ
പിന്നീടെന്റെ നട്ടെല്ലൂരി വാങ്ങിയെന്നെ നയിച്ചതും,
അമ്മയായും, പിന്നീടമ്മായിയമ്മയായും
പരിവർത്തനം ചെയ്തവളും നീതന്നെ
എൻറെ പെണ്‍കുഞ്ഞിനെ എനിക്കും മറ്റുള്ളവർക്കും
പങ്കുവെച്ചവളും നീയല്ലേ
നിൻറെ കടക്കണ്ണാൽ അരഞ്ഞാണത്തിൽ കെട്ടിയിട്ടു
വലിക്കുന്നില്ലേ നാടുവാഴികളെ, തന്ത്രികളെ
എങ്കിലും നീയില്ലാതെ എനിക്കൊരു ലോകമില്ല
നീയാണെന്നുമെൻ ബലഹീനത
നിൻ സൗരഭ്യത്തിൽ മറക്കാത്ത ദുർഗന്ധമില്ല
നിൻ  സ്പർശനത്തിൽ ഉലയാത്ത വികാരമില്ല
നിൻ സ്നേഹത്തിൽ മറക്കാത്ത സ്നേഹമില്ല
എങ്കിലും നമ്മളന്ന്യോന്ന്യം അറിയാതെ പോകുന്നു

കോമരങ്ങൾ

 വരൂ കൂട്ടരേ, നമുക്കൊരു യാത്ര പോകാം
എൻറെ നാട്ടിലൂടെ, കാണാം ഉറഞ്ഞു തുള്ളും കൂട്ടരെ
കനിവിനായ് കേഴും ഏഴതൻ മുന്നിൽ
നിധികാക്കും ഭൂതമായ് പത്മനാഭ ദാസരെ കാണാം
കാണുന്നില്ലേ അപ്പുറം മാറി പുതു രാജകൊട്ടാരത്തിൽ
ലളിത വത്രം ധരിച്ചു നമ്മെ ധൂർത്തടിക്കുന്ന രാജാക്കന്മാരെ
തൊഴാം, മദ്യം വിഷമാണെന്ന് പറഞ്ഞ ദൈവത്തെ
കയറാം അപ്പുറം മാറിയുള്ള
പുതുയുഗപ്രഭാവന്റെ മദ്യ ഷാപ്പിലും
തൊട്ടപ്പുറം കാണുന്നവർ കുറച്ചു മുന്തിയവരാണ്,
വായ തുറന്നില്ലെങ്കിൽ
പിന്നെയും നീങ്ങാം ഭരണം തിരിക്കും അച്ചുതണ്ടിലേക്ക്
ആൾക്കൂട്ടത്തിലാണെങ്കിലും
കാണില്ല കൂടെ നിൽക്കുന്നവനെ
തൊട്ടപ്പുറമുണ്ടൊരു കേസരി, ചാണക്ക്യൻ
സത്യം പറയും അശ്ലീലത്തിൽ
ദാ അവിടെയാണ് സാമ്പത്തിക സിരാകേന്ദ്രം
അറിയില്ല ആരെയും, അവനവനെ തന്നെയും
സാംസ്കാരിക കേന്ദ്രത്തിലെ കണക്കിലുമുണ്ട്
കേമൻ കള്ളുകുടിയന്മാർ വിലസും ദേശവും
നാട്ടിൽ തന്നെ വേറൊരു നാടുണ്ടാക്കി
വാഴുന്ന ദേശത്തെ പച്ചപ്പും കാണാം
കിഴക്ക്മാറി കുറച്ചു പേരുണ്ട്, നോക്കേണ്ട,
കള്ളുകുടിക്കുന്നമ്മമാർ പെറ്റ കുഞ്ഞുങ്ങൾതൻ ചിതയെരിഞ്ഞടങ്ങിയിട്ടില്ലിനിയും
അങ്ങ് വടക്ക് മാറിക്കാണാം, ധീരൻമാരവർ
കൊല്ലാനും കൊല്ലിക്കാനും മടിയില്ലാത്തവർ
ദേശഭേദമില്ലാതെ കാണാം
കാമം തുറിക്കും കഴുകൻ കണ്ണുകൾ
കാണേണ്ടത് പലതും കാണിച്ചില്ലിനിയും
കണ്ടോളു നിന്നകക്കണ്ണിലൂടെയെല്ലാം






Saturday, August 3, 2013

രചനയും രചയിതാവും

രചനകളെ വ്യക്തി വൽക്കരിക്കുന്നതു ശരിയാണോ? ഓരോ രചനയിലും, രചയിതാവ് ഉണ്ടാകുമെങ്കിലും, അതിനെക്കാൾ കൂടുതൽ മറ്റുള്ളവരും ഉണ്ടാകില്ലേ? അങ്ങിനെ വരുമ്പോൾ വ്യക്തി വൽക്കരിച്ചു വിവക്ഷിക്കുന്നത് രചനയുടെ സാദ്ധ്യത ചുരുക്കി വ്യക്തിയിലേക്ക് ആക്കില്ലേ ? അത് രചനയോട് ചെയ്യുന്ന നീതികേടാകില്ലേ ?