Wednesday, August 21, 2013

ഇതൊരു മാലി കല്യാണം

ഇന്ന് ജെല്ലെയുടെ വിവാഹം ആണ്. നിങ്ങൾ ആലോചികുന്നുണ്ടാകും ഇതെന്തു പേരെന്ന്. എന്നാൽ ജലീൽ എന്നാണ് ശരിയായ പേര്. ഇതേതു സ്ഥലത്താണ് ജലീലിനെ ജെല്ലെ എന്ന് വിളിക്കുന്നത്‌ എന്നും സംശയം വന്നില്ലേ? ഇതാണ് മാലിദ്വീപ്, ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ്യരേഖയ്ക്ക് സമീപം പൊട്ടുപോലെ ചിതറിക്കിടക്കുന്ന ആയിരത്തിൽപ്പരം തുരുത്തുകൾ. പച്ചയും നീലയും ഇടകലർന്ന കടൽ അതിരുകൾ ആയ ചെറു ദ്വീപുകൾ. തലസ്ഥാനമായ മാലിയിൽ നിന്നും ഒരു മണിക്കൂർ ബോട്ട് മാർഗ്ഗം യാത്ര ചെയ്താൽ നമ്മുടെ കഥാനായകന്റെ ദ്വീപായ ഹിമ്മാഫുഷിയിൽ എത്താം. ഇത് ജെല്ലെയുടെ മൂന്നാമത്തെ വിവാഹം ആണ്. ഇരുപത്തി ഒന്നാമത്തെ വയസ്സിൽ തുടങ്ങിയ ജൈത്രയാത്രയാണ്. പ്രണയങ്ങൾ എല്ലാം പൊട്ടിമുളയ്ക്കുന്ന ആഘോഷ വേളയായ വലിയ പെരുന്നാൾ ആഘോഷങ്ങൾ ആണ് എപ്പോളും ജെല്ലെയ്ക്കും ജീവിത പങ്കാളിയെ കൊടുത്തിട്ടുള്ളത്. ആദ്യം അടിപതറിയത്‌ ഫാത്തുന്റെ മുന്നിൽ ആണ്. ആഘോഷ വേളകളിൽ കൂട്ടത്തിൽ നൃത്തം വച്ചതാണ് തുടക്കം. അത് വളർന്നു വിവാഹത്തിലേക്കും, നൃത്തച്ചുവടുകൾ പിഴച്ചപ്പോൾ വിവാഹ മോചനത്തിലും എത്തിയവസാനിച്ചു.
അടുത്ത വലിയ പെരുന്നാളിന് ആന്തുവുമായി പ്രണയത്തിലാകാൻ കാരണം ഒരു പിടിവലിയാണ്. ആഘോഷങ്ങളുടെ ഭാഗമായുള്ള തെങ്ങിൻ മുകളിൽ നിധികെട്ടുന്ന ആഘോഷത്തിനിടയിൽ ജെല്ലെയും കഴിവ് തെളിയിക്കാൻ മുന്നിട്ടിറങ്ങി. സുഹൃത്തുക്കളുടെ ചുമലിലൂടെ നടന്നു ചെന്ന് തെങ്ങിലേക്കു ചാടിക്കയറിയ ജെല്ലെയെ പിടിച്ചു വലിച്ചു താഴെ ഇടാൻ കൂട്ടം കൂടി നിന്നിയുന്ന ശിരോമണികളിൽ കേമിയായിരുന്നു ആന്തു . ആന്തു കയറിപ്പിടിച്ചു വലിച്ചത് ജെല്ലെയുടെ ബർമൂടയിലും. വലിച്ച വലിയിൽ ബർമൂട ആന്തുവിന്റെ കയ്യിലിരുന്നെങ്കിലും ജെല്ലെയുടെ കുതിപ്പ് തടയാൻ അതൊരു കാരണമേ ആയിരുന്നില്ല. ജെല്ലെ തന്നെ ആ വർഷം നിധി കെട്ടി, താമസ്സിയാതെ ആന്തുവിനെയും.
അടുത്ത വർഷത്തെ വലിയ പെരുന്നാളിന് നിധി കെട്ടൽ ആഘോഷത്തിനിടയിൽ ആന്തു നല്ലെയെ പിടിച്ചു താഴെയിട്ടപ്പോൾ, അത് ജെല്ലെയോടുള്ള വിടപറയൽ ആയിരുന്നു. എന്നാൽ ജെല്ലെക്കു തോൽക്കാൻ മനസ്സില്ലായിരുന്നു. അവൻ ആ വർഷം തന്നെ നിധിയഴിക്കാൻ കയറി വിജയി ആയി. നിധിയഴിക്കാൻ അവനോടു പറഞ്ഞത് ജെമി ആണ്. ജമി അവനെ കുളിപ്പിചോരുക്കാൻ നിയോഗിക്കപ്പെട്ട പെണ്‍പടയുടെ നേതൃത്ത്വം ഏറ്റെടുത്തപ്പോൾ അത് പുതിയ ഒരു ജീവിതത്തിന്റെ തുടക്കം ആയിരുന്നു. നല്ലെയെ കൈവിട്ടതിനു ശേഷം നല്ലൊരു കൂട്ട് തേടി അലയുകയായിരുന്നു ജെമി.
നേരം സന്ധ്യയാകുന്നു. പല നീളത്തിൽ മുടി വളർത്തിയ ജെല്ലെയുടെ സുഹൃത്തുക്കൾ ഒരു വണ്ടിയിൽ അലങ്കാരങ്ങൾക്കുള്ള സാമഗ്രികളുമായി പാഞ്ഞു വരുന്നു. ഏതാനും നിമിഷങ്ങൾക്കകം ആ വഴിയിൽ പച്ചയോലകൊണ്ട് അതിരു നിശ്ചയിക്കുന്ന ഒരു പന്തൽ ഒരുങ്ങുന്നു, പുഷ്പ ചെടികൾ സ്ഥാനം പിടിക്കുന്നു, വർണ്ണ പ്രകാശം പരക്കുന്നു. സമയം ആയി വരുന്നു. മങ്ങിയ വെളിച്ചത്തിൽ ഭക്ഷണ സാമഗ്രികളും ശീതള പാനീയങ്ങളും നിരന്നു. നാടൻ ശീലുകളുടെ അകമ്പടിയോടെ, പാരമ്പര്യ സംഗീത വാദ്യങ്ങളുടെ മേളക്കൊഴുപ്പോടെ ജെല്ലെയെയും ജമിയെയും എഴുന്നള്ളിച്ചു കൊണ്ട് വന്നു. കൊട്ടും സ്യൂട്ടും ധരിച്ച ജെല്ലെയും, മാലാഖയെപ്പോലെ വെള്ള ഗൗണ്‍ ധരിച്ച ജെമിയും നിറപുഞ്ചിരിയോടെ അഥിതികളിൽ നിന്നും ആശംസകൾ ഏറ്റു വാങ്ങാൻ നിന്നു.
കൂട്ടത്തിൽ പമ്മിയും പരുങ്ങിയും ഞാനും സഹ അദ്ധ്യാപകരും നിന്നു. ഭക്ഷണത്തിൽ ആയിരുന്നു ഞങ്ങളുടെ താൽപ്പര്യം. ആശംസ അറിയിക്കാതെ ഭക്ഷണം കഴിക്കുന്നത്‌ മര്യാദ അല്ലാത്തത് കൊണ്ട്, ആ നിരയിൽ നിന്നു. ഹസ്തദാനത്തോടൊപ്പം പകുതി ഇംഗ്ലീഷിലും പകുതി ദിവേഹിയിലും ആയി ആശംസകൾ പകർന്നു. പിന്നിൽ നിന്നിരുന്ന വികൃതി കുട്ടികൾ മണ്ണെടുത്ത്‌ പത്രോസ് സാറിന്റെ കാലുറയുടെ കീശയിൽ തിരുകിയത് കൂട്ടച്ചിരിക്കു കാരണമായി. ഞങ്ങൾ എല്ലാവരും അടുത്ത ഊഴം ആർക്കാകും എന്ന് ഉറപ്പില്ലാതെ വിഷമിക്കുമ്പോളും, ചിരിക്കാതിരുന്നില്ല. മനസ്സിൽ നല്ല നാടൻ തെറി പറഞ്ഞിട്ട് പത്രോസ് സാർ തിരിഞ്ഞു നിന്നു പുഞ്ചിരിച്ചു. ഒരു കൊഞ്ഞനം കാട്ടി അവർ ആ ലീല അവസാനിപ്പിച്ചു. കൂട്ടത്തിൽ ഏറ്റവും പേടി സാജു സാറിനാ. സാജു സാറിന് ക്ലാസ്സ്‌ എന്നാൽ ഒരു യുദ്ധം ആണ്. വിയർത്തു കുളിച്ചിട്ടാണ് പുറത്തിറങ്ങുക. ചോക്ക് കൊണ്ട് ഏറു കിട്ടല്ലേ എന്ന പ്രാർത്ഥനയോടെ ആണ് ക്ലാസ്സിൽ കയറുക. പ്രാർത്ഥന ആരു കേൾക്കാൻ. ത്രേസ്യാമ്മ ടീച്ചർ ആണ് നാണിച്ചു പോയത് ഒരിക്കൽ. മുറി ഇംഗ്ലീഷിൽ ഒരുവൻ ടീച്ചറെ അങ്ങ് വർണ്ണിച്ചു പോലും!! കൂട്ടച്ചിരിക്കിടയിൽ ഒരു കണക്കിന് ക്ലാസ്സിൽ നിന്നും ഇറങ്ങി നടന്നു. അപ്പോൾ ഈ ഞാൻ എങ്ങിനെ എന്നല്ലേ സംശയം? എന്റെ കയ്യിൽ ഒരു വിദ്യയുണ്ട്. കുറച്ചങ്ങു സഹിക്കും. സഹി കെട്ടാൽ കൈ പിടിച്ചു ഞെരിക്കും, പാട് വരാത്ത വിധം മാത്രം..
ഭക്ഷണം നിരത്തിയ മേശയ്ക്കു ചുറ്റും ആൾക്കാർ തിരക്ക് കൂട്ടിത്തുടങ്ങി. പല രൂപത്തിൽ ഉള്ള പൊരിച്ച പലഹാരങ്ങൾ, ചോറ് വിഭവങ്ങൾ പലതരം, നൂഡിൽസ് വിഭവങ്ങൾ, മത്സ്യം, കോഴി, മധുരം ഉള്ളവ പലതരം, വിവിധ വർണ്ണങ്ങളിൽ ശീതള പാനീയങ്ങൾ. വിഭവങ്ങളിൽ എല്ലാത്തിലും പ്രധാന ചേരുവ മത്സ്യം തന്നെ. കഴിക്കാൻ പറ്റുന്നതും, അല്ലാത്തതും ആയ എല്ലാം പ്ലേറ്റിൽ നിറച്ചു. രുചിയുള്ളത് നോക്കി ആദ്യം കഴിച്ചു തുടങ്ങി. ഛർദ്ദിക്കും എന്ന അവസ്ഥ വന്നപ്പോൾ നിർത്തി. സൽക്കാരം കഴിഞ്ഞ് വധൂ വരന്മാർക്കു ഒന്നുകൂടി ആശംസകൾ നേർന്നു കൊണ്ട് മുറിയിലേക്ക് നടന്നു, പരദൂഷണം പറഞ്ഞു തിന്നത് ദഹിപ്പിക്കാൻ.
തിരക്കൊഴിഞ്ഞപ്പോൾ ജെല്ലെയും ജെമിയും കിന്നാരം പറഞ്ഞു തുടങ്ങി. ആഘോഷം കഴിഞ്ഞു ആദ്യം ജെമിക്കു വേണ്ടത് ജെല്ലെയുടെ മോട്ടോർ സൈക്കിളിന്റെ പുറകിൽ ഞെളിഞ്ഞിരുന്നു ഒരു "റൈഡ്നു" പോകണം എന്നായിരുന്നു. ആ കൊച്ചുതുരുത്തിൽ അവർ സ്വപ്‌നങ്ങൾ നെയ്തു തുടങ്ങി.

No comments:

Post a Comment