Sunday, September 29, 2013

ദുർഗ്ഗ

ദുശാസ്സന കേസരികൾ മുടിക്കുത്തും, മടിക്കുത്തും അഴിക്കുമ്പോൾ
രോദനങ്ങളിൽ പോലും അവതരിക്കാത്ത
അവതാര "പുരുഷന്മാർ" ഇല്ലാത്തപ്പോൾ
ചെറുത്തുനിൽപ്പെൻ മാനവും ജീവനും കവരുമ്പോൾ
സർവ്വം സഹയായ്, ഇഷ്ട വരദായിനിയായ്
ശുഭ്രകപോതം പറത്തിക്കളിക്കുവാൻ
മൂഡയല്ല, അബലയല്ലിന്നു  ഞാൻ
കണ്ണിൽ തീജ്ജ്വാല പടർത്തിയും
രൗദ്രഭാവത്തിൽ ആക്രോശിച്ചും
കാട്ടാള വർഗ്ഗമെ, കൊയ്തെടുത്തു ഹാരമണിയും ഞാൻ
ചിന്നിച്ചിതറിയ ചുടുചോരകൊണ്ട് തിലകം വരയ്ക്കും
അഴിച്ചമുടിക്കെട്ട് കുട്ടുകയില്ല ഞാൻ
നിൻറെ വംശമവസാനിക്കുംവരെ 

Tuesday, September 24, 2013

ഉണരൂ

അടുത്തിരിക്കും കുഞ്ഞിൻ കരച്ചിൽ കേട്ടുരുകണം മനം
തനിക്കു പിറക്കാതെ പോയ താനാണെന്നോർക്കണം
കണ്ണീർ തുടച്ചു, പിഴുതെറിയണം കരാളഹസ്തം
ഒഴുക്കണം ആ പിശാചിൻ രക്തം ഓവു ചാലിൽ

Monday, September 23, 2013

നീയും ഞാനും

നിന്നിലില്ലേ ഞാൻ, നീ എന്നിലില്ലേ
അമ്മതൻ ഉദരത്തിൽ സ്വസ്തം കിടന്നതും 

പേറ്റുനോവിൻ പാരമ്മ്യത്തിലുദ്ദീപ്ത 
ശംഖൊലിപോലെൻ കരച്ചിൽ ശ്രവിച്ചതും
കണ്ണേറു കൊള്ളാതിരിക്കാൻ കവിളിൽ
കണ്മഷി തേച്ചു പിടിപ്പിച്ചപ്പോളും
ഒപ്പത്തിനൊപ്പം കുട്ടിക്കളികളിൽ മത്സരിച്ചപ്പോളും 

നിന്നിലില്ലേ ഞാൻ, നീ എന്നിലില്ലേ
വേർതിരിച്ചെന്നെ കെട്ടിയിടാനുള്ള
അടയാളങ്ങൾ നിരന്നതും ഭീതി പരത്തിയും,
താക്കീത് നൽകിയും നീയും ഞാനും കൂടിയെന്നെ 

വേറിട്ടതാക്കിയില്ലേ
 --------------------------------------------------------------
ചലനത്തിൽ, ഭാവത്തിൽ, ശബ്ദത്തിൽ, വേഷത്തിൽ 

ചങ്ങലക്കൂട്ടങ്ങൾ പൂമാലയാക്കി നാം
തങ്ങളിൽ തങ്ങളിൽ മാത്സര്യം നിറച്ചപ്പോൾ
നിന്നിലില്ലേ ഞാൻ, നീ എന്നിലില്ലേ
വിവടുകൾ ചികഞ്ഞുള്ള കഴുകൻ കണ്ണുകളും
മാർദ്ദവം തിരഞ്ഞുള്ള കൈത്തലങ്ങളും
ശൃംഗാരം നുകരുവാൻ മധുവചനങ്ങളും 

പിന്തുടർന്നപ്പോളെല്ലാം
നിന്നിലില്ലേ ഞാൻ, നീ എന്നിലില്ലേ
പല്ലും നഖവും അളന്നു നോക്കി 

അന്തസ്സിനൊത്ത പൊന്നും പണവും 
കൂട്ടി തൂക്കി വിറ്റപ്പോളും
പുഞ്ചിരി തൂകിയെന്നെ എതിരേറ്റപ്പോളും
ചലനങ്ങൾക്ക് കൂച്ചുവിലങ്ങിട്ട കണ്ണുകളിൽ 

നിന്റെയുമില്ലേ കൂട്ടുനിൽക്കാൻ
ചുറ്റുവട്ടത്തെല്ലാം മധു നുകരുവാൻ
വണ്ടുകൾ തമ്മിൽ മത്സരിച്ചപ്പോളും
കൂട്ടിന്നിരിക്കാനും, കൂട്ടികൊടുക്കാനും നീയുമില്ലേ 

എനിക്ക് പെണ്‍കുഞ്ഞായ് നീ പിറന്നപ്പോളും 
നിന്നിലടയാളങ്ങൾ നിറച്ചു, ഭീതി പരത്തി നിന്നെ, 
ഞാനായ് വളർത്തിയില്ലേ
എന്നെയും നിന്നെയും ചെന്നായ്ക്കൂട്ടങ്ങൾ 

നക്കിത്തുടച്ചപ്പോളും, കടിച്ചു കീറിയപ്പോളും 
നിസ്സംഗരായ് നോക്കിനെടുവീർപ്പിടുമ്പോളും 
ഓർക്കുന്നുവോ, ഞാൻ നിന്നിലുണ്ട്, നീയെന്നിലും

Friday, September 13, 2013

കാത്തിരിപ്പ്

ദംഷ്ട്രകൾ നിന്നെ കടിച്ചു കീറിയപ്പോൾ
ആവേശം തിരതള്ളി ചവച്ചു തുപ്പിയപ്പോൾ
കൂർത്ത നഖങ്ങൾ ഭ്രാന്തമായ്
നിന്നവയവങ്ങൾ വരഞ്ഞു കീറിയപ്പോൾ
രോദനം എനിക്ക് സംഗീതമായപ്പോൾ
ഓർത്തുവോ കാത്തിരിക്കും നിയതിയെ
കറുത്ത തുണിയെൻ പേടിച്ചരണ്ട മുഖം മറയ്ക്കും
മറയ്ക്കുമോ എന്നാത്മാവിൻ കറുത്ത ശീലങ്ങളെ
തൂങ്ങിയാടും കുരുക്കിലെൻ കഴുത്തമരുമ്പോൾ
ഓർക്കുവതെന്തു ഞാൻ
നിൻ ദയനീയ നേത്രങ്ങളെയോ
അതോ എൻ രതി വൈകൃതങ്ങളെയോ

Sunday, September 8, 2013

ചുമട്


കഴിഞ്ഞ പത്ത് വർഷം ഒരു നിർഗ്ഗുണ ബുദ്ധിമാനെ ചുമന്നു. ഇനി കൈയിൽ പാൽക്കുപ്പിയുമായ് നടക്കുന്ന ഒരു അല്പബുദ്ധിയെ ചുമക്കേണ്ടി വരുമോ ? നമ്മൾ കഴുതകൾ, ചുമട് ഏതെന്നു നോക്കാതെ ചുമക്കാൻ വിധിക്കപ്പെട്ടവർ. എന്നാലും ഇടയ്ക്കൊന്നു നടുനിവർത്തുന്നതു നന്നായിരിക്കും 

Thursday, September 5, 2013

തൃഷ്ണ

നിന്നിലലിഞ്ഞിരുന്ന ഞാൻ
അഹങ്കാരത്തിൻ ആധിപത്യം സ്ഥാപിച്ചു
അമിത തൃഷ്ണയാൽ ഉപരിതലത്തിൽ വന്നപ്പോൾ
ശാപത്തിൻ സൂര്യതാപത്താൽ ബാഷ്പമായുയർന്നു
ഉയരങ്ങളിൽ വച്ച് മലനിരകൾ എന്നെ
പച്ചപ്പ്‌ കാണിച്ചു മോഹിപ്പിച്ചു മാടി വിളിച്ചു
കാറ്റുവന്നെന്നെ കൂട്ടിക്കൊണ്ടു പോയി
തണുത്തുറഞ്ഞു മഞ്ഞായ്‌ തപം ചെയ്തു
യാഥാർത്ഥ്യം ഭൗമതാപമായ്
അലിയിച്ചിറക്കിയപ്പോൾ
മുറുകെ പിടിക്കാൻ ശക്തമായ കൈത്തലങ്ങൾ
മലനിരകൾക്കില്ലായിരുന്നു
രൂപംപോലുമില്ലാത്ത എന്റെ കൈകൾ
നടത്തിയ ശ്രമങ്ങളും പാഴായപ്പോൾ
മോഹങ്ങളെല്ലാം വൃഥാവിലായി
ഒലിച്ചിറങ്ങി, അനുഭവത്തിൻ അഴുക്കുകൾ ഏറ്റുവാങ്ങാൻ
കളങ്കവുമായി ഒഴുകുന്ന എന്നിൽ മുങ്ങി
പാപികൾ ആത്മശുദ്ധി വരുത്തി
എല്ലാമേറ്റുവാങ്ങി വരുന്നു
ഒന്നാണ് നീയും ഞാനും എന്ന് കാതിലോതുവാൻ
വീണ്ടും അഹങ്കാര തൃഷ്ണകളെന്നെ
ആകാശത്തിലേക്കുയുർത്തും വരെ
നിന്നിൽ തന്നെ അലിയാൻ

Tuesday, September 3, 2013

സോഷ്യല്‍ മീഡിയകളിലെ സാഹിത്യ വളര്‍ച്ച

ഭാഷ ഉണ്ടായ കാലങ്ങൾക്ക് മുൻപ് തന്നെ മനുഷ്യൻറെ ആശയ വിനിമയത്തിൽ സർഗ്ഗസൃഷ്ടികൾ ഇടം നേടിയിരുന്നു. അതിനെ പ്രാകൃത രൂപത്തിൽ ഉള്ള സൃഷ്ടികൾ ആയിട്ടു പിന്നീട് വിവക്ഷിക്കപ്പെട്ടു. വാമൊഴികളിലൂടെ അവ സംവേദനം ചെയ്യപ്പെടുകയായിരുന്നു. പിന്നീട് ലിഖിതഭാഷ ഉണ്ടായപ്പോൾ പകർത്തിവയ്ക്കപ്പെടുന്ന സൃഷ്ടികൾ ഉണ്ടാവുകയുണ്ടായി. ശിലായുഗത്തിൽ നിന്നും ലോഹയുഗത്തിലൂടെ ആധുനിക യുകത്തിൽ എത്തിപ്പെട്ടപ്പോൾ കാലങ്ങൾക്കനുസരിച്ചുള്ള മാധ്യമങ്ങൾ ഉപയോഗിക്കപ്പെട്ടു. ആധുനീക യുഗത്തിന്റെ സാങ്കേതിക വളർച്ച പേപ്പർ താളുകളിൽ നിന്നും അക്ഷരങ്ങളെയും പുതു മാധ്യമത്തിലേക്കു കൊണ്ട് വന്നു. ഇവിടെ എല്ലായിടത്തും സർഗ്ഗവാസനകൾ രൂപപ്പെടുന്നത് സൃഷ്ടികർത്താവിന്റെ മനസ്സിൽ ആണ്. അത് പകർത്തപ്പെടുന്ന മാധ്യമം അനുസരിച്ച് വലുതും ചെറുതും ആയി കാണാൻ കഴിയില്ല എന്ന് സാരം.

ഇവിടെയാണ്‌ സൈബർ സാഹിത്യം  ഒരു രണ്ടാം കിട സാഹിത്യ ശാഖ എന്ന മോശം എന്ന് പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ രംഗപ്രവേശനം ചെയ്യുന്നത്. സാഹിത്യം കുറച്ചു പേർക്ക് മാത്രം എഴുതാനുള്ളതും ബഹുഭൂരിപക്ഷവും വായിക്കാനുള്ളതും എന്ന ഒരു അലിഘിത രീതി നിലനിന്നിരുന്ന ഒരു കാലം. പുസ്തകങ്ങളെ മാത്രം ആശ്രയിച്ചു വായനയും രചകളും വളർന്നു . എന്തെങ്കിലുമൊക്കെ എഴുതാൻ കഴിയുന്നവനൊന്നും അത് വെളിച്ചം കാണിക്കാനുള്ള അവസരമോ, ആത്മവിശ്വാസമോ ഇല്ലാതെ ഒതുക്കിവയ്ക്കപ്പെട്ടിരുന്ന ഒത്തിരി സർഗ്ഗസൃഷ്ടികൾ, സൈബർ ലോകത്തിൽ അവയുടെ ഇടം കണ്ടെത്താൻ ശ്രമിച്ചു. അവയിൽ പലതും നല്ല രീതിയിൽ വായിക്കപ്പെട്ടു. വായനാ ശീലം മനസ്സിൽ ഉള്ളവരെല്ലാം പുതിയ രീതികൾ പരീക്ഷിക്കാൻ തുടങ്ങി. നല്ലതും ചീത്തയും ആയി ഒരുപാടു രചനകൾ ദിനം പ്രതി അനുവാചക ഹൃദയങ്ങളിലേക്ക് ഒഴുകി. വായനാ ശീലം പുതിയ മാർഗ്ഗതിലൂടെ പ്രചരിക്കപ്പെട്ടു തുടങ്ങി. പഴയതും പുതിയതും ആയ രചനകൾ , മഹാൻ മാരുടെ രചനകൾ പോലും സൈബർ സാഹിത്യ ശാഖയിലൂടെ പ്രചരിപ്പിക്കപ്പെട്ടു. പഴമയെ അംഗീകരിച്ചുകൊണ്ട് തന്നെ പുതുമയെ വരവേൽക്കാൻ ഉള്ള സഹിഷ്ണുത ഉണ്ടെങ്കിൽ ഒന്നും വെവ്വേറെ തരം തിരിക്കേണ്ടതില്ല