Thursday, September 5, 2013

തൃഷ്ണ

നിന്നിലലിഞ്ഞിരുന്ന ഞാൻ
അഹങ്കാരത്തിൻ ആധിപത്യം സ്ഥാപിച്ചു
അമിത തൃഷ്ണയാൽ ഉപരിതലത്തിൽ വന്നപ്പോൾ
ശാപത്തിൻ സൂര്യതാപത്താൽ ബാഷ്പമായുയർന്നു
ഉയരങ്ങളിൽ വച്ച് മലനിരകൾ എന്നെ
പച്ചപ്പ്‌ കാണിച്ചു മോഹിപ്പിച്ചു മാടി വിളിച്ചു
കാറ്റുവന്നെന്നെ കൂട്ടിക്കൊണ്ടു പോയി
തണുത്തുറഞ്ഞു മഞ്ഞായ്‌ തപം ചെയ്തു
യാഥാർത്ഥ്യം ഭൗമതാപമായ്
അലിയിച്ചിറക്കിയപ്പോൾ
മുറുകെ പിടിക്കാൻ ശക്തമായ കൈത്തലങ്ങൾ
മലനിരകൾക്കില്ലായിരുന്നു
രൂപംപോലുമില്ലാത്ത എന്റെ കൈകൾ
നടത്തിയ ശ്രമങ്ങളും പാഴായപ്പോൾ
മോഹങ്ങളെല്ലാം വൃഥാവിലായി
ഒലിച്ചിറങ്ങി, അനുഭവത്തിൻ അഴുക്കുകൾ ഏറ്റുവാങ്ങാൻ
കളങ്കവുമായി ഒഴുകുന്ന എന്നിൽ മുങ്ങി
പാപികൾ ആത്മശുദ്ധി വരുത്തി
എല്ലാമേറ്റുവാങ്ങി വരുന്നു
ഒന്നാണ് നീയും ഞാനും എന്ന് കാതിലോതുവാൻ
വീണ്ടും അഹങ്കാര തൃഷ്ണകളെന്നെ
ആകാശത്തിലേക്കുയുർത്തും വരെ
നിന്നിൽ തന്നെ അലിയാൻ

No comments:

Post a Comment