Tuesday, March 18, 2014

തടവറ

അരിച്ചിറങ്ങുന്ന വെളിച്ചം കാഴ്ച്ചയെ കൂടുതൽ മറയ്ക്കുന്നു.
പരുപരുത്ത ഭിത്തി തലപ്പുകൾക്ക് മൂർച്ച കൂടിയിരിക്കുന്നു.
ആർത്തനാദം പോലും വലിച്ചെടുക്കുന്ന സ്വാംശീകരണം.
ഇടയ്ക്ക് നെടുവീർപ്പുകൾ പോലും പ്രകമ്പനം സൃഷ്ടിക്കുന്നു.
വിസർജ്യത്തിന്റെ ദുർഗന്ധം..

തലകീഴായ് പിടിച്ചിരിക്കുന്ന കൊടിക്ക് പിന്നാലെ അനുയായികൾ തല താഴ്ത്തി നടക്കുന്നു. വായടച്ചാസനത്താൽ വിളികളേറ്റു വിളിക്കുന്നു.
ചുറ്റും തലയറ്റ കബന്ധങ്ങൾ നൃത്തം ചവിട്ടുന്നു. എതിരേ വരുന്ന മഞ്ചത്തിൽ എത്തിച്ചു നോക്കി. ആശയങ്ങളെ തോൽപ്പിച്ച് അച്ഛൻ ചിരിച്ചുറങ്ങുന്നു.
കഴുത്തിലമർന്ന കയറഴിച്ചു മാറ്റിയിട്ടില്ല. ആ കയറിന്നറ്റം കൂട്ടിക്കെട്ടി വണ്ടി കളിച്ചു. വണ്ടിയിൽ കയറുവാനാളുകൾ തിക്കി തിരക്കി. വണ്ടിയുരുണ്ടപ്പോൾ ചക്രമായ് മാറി. തലകറങ്ങുന്നു..

വീഴാതിരിക്കാൻ പാടുപെട്ടു. ചുവടുറപ്പിക്കാൻ വലം കാലെടുത്തു വെച്ചു. അഗാധ ഗർത്തത്തിലേക്കാണല്ലോ വീഴുന്നത്. ചുഴിയിൽ അകപ്പെട്ട് താഴേയ്ക്ക്. ചുവന്ന തിരമാലകൾ കൊടുമുടിയോളം ഉയരത്തിൽ. ചെറുമീനുകൾ വാപിളർന്നു..

കയ്യിൽ കടന്നുപിടിച്ച് രക്ഷിച്ച കൈത്തലം ആരുടേതാണ്? അച്ഛനോ? അല്ല മകനാണല്ലോ. എന്തേ മോനെ നിന്റെ കൈത്തലം പരുപരുത്ത്‌ പോയത്? അമ്മയുടെ കയ്യിലേൽപ്പിച്ചവൻ നടന്നു നീങ്ങിയല്ലോ. കരയുന്ന വായിൽ അമ്മ മുല തിരുകി. നീലച്ച മുലകൾ!! അയ്യോ, അമ്മയല്ല..ദംഷ്ട്രകൾ കാട്ടി ചിരിക്കുന്നു.. കഴുത്തിലമരുന്ന കൈത്തലം..

കുളിപ്പിച്ചണിയിച്ചൊരുക്കുന്നു. ദർഭയും, എള്ളും, പൂവും..കൊള്ളികൾ നിരക്കുന്നു..എരുക്കിൻപൂവിൻ മണം..ചീവീടുകൾ ചിലയ്ക്കുന്നു..കാറ്റത്ത് ചാരം പറക്കുന്നു..

ഭിത്തിക്കപ്പുറം ആൾക്കൂട്ടം മൂക്ക് പൊത്തുന്നു..അളിഞ്ഞ മാംസത്തിനു മീതെ കീടമരിക്കുന്നു..കാലിലണിഞ്ഞ ചങ്ങല ഊർന്നു മാറിക്കിടന്നു..

Sunday, March 16, 2014

പിറന്നാൾ ആശംസകൾ

പൗർണ്ണമി ചന്ദ്രിക പാലോളി തൂകും രാവിൽ
പാതി വിടർന്ന പാരിജാതം പോൽ
 കണ്ണുചിമ്മിയ നിൻ വദന കാന്തിയിൽ
ആത്മനിർവ്വൃതിയാലമ്മതൻ നേത്രങ്ങളിൽ 
അശ്രുരേണുക്കൾ തിളങ്ങിടുമ്പോൾ
ആധിയിലപ്പുറം കാത്തിരുന്നച്ഛന്റെ
ആശ്വാസ നിശ്വാസത്തലോടലിൽ
തേങ്ങാൻ മറന്നു നീ പുഞ്ചിരിതൂകിയോ

  

Friday, March 7, 2014

രാജി

ഇറക്കിയില്ലെങ്കിൽ കാണാം..
ഇനിയും ഇറക്കിയില്ലല്ലോ?
നാളെ ഇറക്കിയില്ലെങ്കിൽ കാണാം..
നാളെ ഇറക്കിയില്ലെങ്കിലോ?
അത് നാളെ പറയാം..
ഇന്നിതുവരെ ഇറക്കിയില്ലല്ലോ?
ഇന്നിറക്കിയില്ലെങ്കിൽ രാജി!
ഇതുവരെ ഇറക്കിയില്ലല്ലോ?
ഇന്നെന്തായാലും തീരുമാനമെടുക്കും..
എന്താ തീരുമാനം?
ഇറക്കും എന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്..
ഇനിയും ഇറക്കിയില്ലല്ലോ നേതാവേ?
എന്തെങ്കിലുമൊന്നു ഒന്ന് ഇറക്കെടെയ്‌..
പറയുന്നത് പോലെ അങ്ങ് വയ്ക്കാൻ
പറ്റുന്നത് വല്ലതും ആണോ ഇത് ?
രാജി, രാജിവെച്ചു..




Wednesday, March 5, 2014

കള്ളം

പകർന്നു കിട്ടിയ ശോഭയാലവൻ
തെളിഞ്ഞു നിന്നു മോഹങ്ങൾ നൽകി..
ഒളിഞ്ഞിരുന്നു വിരഹം നൽകിയതും
തെളിഞ്ഞ കാന്തിയാൽ ദാഹമകറ്റിയതും
കനിഞ്ഞു കിട്ടിയ മായയാലെന്നറിയാതെ
പകർന്നു നൽകിയവൾ പ്രണയ കാമനകൾ..
 തെളിഞ്ഞ് കാണും വദനത്തിൻ കാന്തി
ആഴ്ന്നിറങ്ങും ചെളിയിലാണെന്ന്
മൊഴിഞ്ഞില്ലവളൊരിക്കലും,
അറിഞ്ഞില്ലവനും..

 

നേർവഴി

കഴിവും നന്മയും തിരിനാളമായ് നയിക്കെ
ഇടവഴിയിൽ വെച്ചൊരു വൈദ്യൻ വന്നു..
നിവർന്നു നിൽക്കുന്നൊരു നട്ടെല്ലിലൊരു
ആണിയടിച്ചു ബോധം കെടുത്തി,

പെറുക്കിയെടുത്തു രോഗലക്ഷണങ്ങൾ..
കാണേണ്ടാത്തത് കാണുന്നു
കേൾക്കേണ്ടാത്തത് കേൾക്കുന്നു
പറയേണ്ടാത്തത്‌ പറയുന്നു
ചിന്തിക്കേണ്ടാത്തത് ചിന്തിക്കുന്നു..

എല്ലാം വാരി മുതുകിൽ വെച്ച് കെട്ടിത്തന്നു..
 താങ്ങാൻ പറ്റാത്ത വലിയ ഭാണ്ഡം!
ഓരോന്നായി വഴിയിലുപേക്ഷിച്ച്
ഇന്ദ്രിയ നിയന്ത്രണം നടത്താനുപദേശം..  
നട്ടെല്ല് വളച്ച്, ഭാണ്ഡവുമായി നടന്നു..
നടു നിവർന്നപ്പോൾ വഴി തെറ്റിയിരുന്നു..



Monday, March 3, 2014

പ്രകടന പത്രിക

ഇത് പ്രകടന പത്രികകളുടെ കാലമാണല്ലോ. കണ്ടറിഞ്ഞും, കൊണ്ടറിഞ്ഞും. കേട്ടറിഞ്ഞും രാഷ്ട്രീയ ബുദ്ധിജീവികൾക്ക് അതിബുദ്ധി കാണിക്കാനുള്ള അവസരം. എന്ത് ചെയ്യുന്നു, എന്ത് ചെയ്യാൻ കഴിയുന്നു, എന്താണ് ചെയ്യേണ്ടത് എന്നതിനപ്പുറം എത്ര വോട്ട് നേടാൻ കഴിയും എന്ന ലാക്കോടെ ആണ് ഒട്ടുമിക്കതും പിറന്ന് വീഴുന്നത്. മലയോര കർഷകർ ആണ് വോട്ട് ചെയ്യുന്നത്. അതുകൊണ്ട് പാവം പരിസ്ഥിതി ഒരു വശത്തേക്ക് ഒതുങ്ങി. അഴിമതിക്കെതിരെ ആണ് പൊതുജന വികാരം. അപ്പോൾ അതിനെ പരാമർശിക്കാത്തത് വിലപ്പോകില്ല. അതുകൊണ്ട് അഴിമതിയുടെ തലതൊട്ടപ്പന്മാർ പോലും അഴിമതി തുടച്ചു നീക്കി എന്ന് ഘോര ഘോരം പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. ഇതിനിടയിൽ ആണ് പല അവിശുദ്ധ കൂട്ടുകെട്ടുകളും വിശുദ്ധമാകുന്നതും നമ്മൾ കാണുന്നത്. തെറ്റുകൾ ഏറ്റുപറയുന്നവരും, തെറ്റ് ചെയ്യാൻ തെരഞ്ഞെടുപ്പ് കഴിയുന്നത്‌ വരെ കാത്തിരിക്കുന്നവരും നമ്മളെ മോഹിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു. ഇതെല്ലം വെറും പ്രകടനങ്ങൾ ആണെന്ന് നമ്മൾ മനസ്സിലാക്കുമ്പോളേയ്ക്കും മൂടും തട്ടി അവർ കടന്നു കളഞ്ഞിട്ടുണ്ടാകും. ജാഗ്രതൈ !!!

Sunday, March 2, 2014

കാപട്യം

ആദ്യം നൽകിയ
പനിനീർ പൂവിൻ തണ്ടിൽ
മുള്ളുകൾ ഇല്ലായിരുന്നു..
പിന്നീട് നൽകിയ പൂവിൻ
മുള്ള്കൊണ്ട്
കരം മുറിഞ്ഞപ്പോൾ
വേദന ചുംബിച്ചെടുത്തു ..
നഖംകൊണ്ട വേദന
പരിഭവമായപ്പോൾ
ഒളിപ്പിച്ചു വച്ച കാപട്യം
സ്നേഹം പകർന്നു..
സൂചിത്തലപ്പ് കൊണ്ടറിയാതെ
വേദനിപ്പിച്ചാഴമളന്നു..
വാക്കിൻ മൂർച്ചയാൽ
കീറിമുറിച്ചപ്പോൾ
പൊടിഞ്ഞ കണ്ണീർ
രൂപം മറച്ചു..
കരുതി വച്ചിരുന്ന കഠാര
ചങ്കിലിറക്കിയപ്പോൾ
വാർന്ന ചോര നക്കിക്കുടിച്ചു..
ചിറിയിൽ ഒലിച്ചിറങ്ങും
ചോരകാട്ടി ചിരിച്ചു വിജയിയായ്..


Saturday, March 1, 2014

✓ / x ?

ശരിയും തെറ്റും തമ്മിലുള്ള മല്ലയുദ്ധത്തിൽ
ശരി ഒത്തിരി ഒടിഞ്ഞ് ചെറിയൊരു തെറ്റായി
തെറ്റ് ഇമ്മിണി നിവർന്ന് വലിയൊരു ശരിയായി !!
മാദ്ധ്യസ്ഥം പറയാൻ ചെന്ന ചോദ്യം
നടുവിനടികിട്ടി ആശ്ചര്യപ്പെട്ടു നിന്നു !!