തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ ശ്രീ ആകെയൊന്നു തുടിച്ചു. ഈറനണിഞ്ഞു കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ കവിളിലെ ചുവപ്പ് കണ്ട് അവളൊന്നു നാണിച്ചു. പുതുമണമുള്ള പുളിയിലകര ചേലയെടുത്ത് ചുറ്റി. മുടിയുടെ നനവ് ബ്ലൗസിന്റെ പിൻഭാഗത്ത് നനവ് പടർത്തി. ഇരുവശത്ത്നിന്നും കുറച്ചു മുടിപകുത്തെടുത്ത് പിന്നിക്കെട്ടി. കുങ്കുമ ചെപ്പ് തുറന്നു നെറ്റിയിൽ കുറി വരച്ചു. ഗുരുവായൂരപ്പനെ പ്രാർത്ഥിച്ച്, പൂമുഖത്തേക്ക് നടന്നു.
പടിഞ്ഞാറ് സൂര്യൻ ചരിഞ്ഞിറങ്ങുന്ന ചുവപ്പ് അവളുടെ കവിൾ കൂടുതൽ ചുവന്നതാക്കി. തിളങ്ങുന്ന കൃഷ്ണമണികളിൽ ചുവന്ന വെളിച്ചം ഒളിച്ചിരുന്നു. ഒരു മൂളിപ്പാട്ടിനാൽ മുറ്റത്തെ തുളസിക്ക് വെള്ളം ഒഴിച്ച്, ഒരു തുളസിക്കതിർ നുള്ളിയെടുത്തവൾ മുടിയിൽ വെച്ചു.
കർക്കിടക മേഘങ്ങൾ കൂട്ടംകൂടി കഥപറയാൻ തുടങ്ങി. കൂട്ടത്തിലൊരു കുസൃതിക്കാരൻ കഥകേൾക്കാൻ തിരക്ക് കൂട്ടിയപ്പോൾ, കരുതിവച്ച നീർക്കുടം തുളുമ്പി. മഴത്തുള്ളികൾ ദേഹത്ത് പതിച്ചനേരം, കണ്ണുകളടച്ച് ശ്രീ കൈകളുയർത്തി, ചിന്നംപിന്നം പെയ്യുന്ന മഴയോട് കിന്നാരം പറഞ്ഞു ചിരിച്ചു. മഴമേഘ കൂട്ടം കൂടെ ചിരിച്ചു. ശ്രീ ഓടിപ്പോയി കോലായിൽ ഇരുന്നു. മഴത്തുള്ളികൾ അവളുടെ കാലുകളെ ചുമ്പിക്കാൻ തിരക്ക് കൂട്ടി. തണുത്ത ഓരോ ചുംബനവും അവളെ പുളകിതയാക്കി. വരാൻ പോകുന്ന സുവർണ്ണ നിമിഷത്തെക്കുറിച്ചോർത്തു അവളുടെ കണ്ണുകൾ കൂടുതൽ തിളങ്ങി, കവിളുകൾ തുടുത്തു, ചുണ്ടുകൾ വിടർന്നു.
പുളിയില കരമുണ്ടിൻ താഴെ കണ്ട നഖം വൃത്തിയായി വെട്ടിയൊതുക്കിയിട്ടുള്ള കാലുകൾ കണ്ണുകളെ അതിശയിപ്പിച്ചു അറിയാതെ എഴുന്നേൽപ്പിച്ചു. ശ്രീ എന്നുള്ള സ്നേഹപൂർവ്വമായ വിളികേട്ട് പാദങ്ങളിൽ നിന്നും മുഖം മുകളിലേക്ക് ഉയർന്നു അവൾ ഒരു മയികലോകത്ത് എത്തിയപോലെ എഴുന്നേറ്റു..ശ്രീ എന്ന് ഒരിക്കൽ കൂടി പതിഞ്ഞ സ്വരത്തിൽ വിളിച്ചിട്ട് അവൻ, അവളുടെ വലതു കൈയ്യിൽ മെല്ലെ പിടിച്ചു. ആ സ്പർശനത്തിൽ അവൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തെല്ലാമോ അനുഭൂതികൾ ഒരുമിച്ചു അനുഭവിച്ചു. എൻറെ കണ്ണാ എന്ന് പറഞ്ഞു അവൾ അവൻറെ കൈയ്യിൽ മുറുകെ പിടിച്ചു. അവൻ അവളുടെ തോളുകളിൽ പിടിച്ച് ആ കണ്ണുകളിലേക്ക് കുറെ നേരം നോക്കി നിന്നു. നെറുകയിൽ ഒരു നേർത്ത ചുമ്പനം കൊടുത്തിട്ട്, അവളോടൊപ്പം കോലായിയിൽ ഇരുന്നു. മഴ ശാന്തമായ് പെയ്തുകൊണ്ടിരുന്നു..അവൾ അവൻറെ മടിയിൽ തലവെച്ച് കിടന്നു. അവളുടെ മുടിയുടെ ഗന്ധം നുകർന്ന്, തലോടി അവൻ സംസാരിച്ചു കൊണ്ടിരുന്നു. മധുരമായ ആ സംസാരം അമൃത് പോലെ അവൾ നുകർന്നു. ഓരോ നുള്ളും ഒരുപാടു ആസ്വദിച്ച് രുചിച്ചിറക്കി. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..പാട്ടുപെട്ടി പാടിക്കൊണ്ടേ ഇരുന്നു..
ഉണ്ണികൃഷ്ണന്റെ മോഹന രൂപം ഉള്ളിൽ കാണേണമെപ്പോളും..
ഉള്ളിന്റെ ഉള്ളിൽ വാഴും കണ്ണന്റെ സുന്ദര സ്വരം കേൾക്കേണം..