1. അവൻ
ദീപാരാധന കഴിഞ്ഞു. തൊഴാനുള്ള തിരക്കൊഴിഞ്ഞു നാലംബലതിനകത്ത് ആൾക്കാർ അനങ്ങിത്തുടങ്ങി. ഗുരുവായൂരപ്പനെ മനം കുളിര്ക്കെ കണ്ടു മതിവരാത്തവർ വീണ്ടും തിക്കിത്തിരക്കി തൊഴുതുകൊണ്ട് നിന്നു . അവധിദിവസം അല്ല. എങ്കിലും നല്ല തിരക്കുണ്ട്. കുട്ടികൾ കുന്നിക്കുരു വാരിക്കളിക്കുന്നത് അവൻ കൗതുകത്തോടെ നോക്കി. അവനും അങ്ങിനെ ചെയ്യാൻ തോന്നി. അവനതിനു തുനിഞ്ഞപ്പോൾ അടുത്ത് നിന്നിരുന്ന മുതിർന്ന ഒരു സ്ത്രീ അവനെ തിരുത്തി. " ഇത് കൊച്ചുകുട്ടികൾ ചെയ്യുന്നതാണ് , കുസൃതി വരാൻ . മോനെന്തിനാ ഈ പ്രായത്തിൽ ഇനി കുസൃതി ..ഹിഹി .." അവനു അത് അറിയാമായിരുന്നെങ്കിലും , അവർ അങ്ങിനെ പറഞ്ഞില്ലായിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു. കയ്യിൽ തൂക്കിയിട്ടിരുന്ന ഇളം പച്ചനിറത്തിലുള്ള കോട്ടൻ ഷർട്ട് തോളിലിട്ടു പതിവ് സ്ഥലമായ ഭഗവതി കോവിലിനു അടുത്തേക്ക് മെല്ലെ നീങ്ങി.അവിടെ, ആൾക്കൂട്ടത്തിൽ നിന്നും കുറച്ചു മാറി, ഉടുത്തിരുന്ന നേരിയ കറുത്ത കരയുള്ള കോടി മുണ്ട് നേരെയാക്കി ചമ്രം പടിഞ്ഞിരുന്നു. തോളിൽ കിടന്ന ഷർട്ട് എടുത്തു മടിയിൽ വച്ചു . കീശയിൽ നിന്നും വിഷ്ണുസഹസ്രനാമം പുറത്തെടുത്തു. തലേദിവസം വായിച്ചു നിർത്തിയ സ്ഥലം മനസ്സിലാക്കാൻ വച്ചിരുന്ന കടലാസ്സു കഷണം എടുത്തു മടിയിൽ വച്ചു. ഒരുവട്ടം ചുറ്റും കണ്ണോടിച്ചിട്ടു അവൻ വായിക്കാൻ തുടങ്ങി.
" വിഹായസഗതിർ ജ്ജ്യോതി :സുരുചിർ ഹുതഭുഗ്വിഭു :
രവിർ വ്വിരോചന : സൂര്യ :സവിതാ രവിലോചന : "
മുടങ്ങാതെ വായിക്കുന്നതാണ്, എങ്കിലും അതിലെ മിക്കവാറും പദങ്ങൾ സ്ഫുടമായി വായിക്കാനോ , അതിന്ടെ പൊരുൾ മനസ്സിലാക്കാനോ അവനിതുവരെ കഴിഞ്ഞിട്ടില്ല. യാന്ത്രികമായി വായിച്ചുപോകുന്നു എന്നുമാത്രം .
ഇത് വേണു. ഇരുണ്ടു മെലിഞ്ഞ ഒരു രൂപം, വൃത്തിയായി വെട്ടി, ചീകിഒതുക്കിയ മുടിയിൽ നര എത്തിനോക്കിത്തുടങ്ങി , അത്രയ്ക്ക് ആകർഷകമല്ലാത്ത മീശ. രൂപത്തിൽ ഒരു പ്രത്യേകതയും ഒറ്റനോട്ടത്തിൽ ആർക്കും തോന്നില്ല. ആ നാട്ടിൽ തികച്ചും അന്ന്യൻ. ഔദ്യോഗിക ബദ്ധപ്പാടിൽ നിന്നും ഒരു വിശ്രമം, ഒറ്റപ്പെടലിൽ ഒരു ആശ്രയം - ഇതൊക്കെയാണ് അയാളുടെ പതിവിനു കാരണം.
വിഷ്ണുസഹസ്രനാമം വായിക്കുന്നത് മന:ശാന്തിക്ക് വേണ്ടിയാണോ അതോ മന:സുഖത്തിനു വേണ്ടിയാണോ എന്ന് അയാൾക്ക് നിശ്ചയം പോരാ. വയിക്കുനതിനിടയിൽ, പലവട്ടം അവൻ തല ഉയർത്തി നോക്കുന്നത് കാണാം. ചിലരെ കാണുമ്പോൾ അവൻ വായന നിർത്തിവയ്ക്കും. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ, താൻ ശ്രദ്ധിക്കുന്നത് ശ്രദ്ധിക്കുന്നുണ്ടോ എന്നൊക്കെയാണ് അറിയേണ്ടത്. വീണ്ടും വായന തുടർന്നു. ഏകാഗ്രത കിട്ടുന്നില്ല. എന്തിനോവേണ്ടി മനസ്സ് അലഞ്ഞുകൊണ്ടിരുന്നു.
അവൻ വീണ്ടും തല ഉയർത്തിനോക്കി. അവനു കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾ തന്നെ ശ്രദ്ധിക്കുന്നു!! ആരും നോക്കിപ്പോകുന്ന സൗന്ദര്യം, കുലീനമായ വസ്ത്രധാരണം, ശാലീന ഭാവം. അവനു അവളിൽനിന്നും കണ്ണെടുക്കാൻ തോന്നിയില്ല. എന്തിനാണ് അവൾ അവനെ നോക്കിയത് എന്ന് അവനു മനസ്സിലായില്ല. എന്തു പ്രത്യേകതയാണ് തനിക്കുള്ളത് ? എന്താണ് തന്നിൽ അവൾ കണ്ടെത്താൻ ശ്രമിക്കുന്നത് ? അവനു പിന്നീടു വായിക്കാൻ കഴിഞ്ഞില്ല. ഇടയ്ക്ക് അവൻ പുസ്തകത്തിലേക്ക് കണ്ണോടിച്ചു നോക്കി. ഇല്ല, അക്ഷരങ്ങൾ കാണുന്നില്ല; അവ്യക്തമായ അവളുടെ മുഖം തെളിയുന്നു. അവൾ തന്നെ ഇമവെട്ടാതെ നോക്കികൊണ്ടേ ഇരിക്കുന്നു. അവന്ടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു. അത് അവളിൽ പ്രതിഫലിച്ചു. അവനു സന്തോഷമായി. കണ്ണുകൾ സംസാരിച്ചു തുടങ്ങി. അവൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവൾ അതെല്ലാം ക്ഷമയോടെ കേട്ടിരുന്നു. അവനു ധൃതിയായിരുന്നു തന്നെ കുറിച്ച് എല്ലാം പറയാൻ. പറഞ്ഞിട്ട് തീരുന്നില്ലായിരുന്നു. അവൾ ശ്രദ്ധിക്കുന്നത് അവനിൽ ആവേശം നിറച്ചു. പെട്ടെന്ന് അവളുടെ മുഖത്ത് ഒരു വിഷാദം നിഴലിച്ചു കണ്ടു. അവൾ പെട്ടെന്ന് എഴുന്നേറ്റ് നടന്നു. ഒപ്പം എത്തുന്നതിനും മുൻപേ അവൾ എങ്ങോ അപ്രത്യക്ഷയായി. അവൾ ഇരുന്നിടത്ത് ഒരു തുളസിക്കതിർ ശേഷിച്ചിട്ടാണ് അവൾ പോയത്. അവൻ അതെടുത്തു സൂക്ഷിച്ചു. അവൻ അവളെ വിളിച്ചു..
" തുളസി"