Tuesday, June 25, 2013

പ്രണയം

കോവിലിൽ നെയ്ത്തിരിയുടെ അരണ്ട വെളിച്ചത്തിൽ ആണ് അവൻ  ആദ്യം അവളെ കണ്ടത്. അന്നവളുടെ മുഖത്തിന്റെ കാന്തിയും , പട്ടു പാവാടയുടെ വർണ്ണ പൊലിമയും ആയിരുന്നു അവനിഷ്ടം .
കാലം കടന്നുപോയി, അവർ അക്ഷരങ്ങളെ സ്നേഹിച്ചു തുടങ്ങി, ശബ്ദത്തെ സ്നേഹിച്ചു തുടങ്ങി, കാഴ്ചയെ സ്നേഹിച്ചു തുടങ്ങി. കാണാതെയും, സംസാരിക്കാതെയും ദിനങ്ങൾ നീക്കുന്നതസാധ്യമായി. അരണ്ട വെളിച്ചത്തിൽ അവർ ഇക്കിളികൂട്ടി തുടങ്ങി.
കാലം വീണ്ടും കടന്നു പോയി. അവനവളെ, നിഴൽ വീഴാത്ത വെള്ള വെളിച്ചത്തിൽ കാണുന്നതായി ഇഷ്ടം. പട്ടുപാവടയെക്കാൾ അവനിഷ്ടം  അവളുടെ മേനിയഴകായി . ആ മേനിയെ തഴുകി  അവനവളുടെ ഹൃദയം കടിച്ചെടുത്തു.അങ്ങിനെ അവനവളെ ഹൃദയം ഇല്ലാത്തവൾ ആക്കി. ഹൃദയമില്ലാതെ അവളെങ്ങിനെ ജീവിക്കും? അതുകൊണ്ട് അവൾ വേറെ ഒരു ഹൃദയത്തിൽ കുടിയേറി. പറിച്ചെടുക്കാൻ പുതു ഹൃദയം തേടി അവനലഞ്ഞു. 

Sunday, June 23, 2013

അടയാളങ്ങൾ

പെറ്റു വീഴുമ്പോളെ  അടയാളങ്ങൾ തിരയുന്നു
ആണോ, പെണ്ണോ..കെട്ടുന്നു അതിർ വരമ്പുകൾ
നാമം ചൊല്ലുമ്പോൾ ഓർക്കണം മതത്തിനു ചെര്ന്നതോ എന്ന്
അങ്ങിനെ ഞങ്ങൾ അബ്ദുള്ളയും , പത്രോസും, രാമനുമായി

വിദ്യാലയത്തിൽ ചെല്ലുമ്പോൾ ചൊല്ലണം ജാതിയും ഉപജാതിയും
മുന്നോക്കം-പിന്നാക്കം ന്ശ്ചയിച്ചു അവകാശങ്ങൾ അടയാളപ്പെടുത്തുന്നു
കൗമാരത്തിൽ..
മുറിച്ചു മാറ്റിയും, കുറുകെ കെട്ടിയും, തളിച്ചും  അടയാളങ്ങൾ ഉറപ്പിക്കുന്നു
അങ്ങിനെ ഞങ്ങൾ ഇടത്തും , വലത്തും മുണ്ടുടുത്തും
ദൈവങ്ങളെ കഴുത്തിൽ തൂക്കിയും, മുടിയും മുഖവും മറച്ചും
കുങ്കുമം തൊട്ടും  തെളിയിച്ചു പോന്നു
ഞങ്ങളാരെന്നും നിങ്ങളാരെന്നും

അടയാളങ്ങൾ , അവ നേടിത്തന്നു, നിഷേധിച്ചു അവകാശങ്ങൾ
കൊഴുത്തു വീർപ്പിച്ചു , പട്ടിണിക്കിട്ടു
അവ നേടിത്തന്നു അഭിമാനവും, അപമാനവും
എങ്കിലും ഞങ്ങൾ വളർന്നു ..

വളർന്നു വന്നപ്പോൾ, പുതു അടയാളങ്ങൾ ചാർത്തി ഞങ്ങൾ
പേരിനു പിന്നിൽ ചേർത്ത് പറഞ്ഞു
ഞങൾ നിങ്ങളിൽ നിന്നും ഉയരത്തിൽ ആണെന്ന്
ബഹുമാനിച്ചു, മുകളിലെ അടയാളങ്ങളെ
അങ്ങിനെ ഞങ്ങൾ മേൽപ്പോട്ടു നോക്കികളുടെ പിന്മുറക്കാർ ആയി
ചങ്ങലയിൽ മുകളിരിക്കുന്നവർ കീഴോട്ടു നോക്കി ഇളിച്ചു കട്ടി..

മുതു മുത്തച്ചന്മാർ കുഴിയിലും , പഞ്ച ഭൂതങ്ങളിലും
മുൻ അടയാളങ്ങൾ തേടി കുഴഞ്ഞു..
ചിലർ ഇതെല്ലാം കണ്ടു ഊറി ഊറി ചിരിച്ചു..

Saturday, June 22, 2013

മതവിശ്വാസവും ദൈവവിശ്വാസവും

 മതങ്ങൾ ഉള്ളിടത്തോളം കാലം അവരവരുടെ മതാചാരങ്ങളിൽ ആനന്ദം കണ്ടെത്തുക സ്വാഭാവീകം മാത്രം ആണ് . എന്നാൽ, ബഹുമത വിശ്വാസമുള്ള സമൂഹത്തിൽ  ഉറച്ച ഒരു മത വിശ്വാസിക്ക് നല്ലൊരു ദൈവ വിശ്വാസി ആകാനോ, ഉറച്ച ഒരു ദൈവ വിശ്വാസിക്ക് നല്ലൊരു മത വിശ്വാസി ആകാനോ കഴിയില്ല..

Friday, June 21, 2013

തലമുറ

ഉമ്മറപ്പടിയിൽ പത്രവും വായിച്ച് , മുത്തച്ഛൻ തനിക്കുള്ള ചായക്കായ്‌ കാത്തിരുന്നു . തലേന്നത്തെ ഭക്ഷണത്തിൻറെയും, മദ്യത്തിന്റെയും ദുർമ്മേദസ്സ് ഉരുക്കിക്കളയാൻ മകൻ ഓട്ട പ്രതക്ഷിണം നടത്താൻ പോയിട്ട് വരണം ചായ കിട്ടാൻ, അവനു കൊടുക്കുന്നത്തിന്റെ കൂടെ. പുറത്തു നല്ല തണുപ്പാണ്‌. എങ്കിലും അകത്തിരിക്കാൻ വയ്യ. " ദോരി മോൻ" കണ്ണിനും കാതിനും അസ്വസ്ഥത ഉണ്ടാക്കുന്നു. അടുക്കളയിൽ മരുമകളും പേരമകളും മത്സരിച്ചു ഫോട്ടോ പിടിക്കുന്നു. ഫേസ് ബുക്കിൽ ഇടാനത്രെ . അമ്മയിന്നു പപ്പടം കച്ചുന്നതിന്റെ മെനു ആണ് ഇടുന്നത്. ഇന്നലത്തെ ഉണ്ണിയപ്പത്തിനു പതിനഞ്ചു ലൈകും , മൂന്ന് കമൻറുമേ കിട്ടിയുള്ളൂ. പേരമകൾ ഇന്ന് പുതിയ പോളിഷ് ഇട്ടു നഖം "പോസ്റ്റ്‌" ചെയ്യുന്നു.. "അവൻ സൊറ പറഞ്ഞു നിൽക്കുകയായിരിക്കും. കുറച്ചു ചായ കിട്ടുമോ, ?" മുത്തച്ഛൻ അക്ഷമനായി എഴുന്നേറ്റു അടുക്കളയിലെത്തി. " തൽക്കാലം ഇത് കഴിക്കു" എന്ന് പറഞ്ഞു മരുമകൾ ഒരു പപ്പടം നീട്ടി. മുത്തച്ഛൻ അത് വാങ്ങി, പുറത്തുപോയി ആരുമറിയാതെ ഞെരിച്ചു കളഞ്ഞു.

Wednesday, June 19, 2013

താന്തോന്നികൾ

 രംഗം പ്രൈമറി സ്കൂൾ ആണ്. എല്ലായിടത്തും ഉള്ളതുപോലെ അവിടെയും ഒരുപറ്റം "താന്തോന്നികൾ" ഉണ്ടായിരുന്നു. ആരാണിവർ  എന്നല്ലേ?  വിശേഷണങ്ങളിൽ ഒതുങ്ങാത്തത് കൊണ്ട് ചെയ്യുന്നില്ല !!!
വിശേഷണം എന്തായാലും, എന്തിനും പോന്ന ഒരുകൂട്ടം കുട്ടികൾ ആയിരുന്നു അവർ. നിയതമായ രൂപമോ ഭാവമോ ഇല്ലായിരുന്നെങ്കിലും, അവരെല്ലാവരും ഏറെക്കുറെ ഒരുപോലെ ആയിരുന്നു. അവർ എല്ലാവരും കൂടി ഒരു ജോലി ഏറ്റെടുത്തു, അല്ലെങ്കിൽ അത് അവരിൽ വന്നു   ചേർന്നു എന്ന് പറയുന്നതാകും സത്യം. സ്കൂളിൽ അന്ന് ഉച്ചയ്ക്ക് ഭക്ഷണം ഗോതമ്പ് നുറിക്കിന്റെയോ , കംബത്തിന്റെയോ ഉപ്പുമാവായിരുന്നു. അതിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു കൊടുക്കുക !!! മറ്റുള്ളവർക്ക് കിട്ടുന്നതിലും കൂടുതൽ ഉപ്പുമാവ് കിട്ടും, അത് കൈകാര്യം ചെയ്യുന്നതിന്റെ നേതൃത്തം , ഒരുക്കങ്ങൾ നടത്താൻ ഇടയ്ക്കിടയ്ക്ക് ക്ലാസ്സിൽ നിന്നും രക്ഷ !!!

അങ്ങിനെ അവർ ഉച്ച ഭക്ഷണം വയറു നിറച്ചു കഴിച്ചു. പ്രതാലോ, അത്താഴമോ ഇല്ലാത്ത ദിവസങ്ങളിലും അവർക്ക് അത് ഒരു വലിയ ആശ്രയം ആയി. ഇടയ്ക്ക് പൊതിഞ്ഞു വീട്ടിൽ കൊണ്ട് പോയി മറ്റുള്ളവരും ഒത്തു കഴിച്ചു. ഉപ്പുമാവ് മാറി കഞ്ഞിയും പയറും വന്നപ്പോളും അവരുടെ "അധികാരം" നിലനിന്നു...അങ്ങിനെ ചെറു കൈകൾ കൊണ്ട് ചെമ്പ് ചുമന്നും, ചിരട്ട കയറ്റിയ ഭാരവണ്ടി വലിച്ചും, ചൂടുള്ള ഉപ്പുമാവിന്റെ പാത്രം ചുമന്നും അവർ വയറു നിറച്ചു..
ഇത് കൂടാതെ അദ്ധ്വാനം ഉള്ള, മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന ജോലികൾ  എല്ലാം അവർക്ക് തന്നെ നറുക്ക് വീണുകൊണ്ടിരുന്നു. അതിലെല്ലാം ഒരു "അർഹത " അവർ ആസ്വദിച്ചു. ഇതിൽ ചായ വാങ്ങി കൊടുക്കുക, അത്യാവശ്യം സാധനങ്ങൾ വാങ്ങിക്കൊടുക്കുക, കലോൽസവങ്ങൾക്ക്  ചുമടെടുക്കുക തുടങ്ങിയവ പെടും.

ഓരോ വർഷവും കൊഴിയുന്ന കൂട്ടത്തിൽ, അവരുടെ രൂപവും ഭാവവും മാറിവന്നു..പ്രാഥമിക വിദ്യഭ്യാസം കഴിയുന്നതിനു മുൻപ് പലരും കൊഴിഞ്ഞു പോയി.. തോറ്റും , ജയിച്ചും ആരൊക്കെയോ കരകയറി..ചിലർ ജീവിത യാത്രയിൽ കുഴഞ്ഞു വീണു. ചിലർ ജയിച്ചു, ജയിച്ചു പടവുകൾ കയറി. ചിലരെല്ലാം അന്നത്തെ  ഉപ്പുമാവിന്റെ രുചി ഹൃദയത്തിൽ സൂക്ഷിച്ചു, ചിലർ മറന്നു പോയി, ചിലർ ഓർക്കാൻ ഇഷ്ടപെട്ടില്ല, മറ്റുചിലർ മറച്ചു വെച്ചു..

Monday, June 17, 2013

Good and Satisfactory

പത്താം തരത്തിൽ ഇംഗ്ലിഷ് ഭാഷയ്ക്ക്‌ കഷ്ടിച്ച് കടന്നു കൂടിയ എനിക്കറിയില്ലായിരുന്നു goodഉം satisfactory ഉം തമ്മിൽ ഉള്ള വ്യത്യാസം. അല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിച്ചില്ല. ഗ്രാമത്തിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങി ജയിച്ചവൻ എന്ന അഹങ്കാരം കുറച്ചൊന്നു തലയ്ക്കു പിടിച്ചിരുന്നു..അതുകൊണ്ട് തന്നെ എന്റെ കൊച്ചു ലോകത്തിൽ ഞാൻ മിടുക്കൻ ആയിരുന്നു..എല്ലാവരും ചെയ്യുന്ന പോലെ, ഞാനും പല കോളേജുകളിലും pre-degree പ്രവേശനത്തിനുള്ള അപേക്ഷകളും കൊടുത്തു കാത്തിരിക്കുന്ന കാലം. ഒഴിവു ദിനങ്ങൾ വെറുതെ കളയാതെ ചെറിയ വരുമാനം കിട്ടുന്ന ജോലികൾ ചെയ്തുകൊണ്ടിരുന്നു ..ആഗ്രഹിച്ചതുപോലെ ഏറ്റവും അടുത്തുള്ള കോളേജിൽ നിന്നു തന്നെ  ഇന്റർവ്യൂ കാർഡ്‌ വന്നു..ഉച്ചവരെ ജോലിയും ചെയ്തു, അമ്മയേയും കൂട്ടി കോളേജിൽ എത്തി.

പേര് വിളിച്ചപ്പോൾ ഭവ്യതയോടെ അകത്തു കടന്നു. മാർക്ക്‌ ലിസ്റ്റും മറ്റും പരിശോധിച്ച് ബോധ്യപ്പെട്ടു. സ്വഭാവ സർട്ടിഫിക്കറ്റ് പരിശോധിച്ചപോൾ ഉദ്യോഗസ്ഥന്റെ നെറ്റി ചുളിഞ്ഞു . സ്കൂളിൽ വല്ല പ്രശ്നവും ഉണ്ടാക്കിയിട്ടുണ്ടോ എന്നൊരു ചോദ്യവും ഉന്നയിച്ച്, പ്രിൻസിപാളിന്റെ മുറിയിലേക്ക് കൊണ്ടുപോയി. അമ്മ ഒന്നുമറിയാതെ പകച്ചു നില്ക്കുന്നു.. എന്നെ ഒരു കുറ്റവാളിയെ എന്നപോലെ വിചാരണ ചെയ്യൽ തുടരുന്നു. എന്റെ സ്വഭാവ സർട്ടിഫിക്കറ്റിൽ "satisfactory " എന്നാണ് എഴുതിയിരുന്നത്. അതിന്റെ പോരായ്മ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നാൽ "good " എങ്കിലും ഇല്ലാതെ പ്രവേശനം തരാൻ കഴിയില്ല എന്ന് പ്രധാന അദ്ധ്യാപകൻ പ്രഖ്യാപിച്ചു. എന്ത് ചെയ്യും എന്നറിയാതെ അമ്മയോടൊപ്പം ഞാൻ തിരിച്ചു നടന്നു. അമ്മയെ ആശ്വസിപ്പിച്ചു. നേരെ സ്കൂളിൽ ചെന്ന് , പ്രധാന അദ്ധ്യാപികയെ  കണ്ടു വിവരം ധരിപ്പിച്ചു. വിശദീകരണം കിട്ടി. "good " കൊടുക്കണമെങ്കിൽ distinction ( 80%) കിട്ടണം. 67% മാത്രമുള്ള എനിക്ക് "good " തരാൻ പറ്റില്ല!! ഞാൻ ധർമ്മസങ്കടത്തിൽ ആയി.എന്ത് ചെയ്യണം എന്നറിയില്ല. കുടുംബത്തിന്റെയും എന്റെയും  പ്രതീക്ഷ എല്ലാം തകരുമോ? അവസാനം ഒരുപായം തോന്നി. എന്റെ മലയാളം അദ്ധ്യാപകനും, എന്നെ ഒരുപാടു സ്വധീനിച്ചിട്ടും ഉള്ള പൂയപ്പിള്ളി തങ്കപ്പൻ സാറിനെ പോയി കാണുകതന്നെ . അച്ഛനുമായുള്ള പരിചയം , ഗ്രാമത്തിൽ കൂടുതൽ മാർക്കു വാങ്ങിയതിനു അങ്കണവാടി ഏർപ്പെടുത്തിയ സമ്മാനം സാറിൽ നിന്നും എറ്റുവാങ്ങിയതിന്റെ ആത്മ വിശ്വാസം - അത് തന്നെ തീരുമാനിച്ചു. സാറിനോട് വീട്ടിൽ ചെന്ന് കാര്യം പറഞ്ഞപ്പോൾ കരഞ്ഞു പോയി. സ്നേഹത്തോടെ എന്നെ ആശ്വസിപ്പിച്ചിട്ട്, കൂടെ വന്നു പ്രധാന അദ്ധ്യാപികയോട്  കാര്യം പറഞ്ഞു മനസ്സിലാക്കി എനിക്ക് "good " വാങ്ങി തന്നു. ഒരു കേസിൽ ജാമ്യം കിട്ടിയത് പോലെ, ഞാൻ അതുമായി കോളേജിൽ എത്തി പ്രവേശനം നേടി!!! എന്റെ ജീവിതത്തിൽ വഴിത്തിരിവായ ആ സംഭവത്തിൽ എന്നെ രക്ഷിച്ച തങ്കപ്പൻ സാറിനോടുള്ള എന്റെ കടപ്പാടും , നന്ദിയും ഞാൻ എന്നും മനസ്സിൽ സൂക്ഷിക്കുന്നു...