Thursday, April 23, 2015

ഈയടുത്ത കാലത്ത് S.S .L .C ഫലത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന  അഭൂതമായ വളർച്ച സംശയങ്ങൾക്കൊപ്പം, ആശങ്കയും ഉണ്ടാക്കുന്ന ഒന്നാണ്. കുട്ടികളുടെ പഠന മികവ് കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചിട്ടുണ്ട് എന്ന വസ്തുതയും, പരീക്ഷകൾ കുട്ടികളെ തോൽപ്പിച്ചു തള്ളാനുള്ള മാർഗ്ഗം അല്ല എന്നീ വാദഗതികൾ നിലനിൽക്കുമ്പോൾ തന്നെ, പഠന നിലവാരം ഇല്ലാത്ത കുട്ടികൾ ഉപരി പഠനത്തിനു പോകുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളും, സാമ്പത്തിക ബാദ്ധ്യതകളും വിസ്മരിക്കാൻ പാടുള്ളതല്ല. ഇത് വിദ്യാഭ്യാസ നിലവാരം കുറയ്ക്കാനും, അത് വഴി സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയം ഇല്ല. S.S .L .C ഫലത്തിൽ പുതിയ strategy കൊണ്ടുവന്നതിനു പിന്നിൽ ഉള്ള കച്ചവട താൽപര്യങ്ങൾ ആണ് അതിനെക്കാൾ ഞെട്ടിപ്പിക്കേണ്ടത്. സങ്കുചിത താൽപ്പര്യങ്ങളും, സാമ്പത്തിക ലാഭവും നോക്കി കയ്യും കണക്കുമില്ലാതെ അനുവദിച്ച പ്ലസ്‌ ടു ബാച്ചുകളും അതുവഴിയുള്ള അഴിമതിയും ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. പാസ്സാകുന്ന എല്ലാവർക്കും അഡ്മിഷൻ കൊടുത്തൽ തന്നെ സീറ്റുകൾ ബാക്കിയുള്ളപ്പോൾ, ഇനി കുട്ടികളെ തോൽപ്പിച്ചാൽ എന്താകും എന്ന ചിന്തയും ഇതിനു പിന്നിൽ ഉണ്ടാകാം. ഇനി പ്ലസ്‌ ടു ഫലത്തിൽ കൂടി ഈ strategy കൊണ്ട് വന്നാൽ വലയും വിരിച്ചിരിക്കുന്ന സ്വാശ്രയ പ്രൊഫഷണൽ കോളേജുകൾക്ക് അതിൻറെ ഫലവും കിട്ടും. ലോണ്‍ എടുത്തും മറ്റും രക്ഷാകർത്താക്കൾ കുട്ടികളെ പഠിപ്പിച്ചു കൊണ്ടേ ഇരിക്കും. പത്താം തരം പാസാകുന്ന കുട്ടി വൈറ്റ് കോളർ ജോലി തിരക്കി നടക്കുമ്പോൾ, കടം വീട്ടാൻ രക്ഷകർത്താക്കൾ നെട്ടോട്ടം ഓടും. അപ്പോളും അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെ വന്ന് അന്തസ്സായി ജോലി ചെയ്ത് സമ്പാദിക്കുന്നുണ്ടാകും !

No comments:

Post a Comment