Thursday, April 2, 2015

വെളിച്ചം അരിച്ചിറങ്ങാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നൊള്ളൂ. കൂട്ടുകാരൊത്തു ഒരു ഉല്ലാസയാത്രയിൽ ആയിരുന്നു ഞാൻ. കളിച്ചും, ചിരിച്ചും, കഥപറഞ്ഞും സഞ്ചരിച്ചു കൊണ്ടിരിക്കലെ ആണ്, വായിൽ വെള്ളമൂറുന്ന ഒരു മാംസ കഷണം മുന്നിൽ വന്നു പെട്ടത്. ഞങ്ങൾ മൂന്ന്പേർ തമ്മിൽ അതിന് വേണ്ടി ഒരു കൊച്ചു മത്സരം നടന്നു. എല്ലാവരും കുറേശ്ശെ കുറേശ്ശെ കടിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒരുമിച്ച് സ്വന്തമാക്കാം എന്ന അത്യാഗ്രഹം കൊണ്ടൊന്നുമായിരുന്നില്ല, അവസാനം അത് മുഴുവനും എൻറെ വായിലാണ് പെട്ടത്. ഭക്ഷണത്തോടൊപ്പം, ഞാൻ കൂട്ടത്തിൽ നിന്നും അകറ്റപ്പെട്ടു. ആ ഭക്ഷണത്തിനുള്ളിലെ കെണി എനിക്ക് മനസ്സിലായത് അപ്പോളാണ്. പെട്ടെന്ന് തന്നെ വെളിച്ചത്തിന് ശക്തി കൂടുകയും, ചൂട് അനുഭവപ്പെടുകയും ചെയ്തു. കണ്ണ് തുളച്ച് കയറുന്ന വെളിച്ചം ! ശ്വാസം കിട്ടാൻ പ്രയാസമനുഭവപ്പെട്ടു തുടങ്ങി. എവിടെയോ ചെന്ന് തലയടിച്ചു വീണു. വേദനകൊണ്ട് ഞാൻ പുളഞ്ഞു. ബോധം മറയുന്നത് പോലെ തോന്നി.കുറച്ച് കഴിഞ്ഞപ്പോൾ എൻറെ ആത്മാവ് എൻറെ ശരീരത്തിൽ നിന്നും വേർപെടുന്നത് ഞാൻ അറിഞ്ഞു.

എൻറെ ശരീരത്തിനൊപ്പം യാത്ര ചെയ്ത്, എന്ത് സംഭവിക്കുന്നു എന്നറിയാൻ ആഗ്രഹമായി. കൂട്ടത്തിലേക്ക് ഞാൻ എടുത്തെറിയപ്പെട്ടു. ആ കൂട്ടത്തോടെ തന്നെ ഞാൻ കൈമാറ്റം ചെയ്യപ്പെട്ടു. കൈകൾ മാറി മാറി ഞാൻ ഇവിടെ എത്തി. എൻറെ ശരീരം വെട്ടിമുറിച്ച്‌, പല ആകൃതിയിൽ ആക്കപ്പെട്ടു. എന്തൊക്കെയോ തേച്ച്പിടിപ്പിച്ച് കുറച്ച് ഭാഗം തിളച്ച എണ്ണയിലേക്കിട്ടു. തിളച്ചു മറിയുന്ന കൂട്ടിലേക്ക് കുറച്ച് ഭാഗം ഇട്ടു. എൻറെ മാംസം വേവുന്ന മണം ഞാൻ അറിഞ്ഞു. വെന്ത കൂട്ട്, പാത്രങ്ങളിൽ പകുത്ത്, നിങ്ങൾ എല്ലാവരും കൂടി രുചിക്കുമ്പോൾ, എൻറെ അച്ഛനെയും, അമ്മയെയും, സഹോദരങ്ങളെയും, കൂട്ടുകാരെയും ഞാൻ ഓർത്ത് പോകുന്നു. ഞാൻ തിരിച്ചെത്തുമെന്ന് കരുതി കാത്തിരിക്കുകയാവുമോ അവരെല്ലാം ? 

No comments:

Post a Comment