Sunday, January 26, 2014

നിസംഗത

ഉറങ്ങാം നമുക്ക്..
കണ്ണും, കാതും, മനസ്സുമടച്ചുറങ്ങാം..
പൈതലിൻ രോദനം കേൾക്കാതിരിക്കാം..
കുഞ്ഞുമക്കൾ  മദ്യം രുചിച്ച് 
കുഴഞ്ഞു വീഴുന്നതും;
പുകച്ചുരുളിലമർന്നു കൗമാരം
വ്യർഥസങ്കല്പങ്ങൾ കാമിക്കുന്നതും;
ജാതി നോക്കി പ്രണയിക്കാത്ത യൗവ്വനം
കൂട്ടരതിഭോഗത്തിന്നു ശിക്ഷിക്കപ്പെടുന്നതും;
നമ്മുടേതല്ലെന്ന ആശ്വാസത്തിലുറങ്ങാം,
കണ്ണും, കാതും, മനസ്സുമടച്ചു,
നിസ്സംഗരായുറങ്ങാം..
 

Saturday, January 25, 2014

ദൈവം

ദൈവം
---------
ദൈവത്തിൻറെ ശില്പം പൂർത്തിയാക്കി
ചൈതന്യം വരുത്താൻ കൈമാറിയിട്ട്‌,
പൊളിഞ്ഞ കൂരയിലേക്കയാൾ മടങ്ങി,
ഒട്ടിയവയറുമായി കാത്തിരിക്കും
കുഞ്ഞുങ്ങൾക്കന്നം നൽകും ദൈവമാകാൻ.
പിറ്റേന്ന്, കുളിച്ചു ശുദ്ധിവരുത്തി
തൊഴാൻ ചെന്നപ്പോൾ,
ദൈവത്തിനും അയാൾക്കുമിടയിൽ
വളർന്ന വിശുദ്ധ ആചാരങ്ങൾക്ക്
അവിശുദ്ധ കൂട്ടുക്കെട്ടിന്റെ പകിട്ട്.

പുരോഹിതൻ
--------------------
പാപികളെ ശുദ്ധിവരുത്തി
ദൈവ വഴികാണിച്ചു കൊടുത്തു
തിരിച്ചു നടന്നപ്പോൾ
വഴി തെറ്റി ചെന്നുകയറിയത്
ചെകുത്താന്റെ ഗോപുരത്തിൽ

ഭക്തി
--------
ദരിദ്രൻ സമൃദ്ധിക്ക് വേണ്ടിയും
ധനികൻ സ്വസ്ഥതയ്ക്കു വേണ്ടിയും
കള്ളൻ കാപട്യം മറയ്ക്കാനും
ശുദ്ധൻ, ദുഷ്ടനാകാതിരിക്കാനും
ആശ്രയിക്കുന്ന കുറുക്കു വഴി



അധികാരം

സ്ഥാനമാനങ്ങളും അധികാരവും അർപ്പിക്കപ്പെട്ടിരിക്കുന്നത് ഉത്തരവാദിത്തങ്ങൾ പക്ഷഭേദമില്ലാതെയും, കൃത്യമായും നിറവേറ്റാൻ വേണ്ടിയാണ്,  അഹങ്കരിക്കാനല്ല !!

Monday, January 20, 2014

കുലം

ചില്ല് കൂട്ടിലടച്ച  പ്രതിമയ്ക്ക്
മുന്നിലെ വിദേശമദ്യഷാപ്പിൽ
ഗുരുവും അനുചരന്മാരും
സ്വജാതിക്കൂട്ടം ആയപ്പോൾ,
മഹത് വചനം
മഞ്ഞയിൽ പൊതിഞ്ഞ
ജാതി സംഹിത അയി
പുകച്ചുരുളുകൾ തീർത്തു..
സോഷ്യലിസം പ്രസംഗിക്കുന്ന
മാനസത്തിൽ  പോലും
അന്തസ്സുള്ള ജാതിപ്പേര് തിരുകി
മേലാളന്മാർ വാഴുന്നു..
ശുദ്ധാശുദ്ധങ്ങൾ നൂലിൽ തിരുകി
പട്ടിണികിടന്നാലും കൈവിടില്ലാഭിജാത്യം..
മുന്മുറ നട്ടുവളർത്തിയ
അപകർഷതാ ബോധം
പേരും കുലവും ചൊല്ലാൻ
മടിച്ചൊളിച്ചിരിക്കും ഹരിജനം..
എങ്കിലും, ഞങ്ങൾക്കൊന്നാണ്
കുലവും, സംഹിതകളും..

Saturday, January 18, 2014

സ്റ്റാർ സ്ട്രൈക്കർ

ഞങ്ങൾ സ്റ്റാർ സ്ട്രൈക്കറെ തീരുമാനിച്ചു. ഗോൾ അടിക്കാൻ പാകത്തിന് പന്ത് എത്തിച്ച് കൊടുത്തിട്ട് അടിക്കാൻ പറയും. സൗകര്യംപോലെ,ഞങ്ങളെയും നിങ്ങളെയും ഞെട്ടിച്ചു അദ്ദേഹം ഗോൾ അടിക്കും. അപ്പോൾ ഞെട്ടരുത്. കൈ അടിക്കണം. കൈ അടിച്ചു പ്രോത്സാഹിപ്പിച്ചാലേ, അദ്ദേഹത്തിനു തുടർന്നും ഗോൾ അടിക്കാൻ തോന്നു. ഞങ്ങളുടെ കൈവശം ഗോൾ അടിക്കാൻ പാകത്തിന് പന്ത് നിരന്നു കിടക്കുന്നുണ്ട്..സ്റ്റാർ  സ്ട്രൈക്കർ ഇല്ലാതെ ഞങ്ങളുടെ ടീമിന് മുന്നോട്ടു പോകാൻ കഴിയില്ല.. എല്ലാവരും ശരിക്കും പ്രോത്സാഹിപ്പിക്കണേ 

Monday, January 13, 2014

പരിണാമം

വന്ദിച്ചുകൊണ്ട് തന്നെ പറയട്ടെ,
വടവൃക്ഷമേ, ഇല്ല നിനക്കിന്നു
പണ്ടത്തെ പ്രൗഡിയും, വേരോട്ടവും..
അങ്ങിങ്ങ് തൂങ്ങി കിടക്കുന്ന
ഫലങ്ങളാണ് നിന്നഹങ്കാരമെങ്കിൽ
ഞെട്ടറ്റു വീഴാമെന്നോർക്കാതെ
വൈരുദ്ധ്യവാദം പറഞ്ഞു
മൂഡസ്വർഗ്ഗത്തിലാണവ..
ഇലകളൊട്ടുമുക്കാലും
തളർച്ചയിലാണിന്ന്,
തരില്ലവ നീ മോഹിക്കും അന്നജം,
അവയ്ക്കവശ്യം
തെളിനീർ പകർന്നില്ലെങ്കിൽ..
ഇടയ്ക്കെത്തും വസന്തം തരും
പൂക്കളും കണ്ടുനീ മോഹിക്കല്ലേ,
കൊഴിയാമവ നല്ലൊരു
കാറ്റിലോ, മഴയിലോ..
തീയിൽ കുരുത്തതായാലും
വെയിലത്ത് വാടാതിരിക്കാൻ,
ഒലിച്ചിറങ്ങും മണ്ണിലത്രയ്ക്ക്
ദൃഡമല്ല നിൻ വേരോട്ടമിന്നു..
തണലും ഫലവും
പ്രതീക്ഷിക്കുന്ന കർഷകൻ
പുതിയ ഫലവൃക്ഷത്തൈകൾ
പരീക്ഷിക്കില്ലെന്ന
മൂഡ വിശ്വാസവും വെടിയ നീ..
ചുറ്റും പുതിയ തോട്ടം വളരുമ്പോൾ
കാലങ്ങൾ കഴിഞ്ഞ്
ചർച്ച ചെയ്യാൻ
ചരിത്രവിഡ്ഢിത്തം
കരുതിവയ്ക്കേണ്ട നീ..
കുടഞ്ഞെറിയുക
പുഴുക്കുത്ത് ബാധിച്ച ഫലങ്ങളെ,
ശ്വസിക്ക ശുദ്ധവായു, കുടിക്ക തെളിനീർ..
തളിർക്കട്ടെ പ്രതീക്ഷയോടെ പച്ചിലകൾ
വിരിയട്ടെ വസന്തത്തിൽ നൂറു പൂക്കൾ
ഞെട്ടറ്റു വീഴാത്ത
ഫലങ്ങളുണ്ടാകട്ടെ വീണ്ടും..






Sunday, January 12, 2014

ബാഷ്പാഞ്ജലി

സ്നേഹത്തിൻ നെയ്ത്തിരിയുമായ്‌
തനിക്കു ചുറ്റും പ്രകാശം പരത്തിയവനെ,
നിന്നന്തരാത്മാവിൽ പ്രകാശം ചൊരിയാൻ
ഞങ്ങൾക്ക് കഴിയാതെ പോയല്ലോ..
തിരിനാളം അണയാതെ കാത്തുസൂക്ഷിക്കാനായ്
നിന്നിലെ സംയമനത്തിൻ നെയ്പാത്രം
കാലിയായതും അറിയാതെ പോയല്ലോ..
അണയില്ലൊരുനാളും,
മാനസങ്ങളിൽ നീ തെളിച്ച
സ്നേഹത്തിൻ തിരിനാളവും
നിൻ വിയോഗ തീച്ചൂളയും

Saturday, January 11, 2014

അവസരവാദപരമായ "നയതന്ത്രം"

സായിപ്പിന് മുന്നിൽ മുട്ട് വിറയ്ക്കാതെ, നട്ടെല്ല് നിവർത്തി നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയെ നാട്ടിലെതിച്ചപ്പോൾ, രാജ്യത്തിൻറെ അഭിമാനത്തിന്റെ ഗ്രഫ് ഉയർന്നു എന്ന് കൊട്ടിഘോഷിക്കപ്പെടുന്നു. വളരെ പരിമിതമായി മാത്രം ഇന്ത്യാ ഗവണ്മെന്റിൽ നിന്നും കാണാറുള്ള ഇത്ര ആർജ്ജവത്തോടെയുള്ള പ്രതികരണങ്ങൾ, ചില സംശയങ്ങൾ  ഉണർത്താതിരിക്കുന്നില്ല. ഒരു നയതന്ത്ര ഉദ്യോഗസ്ഥ എന്ന രീതിയിൽ , വൃത്തികെട്ട സർക്കാർ സംവിധാനത്തിന്റെ ഭാഗമായത് കൊണ്ടോ, ഉന്നതരിൽ ആർക്കോ ഉള്ള പ്രത്യേക താൽപ്പര്യമോ ആണ് ഇത്ര ആവേശത്തിൽ നിന്നത് എന്നത് ഇതുപോലുള്ള അവസരങ്ങളിൽ കാണിച്ചിട്ടുള്ള ഇരട്ടതാപ്പുകൾ ഓർമ്മിപ്പിക്കുന്നു. കേരള തീരത്ത് മത്സ്യതൊഴിലാളികൾ കൊലചെയ്യപ്പെട്ട വിഷയത്തിലോ , വിവിധ രാജ്യങ്ങളിൽ അപമാനിക്കപ്പെട്ടിട്ടുള്ള സാധാരണ പൗരന്മാരുടെ വിഷയത്തിലോ ഇതുപോലുള്ള ഒരു ആർജ്ജവവും കാണാൻ കഴിഞ്ഞിട്ടില്ല. ദേവയാനി വിഷയത്തിൽ വാദിയും ഒരു ഇന്ത്യക്കാരി ആണെന്നുള്ളതും ഒരു കൂറ് എങ്ങോട്ടാണ് എന്ന ചോദ്യം ഉയർത്തുന്നു.  

Wednesday, January 8, 2014

ചർച്ച

ചവിട്ടി മെതിക്കപ്പെടുന്ന ബാല്യത്തിൻ
മുതുകിൽ കയറി നിന്ന്
നമുക്ക് ഘോരഘോരം ചർച്ച ചെയ്യാം,
ശോഭനമായ ഭാവിയെ കുറിച്ച്;
മൂത്തമന്ത്രിക്കസേരയെക്കുറിച്ച്;
അരുമ മകൾ തൻ രംഗപ്രവേശത്തെക്കുറിച്ച്;
സാരിയിൽ പൊതിഞ്ഞ സോളാറിനെക്കുറിച്ച്;
കസ്തൂരി, ഗാഡ്ഗിൽ കടന്നു പോയതിനെക്കുറിച്ച്..
ചർച്ചകൾ വഴിമുട്ടുമ്പോൾ,
പുതിയൊരു അശ്ലീല ചിത്രമായ്‌ ചാനൽ
വരും വരേയ്ക്കും ചർച്ചകൾ തുടരട്ടെ..

Saturday, January 4, 2014

കാടുവാഴി

ഒരു പെണ്‍പുലി ഉള്ളത് കൊണ്ട് പല്ലു കൊഴിഞ്ഞിട്ടും സിംഹം ഇത്രനാളും പിടിച്ചു നിന്നു. ഇപ്പോൾ പെണ്‍പുലിക്ക്, തന്റെ അരുമയായ സിംഹവലാൻ കുരങ്ങനെ രാജാവായി വാഴിക്കാൻ ഒരു മോഹം വന്നതിൽ തെറ്റ് പറയാൻ കഴിയില്ലല്ലോ..കൂടെയുള്ള കുരങ്ങന്മാരെല്ലാം ഉണ്ണാക്കന്മാരാണെന്ന് പെണ്‍പുലി പറഞ്ഞാൽ മറുവാക്കില്ലല്ലോ..ഇതെല്ലാം കണ്ടും കേട്ടും  കഴുതകൾ തങ്ങളുടെ കാടിന്റെ പെരുമയിൽ ഊറ്റം കൊണ്ടു.. 

Thursday, January 2, 2014

പാഴ്ജന്മം


ആദ്യ പുത്രിതൻ പരിലാളനയേറിയില്ലധികനാൾ
പിച്ചവെച്ചപ്പോളേ ശാസനകൾകേട്ട-
വകൾക്കാശയക്കുഴപ്പമായ്
നടപ്പിലും വേഷത്തിലും
ചിന്തയിലും സംസാരത്തിലും..
ശാസനകളവളെ വിരൂപിയും,
പ്രജ്ഞ നഷ്ടപ്പെട്ടവളുമാക്കി..
ഞാനുമൊരു പെണ്ണെന്ന്,
ഒതുങ്ങി നിന്നവൾ പതുക്കെ പറഞ്ഞുനോക്കി
ഉച്ചത്തിലോരിയിട്ടലറി നോക്കി..
അനുസരണയില്ലാത്തവളെന്ന ഗണത്തിൽ
കൂട്ടിയൊതുക്കപ്പെട്ടു..
ശ്രദ്ധവെച്ചില്ല, കണ്ണടച്ചൊരു,
കാതു പൊത്തിയൊരു ബന്ധുജനങ്ങളും..
പിന്നീട് വന്നനുസരണാശീലം തികഞ്ഞ
കുട്ടികളെ ലാളിച്ചു പോന്നവർ..

പറയുവാനേറെയുണ്ടവൾക്കെന്നാകിലും
പൊന്തുന്നില്ല ശബ്ദം..

അകാല വാർദ്ധക്യം ബാധിച്ചൊരു
കോണിൽ കിടപ്പുണ്ടങ്ങിനെ..
പിറക്കേണ്ടിയില്ലായിരുന്നെന്നു
ശപിച്ചാത്മഹത്യ ചെയ്യാൻ പോലുമാകാതെ..





പുതുവർഷ സമ്മാനം

കൂട്ടി..
ഹലോ... കൂട്ടിയോ ?
ഇല്ല കൂട്ടിയിട്ടില്ല..
ഇല്ല, കൂട്ടിയിട്ടില്ല...ഇനി അഥവാ കൂട്ടിയാൽ തന്നെ ശക്തമായ് പ്രതിഷേധിക്കും..
കൂട്ടി..ഇതിൽ മാറ്റമില്ല..
അം ... ( പ്രതിഷേധിക്കാൻ ആലോചിക്കുന്നു )
( അവരുടെ ഒരു പ്രതിഷേധം.. അങ്ങ് പ്രതിഷേധിക്കെടോ..ഇതെത്ര തവണ കണ്ടതാ..ഒരു പുതുവർഷ സമ്മാനം കൊടുത്താൽ സന്തോഷത്തോടെ സ്വീകരിക്കാൻ ഇനിയും അറിയില്ല..കഴുതകൾ..)

Wednesday, January 1, 2014

അത് താനല്ലയോ ഇത് ?


വിഭവങ്ങൾ  ഒന്ന്,
മനജേർമാർ മാത്രം മാറുന്ന
പല പേരിലുള്ള കടകൾ..
ആർക്കും വിളമ്പാം, ഭോജിക്കാം..
വിളമ്പിയും, ഭോജിച്ചും,
വീഴുന്ന നാണയത്തുട്ടിൻ
ഭാരത്തിൽ സായൂജ്യമടയാം..

വിശ്വാസം

"നമുക്ക് മധുരയ്ക്ക് പോകാം" എന്റെ വാക്കുകൾ കേട്ടപ്പോൾ, വിയർപ്പുണങ്ങാൻ കസേരകളിൽ തൂക്കിയിട്ടിരുന്ന വസ്ത്രങ്ങൾ മടക്കി ബാഗിൽ വയ്ക്കുന്നത് നിർത്തിയിട്ടു രമേശനും , ബിനോയിയും എനിക്കഭിമുഖമായ് തിരിഞ്ഞിരുന്നു. മൂവരുടെയും മുഖം മ്ലാനമാണ്. ചുറ്റും ആൾക്കാർ ഉല്ലാസത്തിൽ ആണ്. ഭക്തിയുടെ നിറവിൽ പഴണിയാണ്ടവനെ കണ്ട സന്തോഷത്തിൽ ആൾക്കാരുടെ മുഖത്തെല്ലാം ഒരു തേജസ്. കൂടുതലും തമിഴ്നാട്ടുകാരാണ്. ചുരുങ്ങിയ തുകയ്ക്ക് ഒന്ന് കിടന്നുറങ്ങാനും, കുളിച്ചു വൃത്തിയാകാനും ഉള്ള ഇടം വേണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു ഈ ഡോർമെട്രി തിരഞ്ഞെടുത്തപ്പോൾ. രാത്രി ആൾക്കാരുടെ കലപില കൂടലിൽ ഉറക്കമേ കിട്ടിയിരുന്നില്ല. പുലർച്ചെ തന്നെ എഴുന്നേറ്റു കുളിച്ചതുകൊണ്ട് വലിയ നിരയിൽ നിന്ന് മുഷിയാതെ രക്ഷപെട്ടു.

ഇന്നലെ പുലർച്ചെ തുടങ്ങിയ യാത്രയാണ്‌. ഞാൻ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോളേക്കും രമേശനും, ബിനോയിയും യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ എല്ലാം കഴിഞ്ഞിരുന്നു. കൂടുതൽ ഒന്നും ഇല്ല. രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ്‌, ടൂത്ത് ബ്രഷ്, ടൂത്ത്പേസ്റ്റ് , കുളിക്കാനുള്ള എണ്ണ, സോപ്പ് എന്നിവ എല്ലാം കൂടി ബാഗിൽ ആക്കി. സർവ്വകലാശാലാ വിദ്യഭ്യാസം പൂർത്തിയാക്കി ഹോസ്റ്റലിലെ പോലെ തന്നെ ഒരുമിച്ചു താമസിച്ചാണ് മൂവരും ജോലി ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യാൻ വരുന്ന അമ്മിണി ചേച്ചിക്ക് രണ്ടു ദിവസം അവധി കൊടുത്ത്, ഉന്മേഷവാന്മാരായ് യാത്ര ആരംഭിച്ചു.

കൊച്ചിയുടെ പ്രൌഡി പിന്നിട്ടു, തൃശൂരിന്റെ നിഷ്കളങ്കതയിലൂടെ ഭാരത പുഴയും താണ്ടി പാലക്കാടിന്റെ വരണ്ട തരിശു നിലങ്ങളിലൂടെ വണ്ടി കടന്നുപോകുമ്പോൾ പല തരത്തിലുള്ള യാത്രക്കാർ കയറി ഇറങ്ങുന്നത് കൗതുകത്തോടെ നോക്കിയിരുന്നു. ചാരനിറത്തിലുള്ള മലനിരകൾ ദാഹജലത്തിനായ് വെമ്പുന്നതായ് തോന്നി. വീഥിക്കിരുവശവും വളർന്നു നിൽക്കുന്ന പനകൾ തത്ത്വം പറയുന്നു. അതിർത്തി ഗ്രാമങ്ങൾ തമിഴിലേക്ക് ചായവു കാണിക്കാൻ തുടങ്ങി. വെളുപ്പും ചുവപ്പും ഇടകലർന്ന ചായങ്ങൾ ഭിത്തിക്ക് ആടയായ്. ബസിൽ കയറുന്നവർ കൂടുതൽ സംസാരിക്കാൻ തുടങ്ങി. പൊള്ളാച്ചിയിൽ, പേരയ്ക്കയും, ചക്കച്ചോളയും വിൽക്കാൻ, ചെളിവെള്ളത്തിൽ ചവിട്ടി നടന്നു കുരുന്നു ബാല്യങ്ങൾ   തോണ്ടി വിളിച്ചു ബഹളം വയ്ക്കുന്നു. ഈച്ചകൾ പൊതിഞ്ഞ ചക്കച്ചോള വാങ്ങി കൊടുത്തു യാത്രകാരിൽ ചിലർ കുട്ടികളുടെ കരച്ചിലടക്കി.

പഴണി ആണ്ടവന്റെ മണ്ണിൽ കാലു കുത്തിയപ്പോൾ, ആദിത്യൻ വിശ്രമത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എല്ലാം അറിഞ്ഞവനെ പോലെ ശാന്തമായ പുഞ്ചിരിയോടെ ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു!  കൂടുതലൊന്നും ചോദിക്കാതെ കൂടെ പോവുകയായിരുന്നു. മലയാളത്തിലും തമിഴിലും എഴുതി വച്ചിരിക്കുന്ന ലോഡ്ജിന്റെ പേര് വായിച്ചപ്പോൾ പഴയ തമിഴ് സിനിമയിൽ കണ്ടു പരിചയം ഉള്ളത് പോലെ തോന്നി - സുബ്രഹ്മണ്യ വിലാസം! വിശാലമായ മുറിയിലെ ഒരു തൂണിനു ചേർന്ന് സാധനങ്ങൾ എല്ലാം വെച്ചു. മൂന്ന് പായകൾ കൊണ്ട് വരപ്പെട്ടു. എല്ലാം പറഞ്ഞേൽപ്പിച്ച് , കുളിച്ചു കഴിയുമ്പോളേക്കും വരാം എന്ന് പറഞ്ഞു ദൈവദൂതൻ യാത്ര ആയി.

ചുറ്റുപാടുകൾ ഒരു അസ്വസ്ഥത ജനിപ്പിക്കാൻ തുടങ്ങി. യാത്ര ചെയ്ത ക്ഷീണം ഒന്ന് നടു നിവർത്തി കുറച്ചു. നേരം വൈകിക്കേണ്ട എന്ന തീരുമാനത്തിൽ ഓരോരുത്തരായി കുളിക്കാൻ തുടങ്ങി. തണുത്ത വെള്ളം തലയിൽ വീണപ്പോൾ യാത്രാക്ഷീണം എല്ലാം മാറി. കുളി കഴിഞ്ഞു തിരിച്ചു വന്നപ്പോളേക്കും കിടക്കാൻ അനുവദിച്ച സ്ഥലത്തിനും ചുറ്റും ആൾക്കൂട്ടം ആയി. വസ്ത്രം മാറി കഴിഞ്ഞപ്പോളേക്കും ദൈവദൂതൻ വീണ്ടും അവതരിച്ചു.

പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ ദൈവപ്രീതിക്ക് ആവശ്യമായ എല്ലാം ഏൽപ്പിച്ചു. എല്ലാം അറിഞ്ഞു ചെയ്യാൻ അദ്ദേഹം കൂടെ തന്നെ ഉണ്ട്. വാഴയിലയിൽ വിളമ്പിയ ഭക്ഷണവും കഴിച്ച്, പഴണിയുടെ രാത്രി സൗന്ദര്യം ആസ്വദിച്ച് നടന്നു. കുതിര വണ്ടിയുമായ് തമിഴന്മാർ മുറിമലയാളം പറഞ്ഞു പുറകെ കൂടി. വില പേശലിൽ കരാർ ഉറപ്പിക്കപ്പെടാതെ കുതിര സവാരി മുടങ്ങി.

തിരിച്ചു ലോഡ്ജിൽ എത്തിയപ്പോൾ ഒരു ചന്തയുടെ പ്രതീതി. മലയാളവും, തമിഴും, കന്നടയും , തെലുങ്കും എല്ലാം താന്താങ്ങളുടെ നിലയിൽ കലപില കൂടുന്നു. കൂട്ടത്തിൽ സൗമ്യൻ മലയാളവും, കേമൻ തമിഴും തന്നെ. ഉറങ്ങാൻ ഉള്ള ശ്രമം വിജയിച്ചത് എപ്പോൾ ആണെന്നറിയില്ല. വാഗ്ദാനം ചെയ്തത് പോലെ പുലർച്ചെ ദൈവദൂതൻ വന്നു പൂജാ സാധനങ്ങൾ ഏൽപ്പിച്ച കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ എല്ലാം തയ്യാറാക്കി വെച്ചിരുന്നു. ബിൽ കണ്ടു മൂവരും ഞെട്ടി മുഖത്തോട് മുഖം നോക്കി. ഇത്രയും വേണോ ? അതേ ചോദ്യം ദൈവദൂതനോടും ചോദിച്ചു. അദ്ദേഹം കടക്കാരനോട് കുശു കുശുത്തു. രണ്ടു നാളികേരം എടുത്തു മാറ്റി മുന്നൂറു രൂപ കുറച്ചു തന്നപ്പോൾ, കടക്കാരന്റെ മഹാമനസ്കതയിലും, ദൈവദൂതന്റെ കഴിവിലും മനം കുളിർത്തു. അഭിഷേകത്തിനുള്ള കാശും അവിടെ തന്നെ ഏൽപ്പിക്കാൻ പറഞ്ഞപ്പോൾ നല്ല ഒരു പാക്കേജ് ആയിട്ട് തോന്നി. സഹായത്തിനു ഒരു പയ്യനെയും കൂട്ടി ഞങ്ങളെ യാത്രയാക്കി, "ഹരഹരോ ഹരഹര" പറഞ്ഞു ദൈവദൂതൻ യാത്രയായി.

എല്ലാ ദുരിതങ്ങളിൽ നിന്നും രക്ഷ നേടാൻ പഴണി ആണ്ടവന് സമർപ്പിക്കാനുള്ള പൂജാ സാധനങ്ങളുമായ് മുന്നിൽ നടക്കുന്ന വൃത്തികെട്ട രൂപത്തെ കണ്ടു മനസ്സൊന്നു ശങ്കിച്ചു. മല കയറുന്നതിനു മുൻപ് നേർച്ച ഇടാനുള്ള ചില്ലറ ഇല്ല എന്ന സങ്കടം തീർക്കാൻ അതുമായും ആൾക്കാർ !! മൂവരും പത്ത് രൂപയ്ക്ക് വീതം ചില്ലറ വാങ്ങി. മുന്നിൽ സഹായി ഓടി മല കയറുന്നു. ചില്ലറപ്പൊതി അഴിച്ചു നേർച്ച ഇടാൻ നോക്കിയപ്പോൾ ഏതാനും പത്തു പൈസ തുട്ടുകൾ മാത്രം!! ചതിയുടെ ആദ്യ ചുവട്!!

ചതിക്കപ്പെട്ടവന്റെ തളർച്ചയോടെ ആയി തുടർന്നുള്ള ചുവടുകൾ. കയറ്റത്തിൽ കണ്ട പല വിഗ്രഹങ്ങളിൽ ഒന്നിൽ പ്രാർത്ഥിച്ചു കാണിക്കയിടാൻ ഒരു മുത്തശ്ശി പറഞ്ഞപ്പോൾ, സംശയം തോന്നിയില്ല. കാണിക്കയിട്ടു കയറുന്നതിനിടയിൽ തിരിഞ്ഞു നോക്കിയപ്പോൾ, ഇട്ട കാണിക്ക എടുത്തു മുത്തശ്ശി എളിയിൽ തിരുകുന്നതു കണ്ടു തളർന്നു പോയി. സഹായി തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.

മുകളിൽ എത്തിയപ്പോൾ, ആണ്ടവനെ അടുത്ത് കാണണമെങ്കിൽ കൂപണ്‍ എടുക്കണം എന്ന് പറഞ്ഞപ്പോൾ വിശ്വാസത്തിന്റെ മറ്റൊരു രീതി കാണുകയായിരുന്നു. പൊതു നിരയിൽ നിന്നുള്ള പുണ്യം മതി എന്ന് നിശ്ചയിച്ചു കൂട്ടത്തിൽ തിക്കി തിരക്കി നിന്നു. പൂജാ സാധനങ്ങൾ താഴെ വീഴാതിരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു. പാലഭിഷേകത്തിനു, പണം വീണ്ടും കൊടുക്കണം എന്ന് കൂടി കേട്ടപ്പോൾ ഉള്ള വിശ്വാസവും കൂടി പോയി കിട്ടി. കൂടുതൽ പറ്റിക്കപ്പെടില്ല എന്ന തീരുമാനത്തിൽ, എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടണം എന്ന ചിന്ത ആയിരുന്നു. പ്രാർത്ഥിച്ചു എന്ന് വരുത്തി, പടിയിറങ്ങി.

" എടാ.. അതിനു നമ്മുടെ കൈയ്യിൽ കാശുണ്ടോ ?" രമേശൻ ചോദിച്ചപ്പോൾ ആണ് അങ്ങിനെ ഒരു കാര്യം എൻറെ ചിന്തയിൽ വന്നത്. പിന്നെ മൂന്ന് പേരും കൂടി കൈയിൽ ഉള്ളതെല്ലാം എണ്ണി തിട്ടപ്പെടുത്തി.
" ഇത് മതി, വണ്ടി കാശു ഉണ്ട്  "..ഞാൻ  തീർച്ചപ്പെടുത്തി..
" ഇവിടെ അനുഭവിച്ച ചതി മനസ്സിൽ വച്ച് തിരിച്ചു പോയാൽ ഈ യാത്രയുടെ എല്ലാ ഗുണവും ഇല്ലാതാകും..അതുകൊണ്ട് നമുക്ക് മധുരയ്ക്ക് പോകാം" ബിനോയ്‌ കൂട്ടിചേർത്തു.

മധുരാക്ഷേത്രഗോപുരം അത്ഭുതം പകർന്നു സ്വാഗതം ഓതി. ബസ് സ്റ്റാൻഡിൽ പോയി കൊച്ചിയിലേക്കുള്ള ബസ്‌ ടിക്കറ്റ്‌ ആദ്യം എടുത്തു. കൈയിൽ ഉണ്ടായിരുന്ന നാണയത്തുട്ടുകളിൽ ഓരോ ഒറ്റ രൂപ നാണയത്തുട്ടുകൾ മൂവരും കൈയിൽ കരുതി ദർശനത്തിനായ് നിര നിന്നു. മനം കുളിർക്കെ മധുര മീനാക്ഷിയെ കണ്ടു പ്രാർത്ഥിച്ചു കാണിക്കയിട്ടപ്പോൾ പിന്നിട്ട വഴികളിലെ ചതികൾ എല്ലാം മറന്നു മനസ്സ് ശാന്തമായ്. ശിൽപവിദ്യയുടെ മകുടോദാഹരണങ്ങൾ കണ്ടു നടക്കുമ്പോൾ ആ യാത്ര പുണ്യമായി മാറുകയായിരുന്നു.

പുറത്തിറങ്ങിയപ്പോളേക്കും വിശപ്പ്‌  ശല്യം ചെയ്തു തുടങ്ങിയിരുന്നു. കടയിൽ കയറി ദോശ ഓർഡർ ചെയ്തപ്പോൾ സ്വാഭാവികമായും ചായയും വേണ്ടി വരും എന്ന് കരുതിയ സപ്ലയറുടെ ചോദ്യത്തിന് ഞങ്ങളുടെ ഒരുമിച്ചുള്ള മറുപടി, "വേണ്ട, ചുടുതണ്ണി മതി" എന്നായിരുന്നു. സാമ്പാറിനും ചുടുതണ്ണിക്കും കാശില്ലാത്തത്‌ കൊണ്ട് വയർ നിറച്ചു. യാത്രയിൽ, രാത്രി കഴിക്കാൻ വഴിവക്കിൽ നിന്നും കുറച്ചു പഴവും വാങ്ങി നേരത്തെ വണ്ടിയിൽ കയറി ഇരുന്നു. വണ്ടി അനങ്ങി തുടങ്ങിയതെ ഓർമ്മയുണ്ടായിരുള്ളൂ. ഉറക്കം ഉണർന്നപ്പോൾ, കൊച്ചി, ഉറക്കച്ചടവിൽ കോട്ടുവായിട്ട്‌ തലേന്ന് അകത്താക്കിയ മദ്യത്തിന്റെയും, മാംസത്തിന്റെയും ദുർഗന്ധം വമിക്കുന്നു. ഞങ്ങൾ, സമയത്ത് ജോലിസ്ഥലത്ത് എത്തിപ്പെടാനായ് അടുത്ത വണ്ടി പിടിക്കാൻ ധൃതി കൂട്ടി. പാതയോരത്ത്, നീലയും വെളുപ്പും നിറത്തിൽ ഉള്ള ഭിക്ഷാടന നിരോധന ബോർഡിന് താഴെ ഒട്ടിയ ഒരു വയർ പ്രതീക്ഷയോടെ ഞങ്ങളെ നോക്കിയത്, കണ്ടില്ലെന്നു നടിച്ചു..