Saturday, January 25, 2014

ദൈവം

ദൈവം
---------
ദൈവത്തിൻറെ ശില്പം പൂർത്തിയാക്കി
ചൈതന്യം വരുത്താൻ കൈമാറിയിട്ട്‌,
പൊളിഞ്ഞ കൂരയിലേക്കയാൾ മടങ്ങി,
ഒട്ടിയവയറുമായി കാത്തിരിക്കും
കുഞ്ഞുങ്ങൾക്കന്നം നൽകും ദൈവമാകാൻ.
പിറ്റേന്ന്, കുളിച്ചു ശുദ്ധിവരുത്തി
തൊഴാൻ ചെന്നപ്പോൾ,
ദൈവത്തിനും അയാൾക്കുമിടയിൽ
വളർന്ന വിശുദ്ധ ആചാരങ്ങൾക്ക്
അവിശുദ്ധ കൂട്ടുക്കെട്ടിന്റെ പകിട്ട്.

പുരോഹിതൻ
--------------------
പാപികളെ ശുദ്ധിവരുത്തി
ദൈവ വഴികാണിച്ചു കൊടുത്തു
തിരിച്ചു നടന്നപ്പോൾ
വഴി തെറ്റി ചെന്നുകയറിയത്
ചെകുത്താന്റെ ഗോപുരത്തിൽ

ഭക്തി
--------
ദരിദ്രൻ സമൃദ്ധിക്ക് വേണ്ടിയും
ധനികൻ സ്വസ്ഥതയ്ക്കു വേണ്ടിയും
കള്ളൻ കാപട്യം മറയ്ക്കാനും
ശുദ്ധൻ, ദുഷ്ടനാകാതിരിക്കാനും
ആശ്രയിക്കുന്ന കുറുക്കു വഴി



No comments:

Post a Comment