Tuesday, June 16, 2015

അരുവിക്കര തിരഞ്ഞെടുപ്പ് ഫലം ഭരണത്തിലോ, കേരള രാഷ്ട്രീയത്തിലോ, അരുവിക്കരയിൽ തന്നെയോ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കാൻ പോകുന്നില്ല എങ്കിലും, ഒരു തിരഞ്ഞെടുപ്പ് മാമാങ്കം കൂടി തകർത്ത് അരങ്ങേറുകയാണ്. ഏത് അരാഷ്ട്രീയ വാദിയും കക്ഷിരാഷ്ട്രീയം പറയുന്ന ഈയൊരു മുഹൂർത്തത്തിൽ, പക്ഷം ചേരാതെ ഒരു വിലയിരുത്തൽ മലയാളിക്ക് പറ്റുമോ എന്നത് സംശയം ആണ്. അത് ഇതിലും കാണുന്നു എങ്കിൽ, അത് ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരൻ ആയതുകൊണ്ട് മാത്രം ആകും എന്ന് പറഞ്ഞുകൊള്ളട്ടെ.

സർക്കാരിൻറെ കാലാവധി തീരാൻ ഒരു വർഷം മാത്രമേ ഒള്ളൂ എങ്കിലും, ഭരണപരമായ "സ്തംഭനം" ഒഴിവാക്കാൻ വേണ്ടി ഇങ്ങനെ ഒരെണ്ണം നടത്തിയേ അടങ്ങൂ. ഇത് അങ്ങ് കഴിയാൻ വേണ്ടി കാത്തിരിക്കുകയാണ്, ഈ "സ്തംഭനം" മാറ്റി ഒന്ന് ഇളക്കാൻ. കേരളത്തെ മൊത്തത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തീരുമാനിക്കേണ്ട നിയമ സഭാ സമ്മേളനം വെട്ടിച്ചുരുക്കി, ഗോദയിലേക്കിറങ്ങാൻ ഭരണപക്ഷവും പ്രതിപക്ഷവ്വും ഒറ്റക്കെട്ട്!  നിയമസഭയിൽ ഇരുന്നാൽ ചോദ്യങ്ങൾ , ഉത്തരങ്ങൾ, പിടിവലി, കടി, പീഡനം അങ്ങിനെ എന്തെല്ലാം കാര്യങ്ങൾ നോക്കണം. അപ്പോൾ ഭേദം അരുവിക്കരയിലെ കാറ്റ് തന്നെ നല്ലത്.

രാഷ്ട്രീയത്തിൽ ഇറങ്ങാൻ പാരമ്പര്യമാണോ, പ്രവർത്തി പരിജയമാണോ, കഴിവാണോ, പ്രയമാണോ പരിഗണിക്കേണ്ടത് എന്നുള്ള ചോദ്യങ്ങൾക്കെല്ലാം അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന പതിവ് ശൈലിയിൽ മറുപടി കൊടുത്ത് ഭരണപക്ഷം അടവ് പയറ്റുമ്പോൾ, അഴിമതിയിലും കെടുകാര്യസ്ഥതയിലും ചരിത്രം സൃഷ്ടിച്ച ഈ സർക്കാരിന് വേണ്ടി വോട്ട് ചോദിയ്ക്കാൻ ഒരു ഉളുപ്പും ഇല്ലാതെ തീപ്പൊരി പ്രസംഗവുമായി അല്പസംസാരി, ആദർശധീരൻ എ.കെ.ആന്റണി തന്നെ ആദ്യം ഇറങ്ങി, എവിടെ എങ്കിലും കുറച്ചെങ്കിലും നാണം ബാക്കി ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ്കാർക്ക് കൂടി നാണം ഇല്ലാതാക്കി, തകർത്താടാൻ ആവേശം പകർന്നു. ദോശയ്ക്ക് ചമ്മന്തി എന്ന പോലെ ഉമ്മൻ-ചെന്നിത്തല സംഘം കള്ളന്മാരെ എല്ലാവരെയും പരിശുദ്ധൻമാരാക്കി രംഗം കൊഴുപ്പിച്ചു. എവിടെയെല്ലാമോ പൊട്ടിക്കാൻ വെച്ചിരുന്ന ബോംബ്‌ നനഞ്ഞ് ചീറ്റിക്കാൻ പോലുമാകാതെ പി.സി.അണ്ണൻ എന്തോപോയ അണ്ണാനെ പോലെ ഇരിക്കുന്നു.

കഴിഞ്ഞ നാല് വർഷം ഭരണം ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നത് പോലെ തന്നെ പ്രസക്തം ആണ്, പ്രതിപക്ഷം ഉണ്ടായിരുന്നോ എന്ന ചോദ്യവും. തലനാരിഴയുടെ ഭൂരിപക്ഷവും ആയി കയറിയ ഭരണത്തെ, ഇത്രയധികം അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ട് പോലും ഒന്ന് ശരിക്കും പിടിച്ച് കുലുക്കാൻ പോലും ആകാതെ നിർജ്ജീവം ആയിരുന്നില്ലേ പ്രതിപക്ഷം? സ്വന്തം തട്ടകത്തിലെ കേമന്മാരെ ഒതുക്കാൻ ഉള്ള ബദ്ധപ്പാടിൽ പലവിഷയങ്ങളിലും കാര്യക്ഷമമായി ഇടപെടാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. പാർട്ടിയുടെയും, അഞ്ച് വർഷം കഴിഞ്ഞ് കനിഞ്ഞ്‌ കിട്ടുന്ന അധികാരത്തിന്റെയും നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കാൻ ഉള്ള കുതികാൽ വെട്ടലും, പിടിച്ചടക്കലും ആയിരുന്നു പ്രധാനമായും നടക്കുന്നത്. ജനകീയ നേതാക്കളെ കാര്യക്ഷമമായ് ഉൾകൊള്ളാൻ ശ്രമിക്കുന്നതിനു പകരം, അണികൾ ചോരുന്നതറിയാതെ, പാർട്ടിയുടെ ചട്ടക്കൂട് എന്ന ഉമ്മാച്ചി കാണിച്ച് കൂച്ച് വിലങ്ങിട്ട് നിർത്തുന്ന നേതാവിനെ തന്നെ വേണം ഇന്നും തിരഞ്ഞെടുപ്പിനെ നേരിടാൻ എന്നത് പാപ്പരത്തം ആണ്. ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥിയെ നിർത്തി "മതനിരപേക്ഷത" പയറ്റുന്ന ഈ പ്രായോഗിക രാഷ്ട്രീയം ഇടത്പക്ഷ രാഷ്ട്രീയത്തിന് ചേർന്നത്‌ തന്നെ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ഭാരതീയ ജനതാ പാർട്ടിയാണോ അതോ രാജഗോപാൽ ആണോ മത്സരിക്കുന്നത് എന്ന് ചോദിച്ചാൽ രാജഗോപാൽ എന്ന വ്യക്തിയാണ് എന്ന് തന്നെ ആണ് ഇത്തവണത്തെ ഉത്തരം. പാർട്ടിയുടെ പിന്തുണ ഇല്ലാതെ മത്സരിച്ചിരുന്നു എങ്കിൽ പണ്ടേ ജയിക്കുമായിരുന്ന അദ്ദേഹത്തെ ഇനിയും ഒരു പരീക്ഷണത്തിന് നിർത്തണമായിരുന്നോ? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോഡിക്ക് വേണ്ടി വോട്ട് ചോദിച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളത് എന്നതുകൊണ്ട്‌, വലിയ അത്ഭുതങ്ങൾ ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല.

എണ്ണം പറഞ്ഞ് ഊറ്റം കൊള്ളുന്ന മതമേലദ്ധ്യക്ഷന്മാരും ജാതി നേതാക്കളും ഒരു പരിധിയിൽ അധികം പരിഗണിക്കപ്പെടുമ്പോൾ, ഒളിഞ്ഞും തെളിഞ്ഞും മനസ്സിൽ ജാതിയും, മതവും. കക്ഷി രാഷ്ട്രീയവും സൂക്ഷിക്കുന്ന ഒരു സമൂഹം കാര്യക്ഷമമായി അവരുടെ അവകാശം എത്രമാത്രം വിനിയോഗിക്കും എന്ന്  അറിയില്ല.

ഈ മഹാമേള കഴിഞ്ഞാൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വരികയായി. എല്ലാം കൊണ്ടും കോള് തന്നെ സമ്മതിദായകാ!!! ആഞ്ഞ് തന്നെ കുത്തണം ഓരോ കുത്തും !!!

No comments:

Post a Comment