Tuesday, June 30, 2015

നിരാശാ ജനകമായ വിധിയെഴുത്തിലൂടെ അരുവിക്കര പറയാൻ ശ്രമിക്കുന്നതെന്താണ്? ശക്തമായ രാഷ്ട്രീയ മനസ്സുള്ള കേരളത്തിൽ, ഒരു പരമ്പരാകത യു.ഡി.എഫ്. മണ്ഡലം പിടിച്ചെടുക്കൽ എളുപ്പമല്ല എങ്കിലും, കേരള മനസാക്ഷി മൊത്തം സർക്കാരിൻറെ മുഖത്ത് ഒരു അടി കൊടുക്കാനുള്ള അവസരം ആയി ഈ തിരഞ്ഞെടുപ്പ് മാറും എന്ന് ആഗ്രഹിച്ചിരുന്നു. ബി.ജെ.പി.യുടെ സാന്നിദ്ധ്യം കേരളത്തിലെ പൊതു രാഷ്ട്രീയത്തിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നത് ? ശക്തമായ സർക്കാർ വിരുദ്ധ സാഹചര്യങ്ങൾ ഉണ്ടായിട്ടും, അഴിമതിക്കും ദുഷ്ഭരണത്തിനുമുള്ള അംഗീകാരം എന്ന രീതിയിൽ ഈ തിരഞ്ഞെടുപ്പ് ഫലം മാറ്റപ്പെട്ടത് നല്ല സൂചന അല്ല. ബി.ജെ.പി.യുടെ സാന്നിദ്ധ്യം മൂലം ഉണ്ടാകുന്ന ന്യൂന പക്ഷ വോട്ടുകളുടെ ഏകീകരണം, കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സമവാക്യങ്ങൾ അനുസരിച്ച് യു.ഡി.എഫ്.നു അനുകൂലമെ ആകൂ. സർക്കാരിനെതിരെയുള്ള വിധിയെഴുത്തിൽ വോട്ടുകൾ ഭിന്നിച്ച് പോയത്, സർക്കാരിനുള്ള അംഗീകാരം ആയി മാറ്റപ്പെട്ടു എന്നത് ഖേദകരമാണ്. ശക്തമായ പ്രതിപക്ഷം എന്ന രീതിയിൽ ഇടത്പക്ഷം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കി എന്ന് വേണം കരുതാൻ. ഇടത് പക്ഷത്തിൻറെ കക്ഷത്തിലിരിക്കുന്നത് പോയാലും, ഉത്തരത്തിലിരിക്കുന്നത്‌ കിട്ടുമെന്ന വ്യാമോഹം കലർന്ന നയം രണ്ടും നഷ്ടമാക്കാനെ ഇടയാക്കുന്നൊള്ളൂ. തിരഞ്ഞെടുപ്പ് വരെ കുറ്റം ചാർത്തലും, തിരഞ്ഞെടുപ്പടുക്കുമ്പോൾ കൊട്ടിയെഴുന്നള്ളിക്കലും എല്ലാം യു.ഡി.എഫ്. അണികൾ സ്വീകരിക്കുന്നത് പോലെ ഇടതുപക്ഷ അനുഭാവികൾ സ്വീകരിക്കില്ല എന്നതും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഏത് ചട്ടക്കൂടിന് പുറത്തും, പൊതുജന സ്വീകാര്യത തന്നെ ആണ്, ജനാധിപത്യത്തിൽ വിജയം കാണുക എന്നതും തിരിച്ചറിയുക.

No comments:

Post a Comment