Wednesday, June 17, 2015

കള്ളം പറയുന്ന പരസ്യങ്ങൾ

സമീപകാലത്തെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻടെർഡും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും ഗുണനിലവാര നിയന്ത്രണ രംഗത്ത് നടത്താൻ ഉദ്ദേശിക്കുന്ന ഗുണപരമായ മാറ്റങ്ങൾ സർവ്വാത്മനാ സ്വാഗതം ചെയ്യേണ്ടതുണ്ട്.

 തങ്ങളുടെ ഉത്‌പന്നമോ സേവനമോ ആശയമോ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഉള്ള ഉപാധി ആയിട്ടാണ് പരസ്യം എന്ന ആശയം ഉയർന്ന് വന്നത്. എന്താണോ നൽകുന്നത് അതിൻറെ ഗുണനിലവാരം വ്യക്തമായി മനസ്സിലാകുന്നവിധം ( വേണമെങ്കിൽ ആകർഷണമാം വിധം ) ഉൾപ്പെടുത്താം എന്നല്ലാതെ, ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തതോ, തെളിയിച്ചതിന് തെളിവ് ഇല്ലാത്തതോ ഒന്നും തന്നെ പരസ്യത്തിൽ ഉൾപ്പെടുത്താൻ പാടുള്ളതല്ല.

പരസ്യത്തിനു ചിലവാക്കുന്ന ഓരോ രൂപയും ഉത്പന്നത്തിന്റെ/ സേവനത്തിൻറെ വിലയിൽ കൂട്ടിയിട്ടുകൊണ്ടാണ് ഓരോന്നും വിൽക്കപ്പെടുന്നത് എന്നിരിക്കെ നമ്മൾ കണ്ടാലും ഇല്ലെങ്കിലും ആ അധിക ബാദ്ധ്യത ഉപഭോക്താവിൻറെ കീശയിൽ നിന്ന് പോയ്ക്കൊണ്ടേ ഇരിക്കുന്നു. നമ്മൾ വാങ്ങുമ്മ ഓരോ ഉല്പന്നത്തിനും/ സേവനത്തിനും സർക്കാർ ഖജനാവിലേക്ക് നികുതിയും അടക്കുന്നുണ്ട്. ഇതെല്ലാം ഇരിക്കെ, ഈ പരസ്യങ്ങളുടെ മുകളിൽ എന്തെങ്കിലും നിയന്ത്രണം ഗുണനിലവാര നിയന്ത്രണ സ്ഥാപനങ്ങൾ വെച്ചുപുലർത്തുന്നുണ്ടായിരുന്നോ എന്നത് സംശയം ആണ്.

നമ്മുടെ ഓരോ നിമിഷവും ഒന്നല്ലെങ്കിൽ മറ്റൊരു പരസ്യത്തിലൂടെ നമ്മൾ വഞ്ചിക്കപ്പെടുകയാണ് എന്ന ദയനീയ സത്യം നമ്മൾ മനസ്സിലാക്കുന്നുണ്ടോ? ഭക്ഷണ സാധനങ്ങൾ തുടങ്ങി, വാഹനങ്ങൾ, സ്വർണ്ണം , ഇൻഷുറൻസ്, പേസ്റ്റ്, സോപ്പ്, ബ്രഷ്, എന്തിന് കക്കൂസ് കഴുകുന്ന പാനീയത്തിന് പോലും നേരും നെറിവും ഇല്ലാത്ത പരസ്യങ്ങൾ നമ്മളുടെ ഓരോ തീരുമാനത്തെയും സ്വാധീനിക്കുന്നു. സ്വർണ്ണത്തിൻറെ പരിശുദ്ധി 916 ആണെന്നിരിക്കെ, ഓരോ ജ്വല്ലറിയും തങ്ങളുടെ സ്വർണ്ണം മാത്രമാണ് പരിശുദ്ധം എന്നതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? ആരും ശുദ്ധമായത് തരുന്നില്ല എന്നത് തന്നെ അല്ലെ? എനർജി ബൂസ്റ്ററുകൾ, ആരോഗ്യത്തിന് ഹാനികരം അല്ലാതെ അത് ചെയ്യുന്നു എന്നതിന് എന്ത് ശാസ്ത്രീയ തെളിവുകൾ ആണുള്ളത് ? ഭക്ഷണ സാധനങ്ങളുടെ ലേബലിൽ ഉപഭോക്താവിന് മനസ്സിലാകുന്ന രീതിയിൽ എന്തെല്ലാം വിവരങ്ങൾ കൊടുക്കുന്നുണ്ട്? ഇൻഷുറൻസ് പരസ്യങ്ങൾക്ക് പിന്നാലെ കൊടുക്കുന്ന ആർക്കും മനസ്സിലാകാത്ത വാചകങ്ങൾ പരസ്യത്തിൽ പറഞ്ഞതെല്ലാം സത്യമല്ല എന്നെങ്കിലും പറയുന്നുണ്ട്.

പരസ്യത്തിൽ അഭിനയിക്കുന്നവർക്കും അവർ പറയുന്നതിൻറെ ഉത്തരവാദിത്തവും ഉണ്ട്. നേരത്തെ പറഞ്ഞത് പോലെ, പരസ്യത്തിനു ചിലവാക്കുന്ന ഓരോ രൂപയും ഉത്പന്നത്തിന്റെ/ സേവനത്തിൻറെ വിലയിൽ കൂട്ടിയിട്ടുകൊണ്ടാണ് ഓരോന്നും വിൽക്കപ്പെടുന്നത്. അങ്ങിനെ ആകുമ്പോൾ അവർക്ക് കിട്ടുന്ന ഓരോ രൂപയും നമ്മൾ കൊടുക്കുന്നു എന്നർത്ഥം. അവർ വിൽക്കുന്നത് ഉല്പന്നത്തോടൊപ്പം, അവരുടെ പൊതു സ്വീകാര്യതയും കൂടി ആണ്.

വിപണിയിൽ എത്തിക്കുന്ന ഓരോ ഉല്പന്നത്തിനും ഗുണനിലവാരം ഉറപ്പ് വരുത്താനും, പരസ്യത്തിലൂടെ സത്യമായ വിവരങ്ങൾ മാത്രം നൽകാനും ഉത്തരവാദിത്തം നിർമ്മാതാവിനും,   ശക്തമായ ഗുണനിലവാര പരിശോധന നടത്താനുള്ള ഉത്തരവാദിത്തം സർക്കാർ സംവിധാനങ്ങൾക്കും ഉണ്ട്

No comments:

Post a Comment