Monday, June 29, 2015

കേരളാ പോലീസിന് മാലിദ്വീപ് പോലീസിൽ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നു. നിയമലംഘനം റിപ്പോർട്ട് ചെയ്‌താൽ അന്വേഷിക്കുകയാണ് നിയമപാലകരുടെ ഉത്തരവാദിത്തം. അല്ലാതെ ആരോപിക്കുന്നവൻ തെളിയിക്കണം എന്ന് പറഞ്ഞ്, കുറ്റവാളിയെ രക്ഷിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്? ബാർ കോഴ കേസിൽ മാണിയെ കുറ്റവിമുക്തനാക്കുന്നത്, തൊടുന്യായത്തിൻറെ അടിസ്ഥാനത്തിൽ മാത്രം ആണ്. സാഹചര്യ തെളിവുകൾ ഉള്ള കേസുകളിൽ, കൂടുതൽ തെളിവുകൾ സമ്പാദിച്ച് കുറ്റവാളിക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കേണ്ട പോലീസ്, ഉള്ള തെളിവുകൾ പോലും പരിഗണിക്കാതെ കേസിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമം ആണ് വിജിലൻസിൻറെ ഉന്നതങ്ങളിൽ നിന്നും ഉണ്ടായത്. കോഴ കൊടുത്തിട്ടില്ല എന്ന് പറയാതെ, കൊടുത്തതിന് തെളിവില്ല എന്ന് പറഞ്ഞ് മാണിയെ രക്ഷിക്കാനുള്ള ശ്രമം ഭരണ നേതൃത്ത്വത്തിനും, പോലീസിനും നേരെ വിരൽ ചൂണ്ടുന്നു. കേരള ജനതയുടെ മനസ്സിലുള്ള അഴിമതിയുടെ അളവ് കോൽ ഉയർത്തി, അഴിമതികളെ നിസ്സാരവൽക്കരിക്കാൻ പഠിപ്പിച്ചു എന്നതാകും ഈ സർക്കാരിനെ കുറിച്ച് കേരള ചരിത്രം കുറിക്കാൻ പോകുന്നത്.


No comments:

Post a Comment