Tuesday, July 30, 2013

പൂങ്കാവനം

അവൾ ഒരു പൂവിനെ കൊതിച്ചു - കണികണ്ടുണരാനും, സുഗന്ധം ശ്വസിച്ചു ജീവിക്കാനും, വിഷമങ്ങളും സന്തോഷങ്ങളും പങ്കിടാനും. സ്നേഹമൂട്ടി വളർത്താനും.അറിയില്ലായിരുന്നു ഏത് സുഗന്ധമാണ്, വർണ്ണമാണ് നല്ലത് എന്ന്. അതിനായ് അവളൊരു കൊച്ചു പൂങ്കാവനം ഉണ്ടാക്കി. പലതരം ചെടികൾ ശേഖരിച്ചു, ചിലതെല്ലാം പരിചയക്കാർ കൊടുത്തു. സത്യത്തിൻ തെളിനീർ തളിച്ച്നട്ടുവളർത്തി അവയെല്ലാം. അവളറിയാതെ പലതും മുളച്ചു പൊന്തി.ചിലത് മെല്ലെ തളിർത്തു, മറ്റു ചിലവ പെട്ടെന്ന് പൂത്തു. ഏതാനും ചിലവ കനി തന്നു. കാലാന്തരത്തിൽ ചിലവ വാടിപ്പോയി, ചിലവ കരിഞ്ഞു പോയി. നഷ്ടമായവ, വിഷമങ്ങൾ അവശേഷിപ്പിച്ചു മനസ്സിൽ നിലനിൽക്കുന്നു. വർണ്ണങ്ങളും സൗരഭ്യവും  കണ്ണിനും കരളിനും ആനന്ദം നൽകി.പൂവുകളും, ഇലകളും, കനികളും പിഴുതു അവൾ പൂക്കളം തീർക്കുന്നു.

Sunday, July 28, 2013

കുമിള

ഏകാന്തധ്യാനത്തിൽ മയങ്ങുമ്പോൾ മുഖത്ത് പതിച്ച  ഒരു നീർക്കണം അവനെ തൊട്ടുണർത്തി. കണ്ണുനീരോ, മഞ്ഞു തുള്ളിയോ എന്ന് അത്ഭുതം കൂറി, കൈവെള്ളയിൽ എടുത്തു താലോലിച്ചു. സ്നേഹവും മോഹങ്ങളും ചാലിച്ചപ്പോൾ അത് കുമിളകളായി രൂപാന്തരപ്പെട്ടു - വർണ്ണരഹിതമായ അനേകം കുമിളകൾ. അവയ്ക്കിടയിൽ അവനവന്റെ ഏകാന്തത മറന്നു. അവയെ സ്വസ്ഥമായ്, സൂക്ഷ്മമായ്‌ , ചാഞ്ഞും ചെരിഞ്ഞും നിരീക്ഷിച്ചു. വർണ്ണങ്ങൾ, പല വർണ്ണങ്ങൾ കണ്ടവൻ സന്തോഷിച്ചു. കണ്ണുകൾക്ക്‌ കൂടുതൽ ആനന്ദം നൽകുന്നവയെ കൂടുതൽ താലോലിച്ചു. അവയിൽ ചിലതിൽ അവന്റെ പ്രതിബിംബം കണ്ടു. വെളിച്ചത്തിനനുസരിച്ചു പല വർണ്ണങ്ങൾ കണ്ടു. എപ്പോളൊക്കെയോ ഇരുട്ട് മൂടി കാഴ്ച മങ്ങിച്ചപ്പോൾ, സംശയിച്ചു വർണ്ണങ്ങൾ മാഞ്ഞുവോ, അതോ കുമിള തന്നെ മാഞ്ഞുവോ..

Saturday, July 27, 2013

പ്രണയം ( ? )

പ്രണയ ബന്ധിതരല്ലോ ഇന്നുനാം..
നിനക്കവനെയും, എനിക്കവളെയും
മറക്കാൻ കഴിയാത്ത അവസ്ഥയിൽ കണ്ടുമുട്ടിയവർ
ദുഃഖങ്ങൾ പങ്കുവച്ചവരെയന്ന്യരാക്കിയവർ

പ്രണയിക്കാം നമുക്ക് മതിമറന്നു,
സ്വകാര്യമായിട്ടാലോചിക്കാം പഴമയും
നമ്മിൽ നന്മകൾ മാത്രം കാണാം നമുക്ക്
കണക്കെഴുതാം, വഞ്ചനകളും തെറ്റുകളും സ്വാഭാവികം.

ഒരിക്കൽ നമ്മൾ തമ്മിൽ തിരിച്ചറിയും വരെ
വിശ്വസിക്കാം, പ്രണയിക്കാം നമുക്ക്
സൗകര്യപൂർവ്വം വിസ്മരിക്കാം പലതും
തികട്ടി വരുന്നവയെ ചവച്ചിറക്കാം

പിന്നീട് നമ്മൾ ജീവിത പങ്കാളിയെ കണ്ടെത്തുമ്പോളും
മറക്കാതെ സൂക്ഷിക്കാം നമുക്കീ പ്രണയം
നല്ല ജീവിത പങ്കാളികളായഭിനയിക്കാം
ഒളിച്ചു വയ്ക്കാം, പ്രകടിപ്പിക്കാം

എന്നെങ്കിലും നമുക്ക് മടുപ്പ് തോന്നുമ്പോളന്ന്യരാകാം
പരസ്പരം മറക്കാൻ പുതുകൂട്ടുതേടാം
എന്നാലും നമുക്ക് ഉത്ഘോഷിക്കാം
പ്രണയമനശ്വരമെന്നുമീ ഭൂവിൽ..

Friday, July 26, 2013

ഇന്നത്തെ പാഠം

പ്രതീക്ഷകൾ നിരാശയും, നേടിയെന്ന തോന്നൽ നഷ്ടബോധവും ഉണ്ടാക്കും
ഇതൊന്നും ഇല്ലാതിരിക്കാനും എളുപ്പമല്ല :)

Thursday, July 25, 2013

അമൃത്

അമൃത് തേടിയലയുന്നു ഞാൻ
സ്വച്ചന്ദ ജീവിതം നയിച്ച്‌ ചിരസന്തോഷി ആകുവാൻ
പറയുന്നുള്ളിലിരുന്നെൻ ഉപബോധം
പിഴുതെറിയു വ്യർഥമോഹങ്ങൾ
ജീവിക്കു, സ്വസ്തിയടയു നീയിന്നിൽ!
ബോധം തെളിഞ്ഞില്ലയിന്നും,
ജീവിക്കുന്നു സ്വപ്ന ലോകത്തിൽ തന്നെ..
 

Monday, July 22, 2013

പുതു പാഠങ്ങൾ

ബോധം തെളിഞ്ഞിട്ടില്ലയെങ്കിലും നിനക്കായ്
ഓതി തന്നിടാം ചില ജീവിത പാഠങ്ങൾ
തോളിനൊപ്പമൊ, മുകളിലോ കൂട്ടുകൂടുക
മേലോട്ട് നോക്കി ചരിക്കേണമെപ്പോളും,
താഴെയുള്ളത് തിരസ്കരിക്കണം,
ചവിട്ടി അരയ്ക്കണം ഉയരങ്ങൾ താണ്ടുവാൻ
ദാരിദ്ര്യത്തിലും അണിഞ്ഞൊരുങ്ങി നടക്കേണം
കുബേരനായാൽ, ദാനം കൊടുക്കുമ്പോൾ നാലാളറിയണം
കയ്യടിക്കാൻ ആൾക്കൂട്ടമില്ലെങ്കിൽ
അനങ്ങരുത് ദുരന്ത മുഖങ്ങളിലും
പഠിപ്പിക്കുന്നുണ്ട് പുതു കലാ-അഭിനയ രീതികൾ
ഒരുക്കിയെടുക്കാം പുതിയ റിയാലിറ്റി ഷോകൾക്കായ്
വിജയങ്ങളിൽ അഹങ്കരിക്കുമ്പോളും
വിനയം "പ്രകടിപ്പിക്കാൻ" മറന്നു പോകരുത്
പരാജയങ്ങളിൽ പക തോന്നിയാലും
"പുഞ്ചിരിച്ചു" വിജയിയെ "അഭിനന്ദിക്കേണം"
വിഷയങ്ങളിൽ ഒന്നാമനാകുമ്പോളും
മറ്റുള്ളവന്റെ കണക്കു പുസ്തകത്തിൽ കണ്ണുണ്ടാകണം
പ്രണയിക്കരുതെന്നു പറയില്ല ഞാനെങ്കിലും
നോക്കണം അന്തസ്സിൽ ഒപ്പത്തിനൊപ്പമോ
കൂട്ടുകളൊക്കെ ആകാം നിനക്കെന്നും
കൂട്ടത്തിൽ ശത്രുവുണ്ടെന്നും കരുതിടെണം
മോനെ നീ വളർന്നു വലുതായി
ലോകം കീഴടക്കുന്നവൻ ആയിടെണം
നിനക്ക് സ്നേഹം നിന്നോട് തന്നെ
മറ്റുള്ളതെല്ലാം അതിനു വേണ്ടിയുള്ളതാകണം



Sunday, July 21, 2013

മഴവില്ല്

വിണ്ണിൽ കണ്ടൊരു മരിവില്ലിന്നെൻ
കണ്ണിമയ്ക്കുള്ളിൽ തിളങ്ങുന്നുവോ ?

അമ്മു

പടിഞ്ഞാറു മലനിരകളിലേക്ക് സൂര്യൻ ചരിഞ്ഞു തുടങ്ങി. മേടമാസത്തിലെ ചൂട് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു.

അമ്മു കണ്ണടച്ച് തന്നെ കിടന്നു. പുതപ്പു വലിച്ചു തലവഴി പുതച്ചു. അവൾക്കു തണുക്കുന്നുണ്ട്. എന്തൊക്കെയോ സ്വപ്‌നങ്ങൾ, തേനീച്ച കൂട് കൂട്ടിയത് പോലെ. അനക്കിയാൽ എല്ലാം കൂടി മൂളി അസ്വസ്ഥത ഉണ്ടാക്കും. ഉറക്കം കണ്ണുകളെ വീണ്ടും തലോടി. ഇപ്പോൾ അമ്മുവിനു കാണാം. പച്ച പാവാടയും വെള്ള ഷർട്ടും ധരിച്ചു പുസ്തകക്കെട്ടും എളിയിൽ വച്ച് ഒറ്റയ്ക്ക് നടന്നു പോകുന്ന ആ കൊച്ചു കുട്ടിയെ. അമ്മു വീണ്ടും സൂക്ഷ്മമായി നോക്കി. കുട്ടി വലുതാകുന്നു, ദാവണി ചുറ്റുന്നു. തീവണ്ടി മൂളി പായുന്നു. ഇപ്പോൾ അവൾക്കു ചുറ്റും  കുറെ പേർ. എല്ലാവരും ചിരിക്കുന്നു. കളിക്കുന്നു. കൊഞ്ചി കുഴയുന്നു. അമ്മു ഇപ്പോൾ ചിരിക്കുന്നുണ്ടോ? ഉണ്ട്. ആരൊക്കെയോ അവളെ എടുത്തു പോക്കുന്നു. ഒരു കണ്ണാടിയുടെ മുന്നിലുടെ കടന്നു പോയപ്പോൾ, ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ചുണ്ടിൽ ചായം ഉണ്ടല്ലോ. ദാവണി അല്ലല്ലോ, ജീൻസും ടീ ഷർട്ടും !!  തൻറെ അരികിൽ നിഴലായി നിൽക്കുന്ന അവനാരാണ് ? ഇല്ല, അവനെ തൊടാൻ കഴിയുന്നില്ല. എവിടെയോ കണ്ടു മറന്ന മുഖം. ഇതവനല്ലേ? അതെ അവൻ തന്നെ. കൈ എത്തിച്ചു നോക്കി. അവനും കൈനീട്ടുന്നുണ്ടല്ലോ. കൈകൾ തൊട്ടുവോ? അറിയില്ല. അയ്യോ, ആ കൈകൾ അകന്നു പോകുന്നല്ലോ. കൈകൾ എത്ര നീട്ടിയിട്ടും എത്തുന്നില്ലല്ലോ. അവൻ മാഞ്ഞു പോകുന്നതെന്താണ് ? കാല് ചലിപ്പിക്കാൻ നോക്കി. ഇല്ല അനങ്ങുന്നില്ല. ആഞ്ഞു വലിച്ചു മുന്നിലേക്കെടുത്ത് വച്ചു . അയ്യോ, എങ്ങോട്ടാണ് ഇത്ര താഴ്ചയിലേക്ക് പോകുന്നത്?
"അയ്യോ, ആരെങ്കിലും എന്നെ ഒന്നു പിടിക്കു...അമ്മേ" അമ്മ മാറി നിന്ന് ഉച്ചത്തിൽ കരയുകയാണല്ലോ
" അച്ഛാ"...അയ്യോ, അച്ഛനെ കാണുന്നില്ലല്ലോ..
"ഏട്ടാ..എന്നെ രക്ഷിക്കു" ഏട്ടൻ എന്താ എന്നെ രക്ഷിക്കാത്തത് ..ഏട്ടൻ ഇതൊന്നും കാണുന്നില്ലേ? അമ്മയുടെ കരച്ചിൽ  കാണുന്നില്ലേ?
"അയ്യോ ... ആരെങ്കിലും എന്നെ ഒന്ന് രക്ഷിക്കു.."..ഹോ..ആശ്വാസം.. ഒരു പിടുത്തം കിട്ടി..മെലിഞ്ഞു, തളർന്ന ഒരു വള്ളി..അമ്മു അതിൽ മുറുകെ പിടിച്ചു 
"മോളെ അമ്മൂ" അമ്മു ഞെട്ടി ഉണർന്നു.. അപ്പൂപ്പൻ അരികിൽ ഇരിക്കുന്നു, ആ ശുഷ്ക്കിച്ച കയ്യിൽ അമ്മു മുറുകെ പിടിച്ചിരിക്കുകയാണ്..
"നീയല്ലേ പറഞ്ഞത് അപ്പൂപ്പൻ താടി പിടിക്കാൻ പോകണം എന്ന്?", ശോഷിച്ച ശരീരം നേരെ നിർത്താൻ പാടുപെട്ടുകൊണ്ട്‌ അപ്പൂപ്പൻ ചോദിച്ചു.
ഉറക്കച്ചടവോടെ അമ്മു എഴുന്നേറ്റു ഇരുന്നു. എന്നാലും, അപ്പൂപ്പൻ താടിയെന്നു കേട്ടപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി.
" ഞാനൊന്നു മയങ്ങി പോയി, നേരം പോയതറിഞ്ഞില്ല. സാരമില്ല, ഇരുട്ടാൻ ഇനിയും വൈകും. മോള് വേഗം വാ.. "
അമ്മു അപ്പൂപ്പന്റെ കൈ മുറുകെ പിടിച്ചു..
" മോള് ആ ടോർച്ചു കൂടി എടുത്തോ. അപ്പൂപ്പന് കുറച്ചു മുറുക്കാനും."
അമ്മു ഓടിപോയി അതെല്ലാം എടുത്തുകൊണ്ടു വന്നു..
അവർ മെല്ലെ പുറത്തേക്കിറങ്ങി.
" മോൾക്ക് ഓർമ്മയുണ്ടോ എവിടെയാ അപ്പൂപ്പൻ താടി ഉണ്ടാവുക എന്ന് ? "
" ഉഊം.. ഓർമ്മയുണ്ട്" അമ്മുവിന്റെ മറുപടി കിട്ടിയെങ്കിലും, അപ്പൂപ്പൻ പറഞ്ഞു.
"സർപ്പക്കാവിനപ്പുറം കാണും. സന്ധ്യയ്ക്ക് മുൻപ് അവിടെനിന്നും പോരണം"
അമ്മു അപ്പൂപ്പൻറെ വലതു കൈ മുറുകെ പിടിച്ചു തന്നെ നടന്നു.
ഒരു വാര അകലെയുള്ള കുന്നിറങ്ങി ചെന്നാൽ സർപ്പക്കാവാണ്.
" മോള് കുട്ടിയായിരുന്നപ്പോൾ, അപ്പൂപ്പൻ തോളിൽ വച്ച് കൊണ്ടുപോകുമായിരുന്നു. മോൾക്ക്‌ ഒരുപാടു ഇഷ്ടമായിരുന്നു അപ്പൂപ്പൻ താടി. കുന്നിക്കുരുവും .."
" ഉഊം " അമ്മു മൂളി.
നടന്നു നടന്നു അവർ കുന്നിൻ മുകളിൽ എത്തി. അപ്പൂപ്പൻ കിതപ്പ് മാറ്റാൻ ഒന്നിരുന്നു. എന്നിട്ട് മുറുക്കാൻ എടുത്തു വയിലിട്ടു. അമ്മു അപ്പൂപ്പനോടു ചേർന്ന് നിന്നു.
"ആ വഴിയാണ് മോൾ സ്കൂളിൽ പോയിരുന്നത്" കുന്നിനു തെക്കുവശത്ത് കൂടി വളഞ്ഞു തിരിഞ്ഞു കിടക്കുന്ന വഴി ചൂണ്ടി കാണിച്ചിട്ട് അപ്പൂപ്പൻ പറഞ്ഞു.
"വൈകിക്കേണ്ട നമുക്ക് ഇരുട്ടുന്നതിനു മുൻപ് തിരിച്ചു പോരണം" അപ്പൂപ്പൻ എഴുന്നേറ്റു.. അമ്മു അപ്പൂപ്പനെ താങ്ങി. മെല്ലെ നടന്നു അവർ സർപ്പക്കാവെത്തി. അമ്മു അപ്പൂപ്പൻറെ കരം മുറുകെ പിടിച്ചു..
" അമ്മുവിന് പേടിയാകുന്നു.."
" പേടിക്കേണ്ട മോളെ, ഒന്നു പ്രാർത്ഥിച്ചോളു"
" പ്രാർത്ഥിക്കുന്നത് എങ്ങിനെയെന്ന് ഞാൻ മറന്നു പോയി അപ്പൂപ്പാ"
" സാരമില്ല, അപ്പൂപ്പൻ പ്രാർത്ഥിക്കാം .. മോള് അപ്പൂപ്പൻറെ കൈ പിടിച്ചു നിന്നോളു" അപ്പൂപ്പൻ മനസ്സുരുകി പ്രാർത്ഥിച്ചു ..
" എനിക്ക് പേടിയാകുന്നപ്പൂപ്പാ, നമുക്ക് പോകാം"
" പേടിക്കേണ്ട മോളെ ഞാനില്ലേ കൂടെ.. അപ്പൂപ്പൻ താടി പിടിക്കേണ്ടേ ?"
" വേണ്ട.. എനിക്കമ്മയെ കാണണം..നമുക്കു പോകാം. എനിക്ക് പേടിയാകുന്നു "
" ശരി നമുക്ക് പോകാം.. നടക്കു " അമ്മു വേഗം തിരിഞ്ഞു നടക്കാൻ തുടങ്ങി.
" മോളെ പതിയെ. അപ്പൂപ്പനും വരുന്നു" അമ്മു കൈ വിട്ടുകൊണ്ട് ഓടി....ആരോ പിന്നാലെ വരുന്നതു പോലെ..ഓടി ഓടി കിതച്ചു..വേഗം ഓടി വീട്ടിൽ കയറി..അമ്മു തൻറെ പഴയ പെട്ടി തുറന്നു..അതിലെ ദാവണി എടുത്തു ചുറ്റി..ദാവണിക്കു താഴെ വച്ചിരുന്ന ഒരു ചെപ്പ് അമ്മു കണ്ടു.. അതെടുത്തു തുറന്നു..കുന്നിക്കുരു മുഴുവനും താഴെ വീണു..അപ്പൂപ്പൻ പുറകിൽ നിന്നു ചിരിക്കുന്നു..അമ്മുവും ചിരിച്ചു..
" മോളെ... സന്ധ്യ ആയി...എഴുന്നേൽക്കു" തലവഴി മൂടിയ പുതപ്പു മാറ്റി അമ്മ തട്ടി വിളിച്ചു.." എന്തൊരു ഉറക്കമാണിത് .. പനി കുറവുണ്ടോ.? നന്നായി വിയർത്തിട്ടുണ്ടല്ലോ "
അമ്മു കണ്ണു തുറന്നു..." അപ്പൂപ്പൻ .. " അമ്മു ചുറ്റും കണ്ണോടിച്ചു..
" അപ്പൂപ്പനോ? .. മോള് സ്വപ്നം കണ്ടോ ? നല്ല പനിയുണ്ടായിരുന്നില്ലേ .. അതിൻറെയാകും...എന്നാലും പത്തു വർഷം മുൻപ് മരിച്ചു പോയ അപ്പൂപ്പനെ തന്നെ കണ്ടല്ലോ.." അമ്മ ചിരിച്ചു..സ്നേഹത്തോടെ തലോടി..
അമ്മു ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു...




Friday, July 19, 2013

സംസ്കരണം - അസംസ്കരണം

പുരാണം എഴുതുന്നുവോ നിങ്ങൾ? ശ്രദ്ധിക്കുക !
കറുപ്പിനെ മേഘവർണ്ണമാക്കി സംസ്കരിക്കണം !

അന്ന്യവർഗ്ഗതെ മാർജ്ജാരര കുലമാക്കണം !
കടലു കടന്നുള്ളവനെ രക്ഷസാനാക്കണം !
വർഗ്ഗം തിരിച്ചു രതിയെ കാമവും, രാസലീലയുമാക്കണം !
ഗർഭത്തിനെ കുലം നോക്കി പിഴച്ചതും ദിവ്യവുമാക്കണം !
യുദ്ധത്തെ ധർമ്മയുദ്ധവും ആക്രമണവും ആക്കിത്തിരിക്കണം !
വഞ്ചനയ്ക്ക് കാരണം ശാപമാകണം !



ജൂലൈ 19

ഓർക്കുവാനേറെ  ഉണ്ടിന്നീദിനത്തില്
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു
കർക്കിടക വെയിൽ ആലസ്യത്തിൽ ആയതും
അപരിചിതത്ത്വം അന്തരീക്ഷത്തിൻ ഘനം കൂട്ടിയില്ലെന്നതും
നിൻറെ പുഞ്ചിരിയാൽ ശ്രദ്ധിക്കപ്പെട്ട ഇടതു  കവിളിലെ
തടിപ്പുള്ള മറുകെൻ ഹൃദയത്തിൽ മുദ്രണം ചെയ്തതും
ഓർക്കുവാനേറെ ഉണ്ടിന്നീദിനത്തില്
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു 

കാത്തിരുന്നു ഞാൻ എനിക്കുള്ളതാണെന്നുറപ്പില്ലായിരുന്നെങ്കിലും 
ഒടുക്കം, നിശ്ചയിച്ചപ്പോൾ ശബ്ദവീചികൾ മാനസമറിഞ്ഞതും 
ദിനരാത്രങ്ങൾ ഓർമ്മകൾ നിറച്ചതും, സ്വപ്‌നങ്ങൾ നൽകിയതും
ഓർക്കുവാനേറെ  ഉണ്ടിന്നീദിനത്തില്  
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു 

ആഗസ്ത് മുപ്പതിന്നു നിന്നെയെൻ കരങ്ങളിലേൽപ്പിച്ചതും
തുമ്പികളെപോലെ നമ്മൾ പാറി നടന്നതും 
കുട്ടിക്കളികളാൽ പൊട്ടിച്ചിരിച്ചതും, ഏങ്ങി കരഞ്ഞതും 
മടിയിൽ കിടന്നു സങ്കടങ്ങൾ പങ്കിട്ടിരുന്നതും 
സ്നേഹം പോരായെന്നു പരിതപിച്ചിരുന്നതും
ഓർക്കുവാനേറെ  ഉണ്ടിന്നീദിനത്തില്  
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു 

ഒടിവിലെൻ യാത്രാദിനത്തില്, 
സ്നേഹിച്ചു തീരാതുള്ള നിൻ തിരിഞ്ഞു നോട്ടവും 
വിരഹത്തിൻ നാളുകളിലെ തേങ്ങികരച്ചിലുകളും
മാനസം അക്ഷരങ്ങളും, ശബ്ദ വീചികളും ആയതും 
ചുറ്റുവട്ടത്തിൻ അസ്വാരസ്യങ്ങളും, കൂരമ്പുകളും 
ഓർക്കുവാനേറെ  ഉണ്ടിന്നീദിനത്തില്  
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു

വിദ്യതൻ കോവിലിൻ പടിയിറങ്ങിയതും 
ഓടിവന്നെൻ കരം ഗ്രഹിച്ചതും
എണ്ണം തികയാത്ത നാണയത്തുട്ടുകകളാൽ
വണ്ണത്തിൽ തന്നെ സ്നേഹിച്ച നാളുകൾ 
നമ്മുടെ പൊന്നോമനതൻ നാമ്പ് മുളച്ചതും
നിറവയറിനാൽ യാത്ര തിരിച്ചതും  
ഓർക്കുവാനേറെ  ഉണ്ടിന്നീദിനത്തില്  
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു 

പേറ്റു നോവിൽ നിനക്ക് തുണയാകാൻ കഴിയാതിരുന്നതും 
പൊന്നോമനതൻ  ചിരി കേൾക്കാൻ  കൊതിച്ചതും,
കളി കാണാൻ മോഹിച്ചതും 
കടൽ കടന്നെന്നരികിൽ വരുംവരെ അടക്കിവച്ചതും 
കളിപ്പിച്ചും ചിരിപ്പിച്ചും തലോലിച്ചതും 
പിച്ചവയ്ക്കാൻ കൂട്ടിന്നിരുന്നതും 
ഓർക്കുവാനേറെ  ഉണ്ടിന്നീദിനത്തില്  
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു 

കണക്കുകൾ കൂട്ടിമുട്ടാതിരുന്നതിനാലോ, 
വിദ്യതൻ ഗുണം കളയാതിരിക്കാനോ 
വിദ്യപകർന്നു നൽകുവാൻ തുടങ്ങിയതും
ചൂടകന്നു കൈമാറപ്പെടുമ്പോൾ 
കുഞ്ഞി കണ്ണിൻ ദയനീയ ഭാവവും 
ഓർക്കുവാനേറെ  ഉണ്ടിന്നീദിനത്തില്  
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു 

കാലമേറെ കഴിഞ്ഞില്ലേ പിന്നെയും
നാടുകളും കൂടുകളും മാറിയില്ലേ നമ്മൾ 
കൂട്ടത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ നമ്മളിൽ തന്നെയും 
മാറ്റങ്ങളൊക്കെയും ജീവിതത്തിന്നു വേണ്ടി 
സ്നേഹത്തിൽ മാറ്റമില്ലാതെ ജീവിച്ചിടാം നമുക്കെന്നും  
















Tuesday, July 16, 2013

സ്വന്തം

അവനു എന്നെ ഒരുപാടു ഇഷ്ടമായിരുന്നു. എന്നെ മാത്രമേ അവനു ഇഷ്ടമുണ്ടായിരുന്നൊള്ളൂ. ദൂരെ ദേശത്ത് നിന്നും എന്നെ തന്നെ തേടിവന്നതാണവൻ. ഞാൻ അവനു വേണ്ടി കാത്തിരിക്കുകയായിരുന്നോ ?
അറിയില്ല, എങ്കിലും ഞാൻ അവനുള്ളതായി. അവനു മാത്രമുള്ളതായി..

അവൻറെ അപരിഷ്കൃത രീതികൾ എന്നെ ആകുലത ആക്കിയെങ്കിലും, അവനിലെ ഗ്രാമീണതയുടെ നൈർമല്ല്യം എന്നെ അവനിലേക്ക്‌ കൂടുതൽ അടുപ്പിച്ചു. ഞാൻ അവൻറെ മുടികൾ ചീകി ഒതുക്കി വെച്ചുകൊടുത്തു. നഖങ്ങൾ വൃത്തിയാക്കി കൊടുത്തു. അവനു ചേർന്ന വസ്ത്രങ്ങൾ നെയ്തു.
അവനെ ഞാൻ എന്റേതാക്കി, എന്റേത് മാത്രമാക്കി..

എൻറെ മടിയിൽ കിടന്നു അവൻറെ അനാഥത്വം പറഞ്ഞു ഒരു കുട്ടിയെ പോലെ കരഞ്ഞു. തലയിൽ തലോടി എൻറെ സ്നേഹം ഞാൻ പകർന്നു നൽകി. ഞാനുണ്ട് , ഞാനുണ്ട് എന്നോതി അവനെ സനാഥനാക്കി.

എന്റെ ലോകം അവൻ നിറമുള്ളതാക്കി. അതിൽ സ്വപ്‌നങ്ങൾ വാരി വിതറി. ആ സ്വപ്നലോകത്തിൽ ഞങ്ങൾ ഒരുമിച്ചു പാറിപ്പറന്നു നടന്നു. എന്നും അവനെന്നെ ചേർത്ത് പിടിക്കുമായിരുന്നു. ആ ചൂട്, സുരക്ഷിതത്വം, ആ കായബലം എല്ലാം ഞാൻ മതിവരുവോളം ആസ്വദിച്ചു. അവയെ എന്റെ സ്വകാര്യ അഹങ്കാരങ്ങൾ ആയി സൂക്ഷിച്ചു വച്ചു.

ഒരിക്കൽ, അറിയാതെ തട്ടിയ നഖത്തിന്റെ മൂർച്ച , വൃത്തിയില്ലായ്മ പറഞ്ഞു നിരുപ്രദ്രവമാക്കി. എൻറെ ചിറകുകളിൽ അവൻ കലാവിരുത് നടത്തി. അവയെ ചെറുതായി വെട്ടി ഒതുക്കി പുതു വർണ്ണങ്ങൾ നൽകി. എൻറെ ശബ്ദം അവനു ഇഷ്ടപ്പെടുന്ന രീതിയിലേക്ക് താളഭേദം വരുത്തി. എൻറെ ചിന്തകൾക്ക് അവൻ പുതു ഭാവം നൽകി.

ആൾക്കൂട്ടത്തിൽ അവനെന്നെ തനിച്ചാക്കി. മറ്റുള്ളവരുടെ കാഴ്ചകൾക്ക് അതിർവരമ്പുകൾ തീർത്തു. ചുറ്റും കണ്ട വർണ്ണങ്ങൾ എനിക്കാസ്വദിക്കാൻ കഴിയാതായി. എനിക്ക് എൻറെ ശബ്ദം അന്ന്യമയ്. ചിറകുകൾ ചേർത്ത് വച്ചുകെട്ടി അവൻ എന്നെയും ചുമന്നു നടന്നു. അവനെനിക്ക് പുതു ആഭരണങ്ങൾ വാങ്ങി അണിയിച്ചു. ഒരു തടിച്ച വള വാങ്ങി കൈയിൽഅണിയിച്ചു.

അവൻറെ മുടികൾ വീണ്ടും നീണ്ടു വൃത്തിയില്ലാതെ വളരാൻ തുടങ്ങി. നഖങ്ങൾക്ക് മൂർച്ച കൂടി. സംസാരം അസംസ്കൃതമായി. എൻറെ വളയിൽ, പുതു വളയങ്ങൾ ചേർത്തുകൊണ്ടേ ഇരുന്നു. ആ ശ്രിംഖലയുടെ അറ്റം അവൻ അവന്റെ കാലിലണിഞ്ഞു. ഞങ്ങൾ അതിളക്കി നാദം ജനിപ്പിച്ചു. അവനു ആ നാദവും അസഹ്യമായി. ചെവികൾ പൊത്തിപ്പിടിച്ച് അവൻ കരയാൻ തുടങ്ങി. അവൻറെ അനാഥത്വത്തെ ഓർത്ത് കരഞ്ഞു കൊണ്ടേ ഇരുന്നു. കണ്ണീരു വറ്റിയപ്പോൾ ചോര  വാർന്നു. ആ കണ്ണീരിലും ചോരയിലും ഞാൻ ഒലിച്ചു പോകുന്നതവൻ അറിഞ്ഞില്ല. എല്ലാം അറിയുന്ന ലോകത്തിലേക്കുള്ള യാത്രയിൽ ആയിരുന്നു ഞങ്ങൾ. ഇന്നും ഈ കുഴിമാടത്തിലും അവനെന്നെ ചേർത്ത് പിടിച്ചിരിക്കുന്നു.. അവനെന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. എനിക്കവനെയും.

Wednesday, July 10, 2013

കവിതാ കളരി

അവൻ  അത്യാവശ്യം മാത്രം ഫേസ്ബുക്ക്‌ പ്രവർത്തനവുമായി മുന്നോട്ടു പോവുകയായിരുന്നു. അങ്ങിനെ ഇരിക്കലെ ഒരു ലിങ്കിൽ കുറെ കവിതകൾ കാണാൻ ഇടയായി. അയ്യോ, ഇതെല്ലം എങ്ങിനെ എഴുതുന്നു എന്ന് ആശ്ചര്യപ്പെട്ടു നടക്കുകയായിരുന്നു. അവനും  ഒരു കവി ആകണം എന്ന മോഹം മനസ്സിൽ ഉദിച്ചു. എന്നാൽ ആ സാഹസം കാണിക്കാൻ ഉള്ള ചങ്കുറപ്പ് ഇല്ല. അവൻറെ  ഈ ആഗ്രഹം അവൻ ഒരു അഭ്യുദയകാംഷിയോടു പറഞ്ഞു. അദ്ദേഹം തല ചൊറിഞ്ഞു. "എളുപ്പമല്ല" എന്നായിരുന്നു ആദ്യത്തെ മറുപടി.
അവൻ  പിന്നെയും വാശിപിടിച്ചപ്പോൾ, ഒന്ന് കൂടി ആലോചിച്ചിട്ട് പറഞ്ഞു. "നീ ഒരു ന്യൂ ജനറേഷൻ കവി അകൂ"
അവൻ തല്പ്പര്യതോടെ ചോദിച്ചു " അതെന്തു കവിയാണ്‌ ന്യൂ ജനറേഷൻ കവി"?  " അതൊക്കെയുണ്ട്‌, ഞാൻ പറയുന്നത് ശരിക്കും ശ്രദ്ധിക്കണം" അഭ്യുദയകാംഷി വലിയ ഒരു വിദ്യ പഠിപ്പിക്കുന്ന ഗർവ്വോടെ പറഞ്ഞു.
" ശ്രദ്ധിക്കാം.. എന്ത് വേണമെങ്കിലും ചെയ്യാം. എന്തായാലും വേണ്ടിയില്ല എനിക്ക് കവിയാകണം !!!" അതായിരുന്നു മറുപടി.
"ശരി .. നീ എന്തെങ്കിലും ഒരു വാചകം പറയു" വിദ്യാരംഭം !!!
അവൻ  ഒന്ന് തപ്പി. കവിയാകാൻ ഏതെങ്കിലും വാചകം മതിയോ എന്നായി അവൻറെ  ചിന്ത. എന്തായാലും വേണ്ടിയില്ല, തപ്പിത്തടഞ്ഞു ഒരു വാചകം പറഞ്ഞു. അവൻറെ സാഹിത്യ വാസന മുഴുവനും വെളിവാക്കുന്ന വാചകം!!
" എന്നെ പ്രണയിച്ചു, വഞ്ചിച്ചു പോയ അവൾ ഒരിക്കലും രക്ഷപ്പെടില്ല"
അദ്ദേഹം ഞെട്ടി. സഹതാപ പൂർവ്വം അവൻറെ മുഖത്തേക്ക് നോക്കി കുറച്ചു നേരം നിന്നു. തല ആട്ടി " ഇത് നടപ്പില്ല" എന്ന ഭാവത്തിൽ.
അവൻ  മുഖത്ത് ദയനീയ ഭാവം വരുത്തി, എന്നിട്ട് കുറച്ചു കരയുന്ന ഭാവത്തിൽ വീണ്ടും പറഞ്ഞു " എനിക്ക് കവിയാകണം"
അവനെ ഒരുപാടു ഇഷ്ടമുള്ള അദ്ദേഹം തൻറെ മാന്ത്രിക വിദ്യ കയ്യിലെടുത്തു. അവനോടു ആ വാചകം ഒന്ന് കൂടി പറയാൻ പറഞ്ഞു. അവൻ  ഉറപ്പിച്ചു തന്നെ പറഞ്ഞു  " എന്നെ പ്രണയിച്ചു, വഞ്ചിച്ചു പോയ അവൾ ഒരിക്കലും രക്ഷപ്പെടില്ല".
അഭ്യുദയകാംഷി ആ വാചകം കുറിച്ചെടുത്തു . എന്നിട്ട് അവനെ  എഴുത്തിനിരുത്തുന്ന ഒരു കുട്ടിയെപോലെ അരികത്തു ഇരുത്തി. എന്നിട്ട് പറഞ്ഞു "ഇതിലെ വാക്കുകൾ ഒന്ന് സ്ഥാനം തെറ്റിച്ച് എഴുതു "
അവൻ  ശ്രമം ആരംഭിച്ചു. വഞ്ചകിയെ മനസ്സിൽ വിചാരിച്ചു അവൻ  പിരിക്കാൻ തുടങ്ങി.
1."  പ്രണയിച്ചു, എന്നെ വഞ്ചിച്ചു പോയ അവൾ ഒരിക്കലും രക്ഷപ്പെടില്ല"
2. "  അവൾ ഒരിക്കലും രക്ഷപ്പെടില്ല, എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയതിനാൽ"
3. "രക്ഷപെടില്ലോരിക്കലും, എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയവൾ"
അവൻറെ  ഉത്സാഹം ഒന്നു നിയന്ത്രിച്ചിട്ടു പറഞ്ഞു. " ഇനി അവസാനം എഴുതിയത് രണ്ടു വരിയിലായിട്ടു എഴുതു "
അവൻ നല്ല ഉത്സാഹത്തിൽ ആണ്. ഇത്ര എളുപ്പം ആകുമെന്ന് കരുതിയില്ല.
" രക്ഷപെടില്ലോരിക്കലും
 എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയവൾ"
അവനെ തോളത്ത് തട്ടിയിട്ടു അദ്ദേഹം പറഞ്ഞു" ഇനി ആദ്യത്തെയും രണ്ടാമത്തെയും വരികളിൽ അവസാനം കുറെ കുത്തുകൾ ഇടുക. ഒട്ടും താമസ്സിച്ചില്ല അവൻ.
" രക്ഷപെടില്ലോരിക്കലും............
 എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയവൾ.........."
" അയ്യോ , അത്രയും വേണ്ട. അത് ആർഭാടം ആകും. രണ്ടോ മൂന്നോ മതി"
അവൻ കുത്തുകൾ വെട്ടിച്ചുരുക്കി.
" രക്ഷപെടില്ലോരിക്കലും..
 എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയവൾ.."
" ഭേഷ്. ഇനി ഇതിനൊരു പേരിടണം. അത് ഈ വരികളിൽ നിന്ന് തന്നെ തിരഞ്ഞെടുക്കാം"
ഒട്ടും താമസ്സിച്ചില്ല, പേരിടാൻ അവൻ ബഹു കേമനാണ്. " വഞ്ചകി"
അദ്ദേഹം ഞെട്ടാതിരുന്നില്ല. എങ്കിലും വിഷമിപ്പിക്കേണ്ട എന്ന് കരുതി അംഗീകരിച്ചു. എന്നിട്ട് പ്രഖ്യാപിച്ചു  " നീ ഇപ്പോൾ ഒരു കവിയായിരിക്കുന്നു!!".
" ഇത്ര പെട്ടെന്നൊ ?" അവനു സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.
" അതെ, തുടർന്നും എഴുതുക" എന്നിട്ട് അദ്ദേഹം രക്ഷപെട്ടു, മറ്റുള്ളവർ അനുഭവിക്കട്ടെ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്.

സാഹിത്യവും ഞാനും

സാഹിത്യവും ഞാനും തമ്മിലുള്ള മൽപ്പിടുത്തം ചെറുപ്പത്തിലേ തുടങ്ങിയതാ. ബോധമനസ്സ് എന്തൊക്കെയോ എപ്പോളും കുത്തിക്കുറിക്കുമായിരുന്നു. അബോധ മനസ്സ് എപ്പോളും ഒളിപ്പിച്ചു വയ്ക്കുകയും. പലതും ആരെയും കാണിച്ചിരുന്നില്ല. ആദ്യ നാളത്തേതു കുറെ പുഴയിൽ ഒഴുകി പോയി.

അങ്ങിനെ ഇരിക്കലെ ആണ് ബ്ലോഗ്‌ എന്ന സംഭവം അറിയുന്നത്. അങ്ങിനെ അതിൽ ചില കസർത്തുകൾ എല്ലാം നടത്തി. എന്നാൽ പ്രതികരണം ശുഷ്ക്കം ആയിരുന്നത് കൊണ്ട് അതിലും താൽപ്പര്യം കുറഞ്ഞു. പിന്നീടു ഫേസ്ബുക്കിന്റെ കാലമായി. എന്നിട്ടും അതിനു ഇങ്ങനെ ഒരു സാദ്ധ്യത ഉണ്ടെന്നു തിരിച്ചറിഞ്ഞിരുന്നില്ല. വല്ലപ്പോളും വരുന്ന തത്ത്വ ചിന്തകളും, ചില ഷെയറിംഗ്, പിന്നെ കുറച്ചു ഫോട്ടോസും. ഇതായിരുന്നു എന്റെ ഫേസ്ബുക്ക്‌ ലോകം. "നീർമിഴിപീലികൾ " ആണ് ഉള്ളിൽ കിടന്നിരുന്ന വാസന വീണ്ടും ഉണർത്തിയത്. അങ്ങിനെ ചിലത് എഴുതി തുടങ്ങി. ചിലതിനു കുറച്ചു നല്ല പ്രോത്സാഹനം കിട്ടിയപ്പോൾ അത് കൂടുതൽ നന്നാക്കാനുള്ള പ്രയത്നം ആയി. അങ്ങിനെ ഞാൻ എപ്പോളും എന്തെങ്കിലും എഴുതുന്ന ആളായി മാറി.

ഒരു രാത്രി

ഇന്നലെ എൻറെ രാത്രികൂട്ടുകാരി എന്നോട് കുറച്ചു പിണക്കത്തിൽ ആയിരുന്നു.ഒരു അകൽച്ച. പതിവ് പോലെ, കുളിയും, ജപവും, ഉണ്ണലും ഒക്കെ കഴിഞ്ഞു ഫേസ്ബുക്ക്‌ കളിക്കു ഇരുന്നു.. എല്ലാവരും ഉറക്കമായി..ഇട്ട ഏറ്റവും പുതിയ പോസ്റ്റ്‌നു ഇനിയാരും ലൈകും കമന്റും അടിക്കാൻ പോകുന്നില്ല..ആ നിർവൃതിക്കുള്ള സാദ്ധ്യതയും അവസാനിച്ചു. ടി.വി.യിൽ മുഖ്യമന്ത്രി കള്ളം ചെയ്തോ ഇല്ലയോ എന്നുള്ള ചർച്ച ചൂട് പിടിക്കുന്നു. മടുപ്പുളവാക്കുന്ന ചർച്ചകൾ. അങ്ങിനെ, പകുതിയാക്കി വച്ചിരുന്ന ഒരു കവിതയിൽ കയറി പിടിച്ചു. ഞെക്കിയും പിഴിഞ്ഞും ഒരുകണക്കിന് പോസ്റ്റ്‌ ചെയ്യാൻ പരുവത്തിൽ ആക്കി വച്ചു. പോസ്റ്റ്‌ ചെയ്യാൻ ഉള്ള സ്റ്റോക്ക്‌ കുറഞ്ഞു വരുന്നു. അത് എപ്പോളും നികത്തികൊണ്ടിരിക്കണം. അല്ലെങ്കിൽ സമാധാനം കിട്ടില്ല. ആശ്വാസം ഇനി ഒന്ന് രണ്ടു ദിവസം പിടിച്ചു നിൽക്കാനുള്ളതായി!!എന്നിട്ടും കൂട്ടുകരി പിണങ്ങി തന്നെ. ഇനിയെന്താ ചെയ്യാ? വിഡ്ഢി പെട്ടി തന്നെ ശരണം. പുസ്തകങ്ങൾ - അയ്യോ..അത് ആൾക്കാരെ കാണിക്കാൻ വേണ്ടി വാങ്ങി വെച്ചിരിക്കുന്നതാ, വായിക്കാനുള്ളതല്ല. അങ്ങിനെ കൂട്ടുകാരിയെ പ്രതീക്ഷിച്ചു ബെഡിലേക്ക് ചരിഞ്ഞു. ലൈറ്റ് ഓഫ്‌ ചെയ്യാനൊന്നും മെനക്കെട്ടില്ല. ചർച്ചകൾ പൊടി പൊടിക്കുന്നു. പെണ്‍വിഷയം ആണ്. ഒരു അശ്ലീല ചിത്രം കാണുന്ന സുഖം കേൾക്കുമ്പോൾ. എപ്പോളോ കൂട്ടുകാരി വന്നു മെല്ലെ പുണർന്നു. ഇടയ്ക്ക് പിണങ്ങി മാറിക്കിടന്നു. ചർച്ചകൾ തകർത്തു നടക്കുന്നു. എപ്പോളോ തപ്പി തടഞ്ഞു റിമോട്ട് കയ്യിലാക്കി അതവസാനിപ്പിച്ചു. ലൈറ്റ് ഓഫ്‌ ചെയ്യേണമെങ്കിൽ ബെഡിൽ നിന്നും എഴുന്നേൽക്കണം. അങ്ങിനെ ഇപ്പോൾ ലൈറ്റ് ഓഫ്‌ ആകേണ്ട എന്ന് തീരുമാനിച്ചു. അങ്ങിനെ പുണർന്നും പിണങ്ങിയും നേരം വെളിപ്പിച്ചു. അലാറം സമയത്ത് തട്ടി വിളിച്ചു. അവൻറെ കൈ അടക്കി വെച്ച് തിരിഞ്ഞു കിടന്നു. എന്നാൽ കൂട്ടുകാരി ചതിച്ചില്ല. അവൾക്കറിയാം എഴുന്നേൽക്കണം, ഓഫീസിൽ പോകണം എന്നൊക്കെ. അതുകൊണ്ട് അധികം വൈകുന്നതിനു മുൻപ് അവൾ എഴുന്നേറ്റു പോയി, രാത്രി വരാം എന്ന വാക്ക് തന്നിട്ട്. പിന്നെ എഴുന്നേറ്റു കാര്യങ്ങൾ എല്ലാം കഴിച്ചു, ഭക്ഷണം ഉണ്ടാക്കി, പ്രാതൽ  കഴിച്ചു ഓഫീസിലേക്ക്. ദിനത്തിലെ കടമകളിലേക്ക്.

വേഷങ്ങൾ

ഉണ്ടോ നിങ്ങൾ തൻ ശേഖരത്തിൽ
ഒത്തു വരുന്നൊരു വേഷം തന്നീടുവാൻ
നിങ്ങൾക്ക് ചേരുന്നതെൻ ശേഖരത്തിലുണ്ടാകാം


കൗമാരത്തിൽ അണിഞ്ഞൊരു "ഗുരുത്തം കെട്ടവനാകാം"
ആസ്വാദകർക്കിഷ്ടമാകില്ലെങ്കിലും കെട്ടിയാടുവാനുത്തമം


യൗവ്വനം തന്നൊരു "നിഷേധി"യുണ്ടെൻ കയ്യിൽ
തലയിൽ കെട്ടി നടക്കാൻ കെങ്കേമം


വിവാഹ പ്രായത്തിലണിയാൻ  "നല്ല പയ്യനു"ണ്ടെൻ കയ്യിൽ
കളം മാറ്റി ചവിട്ടുവാൻ എളുപ്പമാണ്


എന്നും ഗുണം ചെയ്യും "സത്യസന്ധനു"ണ്ടോ കയ്യിൽ ?
നല്ല പരിശീലനം വേണം ഫലിപ്പിച്ചീടുവാൻ എന്ന് കേട്ടിട്ടുണ്ട്


"കർമ്മശേഷി"യുണ്ടെൻ കയ്യിൽ
കലക്കും  തൊഴിലിലും ജീവിതത്തിലും !


"സ്നേഹനിധി"യുണ്ടോ കയ്യിൽ,
സ്നേഹിച്ചിടാതെ, സ്നേഹിക്കാത്തവരെയും
സ്നേഹിക്കുന്നവരെയും "സ്നേഹിക്കുവാൻ"?

"ആത്മയോഗി" വേണമെനിക്ക്, സ്വയം സന്തോഷിക്കുവാനും
ദുഃഖങ്ങളിൽ പോലും പുഞ്ചിരി തൂകുവാനും


"അഹങ്കാരി"യും "ധിക്കാരി"യും ഗുണം ചെയ്യില്ലെങ്കിലും
അറിയാതെ തന്നെ ആടേണ്ടി വരും, കരുതിക്കൊള്ളൂ !


കൂട്ടി വയ്ക്കാം, പങ്കിടാം
പിന്നെ തങ്ങളിൽ തങ്ങളിൽ അലിച്ചു  ചേർക്കാം
കൂടെ കൊണ്ടുപോകാം
സ്വത്വത്തിനൊപ്പം അലിഞ്ഞു ചേർന്നില്ലാതാകാൻ
ശേഷിക്കുന്നത് ശിലാഫലകത്തിൽ പകർത്തിടാനും !




Saturday, July 6, 2013

ജനാധിപത്യം

രാജ്യം അടുത്ത തെരഞ്ഞെടുപ്പിന്റെ സന്നാഹങ്ങൾ തുടങ്ങി കഴിഞ്ഞു. ഇത്തരുണത്തിൽ നമ്മുടെ ജനാധിപത്യം ഒന്ന് ചർച്ച ചെയ്യപ്പെടുന്നത് നന്നായിരിക്കും. ഒരു പരിഷ്കരണത്തിന്റെ ഭാഗമായി, പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിദ്ദേശം നൽകി കഴിഞ്ഞു - രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങളിൽ മാർഗ്ഗ നിർദ്ദേശം കൊണ്ടുവരണമെന്ന്. പ്രകടന പത്രിക ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു ജാലവിദ്യ ആണ് ഇപ്പോൾ. എന്നാൽ അത് ഓരോ പാർട്ടിയും ജനങ്ങൾക്ക്‌ കൊടുക്കുന്ന ഉറപ്പാണ്‌. അങ്ങിനെ കൊടുക്കുന്ന ഉറപ്പുകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സംവിധാനം വേണം. ഒരു ഉപഭോക്താവിന് കിട്ടുന്ന ഒരു ഉറപ്പാണ്‌ അത്. അത് നിയമപരമായി രാഷ്ട്രീയ പാർട്ടികളുടെ ബാദ്ധ്യത ആകണം. ഓരോ പ്രകടന പത്രികയും ഒരു വാഗ്ദാനം എന്ന രീതിയിൽ നിയമപരമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇതോടൊപ്പം ആലോചിക്കേണ്ട വേറൊരു കാര്യം തെരങ്ങേടുക്കുന്നതോടൊപ്പം തിരസ്കരിക്കാനും ഉള്ള അവകാശം വേണം എന്നതാണ്. മോശമായത്തിൽ നിന്നും, നല്ലത് തെരഞ്ഞെടുക്കേണ്ട ഗതികേടോ, അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ആണ് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്‌. ഇവരിൽ ആരെയും വേണ്ട എന്ന് പറയാനുള്ള അവകാശവും വേണം. ഇത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കാതെയും നോക്കണം. പ്രജകളിൽ ഒരാളെ തെരഞ്ഞെടുത്തു രാജാവാക്കുന്നതാണ് ഇപ്പോളത്തെ ജനാധിപത്യം.

ഉണ്ണി

എന്നുള്ളിലൊരുണ്ണി ഉറങ്ങുന്നുണ്ടെപ്പോളും
അമ്പിളി മാമനെ മോഹിക്കുന്നൊരുണ്ണി
ഇമ്പത്തിൽ താരാട്ടു കൊതിക്കുന്നൊരുണ്ണി
ഉച്ചത്തിൽ ശബ്ദിച്ചാൽ കരയുന്നൊരുണ്ണി
ഋതുക്കൾ മാറുന്നതറിയാത്തൊരുണ്ണി
ഏട്ടൻ കൂട്ടിന്നുണ്ടെന്നഹങ്കരിക്കുന്നൊരുണ്ണി
ഓടാൻ ശ്രമിക്കുമ്പോൾ വീഴുന്നൊരുണ്ണി
അമ്മിഞ്ഞ പാലിൻ മണമുള്ളോരുണ്ണി

കള്ളം പറയുന്നത് പാപമായൊരുണ്ണി
"കോക്കാച്ചി"യെക്കണ്ട്‌ പേടിക്കൊന്നുരുണ്ണി
കള്ളമില്ലാതെ ചിരിക്കുന്നൊരുണ്ണി
കാളകൂടവും അമൃതാക്കുന്നൊരുണ്ണി
ഉണ്ണിയെ താരാട്ടു പാടിയുറക്കി ഞാൻ
ഇമ്മിണി വലിയൊരു വേഷം കെട്ടി
ഉണ്ണീ നീയെന്നും ഉറങ്ങി കിടക്കല്ലേ
ഇടയ്ക്കുണർന്നെൻ സ്വത്വത്തെ വീണ്ടെടുതാലും 

Friday, July 5, 2013

ദാഹം

 എന്തേ ഈ മഴ എന്നിൽ മാത്രം പതിക്കാത്തെ ?
ഉറവ വറ്റി, കരളു തപിച്ചു കാത്തിരിക്കയാണ്‌ ഞാൻ
അരയാലിലയിലെ നീർകണം എന്നെ കൊതിപ്പിക്കുന്നു
ഒരു മന്ദമാരുതൻ വന്നതെൻമേലെ ആപതിപ്പിച്ചിരുന്നെങ്കിൽ..

Wednesday, July 3, 2013

പിറവി

കവി  ബോധി വൃക്ഷത്തിൻ ശിഖിരത്തിൽ ഇരുന്നു
മധുചഷകം നുകർന്ന് സ്വപ്നം കണ്ടു..
മിന്നൽ കാട്ടിയ വഴിയിലുടെ കാർമേഘങ്ങൾ ദൂതുമായി പോയി..
പ്രണയ സുരഭില ലോകം തീർത്തങ്ങിനെ
നിർവൃതി പൂണ്ടു രമിച്ചിരുന്നു ..
മഴവെള്ള പാച്ചിലിൽ നാടും നഗരവും ഒലിച്ചിറങ്ങി..
വേരുകൾ അറ്റുപോകുന്നതറിയാതെ , കാവ്യദളങ്ങൾ പിറവി കൊണ്ടു..
ദൂരെ തെരുവിൽ,
തളർന്നുറങ്ങും പ്രണയത്തിൻ ബാക്കിപത്രത്തെ  ഒത്തുക്കി കിടത്തി,
പ്രണയിനി അവൾ ഞെങ്ങിയും ഞെരുങ്ങിയും രതിപകർന്നു..
ഉന്മാത നൃത്തത്തിലും ജാരൻ പിഞ്ചുമേനിയെ ഒളിഞ്ഞു നോക്കി.
എച്ചിൽ തൊട്ടിലിൽ പിഞ്ചുബാലൻ നായയുമായി മത്സരിച്ചു..
താഴെ, ധ്യാന നിമാഗ്നനായ് സിദ്ദാർഥൻ പൊരുളിനായ് ഉഴറി..
അന്തപ്പുരങ്ങളിൽ യശോധരമാർ ചൂടിനായ് പരതി..
പാപത്തിൻ കറ ഏറ്റുവാങ്ങി
മഹാകാവ്യങ്ങളും തത്ത്വ സംഹിതകളും  പിറവി കൊണ്ടു..

Monday, July 1, 2013

പ്രണയം

ജീവിതപാതയിൽ ഞാനൊരു മാങ്ങ കണ്ടു
അതിൻറെ പച്ചപ്പ് എന്നെ മാടിവിളിച്ചു
അതിൻറെ പുളിയോർത്തു ഞാൻ മടിച്ചു നിന്നു
പച്ച മാറി മഞ്ഞ തെളിഞ്ഞപ്പോൾ
അതെന്നെ മോഹിപ്പിച്ചു
എങ്കിലും ഞാനതിൻ രുചിയെ സംശയിച്ചു
മാങ്ങ വളർന്ന് ആകാര സൌഷ്ടവവും സുന്ദരവുമായി
അതിൻറെ മുഖം  ചുവന്നു തുടുത്തു
മധുരിക്കും അതിനെ കൈക്കലാക്കാൻ മോഹമായ്
പറിചെടുത്താൽ ജീവസ്സറ്റു പോകും
കയ്യെത്തും ദൂരത്തു നിന്ന്  ഇപ്പോളും അതെന്നെ കൊതിപ്പിക്കുന്നു