Tuesday, July 16, 2013

സ്വന്തം

അവനു എന്നെ ഒരുപാടു ഇഷ്ടമായിരുന്നു. എന്നെ മാത്രമേ അവനു ഇഷ്ടമുണ്ടായിരുന്നൊള്ളൂ. ദൂരെ ദേശത്ത് നിന്നും എന്നെ തന്നെ തേടിവന്നതാണവൻ. ഞാൻ അവനു വേണ്ടി കാത്തിരിക്കുകയായിരുന്നോ ?
അറിയില്ല, എങ്കിലും ഞാൻ അവനുള്ളതായി. അവനു മാത്രമുള്ളതായി..

അവൻറെ അപരിഷ്കൃത രീതികൾ എന്നെ ആകുലത ആക്കിയെങ്കിലും, അവനിലെ ഗ്രാമീണതയുടെ നൈർമല്ല്യം എന്നെ അവനിലേക്ക്‌ കൂടുതൽ അടുപ്പിച്ചു. ഞാൻ അവൻറെ മുടികൾ ചീകി ഒതുക്കി വെച്ചുകൊടുത്തു. നഖങ്ങൾ വൃത്തിയാക്കി കൊടുത്തു. അവനു ചേർന്ന വസ്ത്രങ്ങൾ നെയ്തു.
അവനെ ഞാൻ എന്റേതാക്കി, എന്റേത് മാത്രമാക്കി..

എൻറെ മടിയിൽ കിടന്നു അവൻറെ അനാഥത്വം പറഞ്ഞു ഒരു കുട്ടിയെ പോലെ കരഞ്ഞു. തലയിൽ തലോടി എൻറെ സ്നേഹം ഞാൻ പകർന്നു നൽകി. ഞാനുണ്ട് , ഞാനുണ്ട് എന്നോതി അവനെ സനാഥനാക്കി.

എന്റെ ലോകം അവൻ നിറമുള്ളതാക്കി. അതിൽ സ്വപ്‌നങ്ങൾ വാരി വിതറി. ആ സ്വപ്നലോകത്തിൽ ഞങ്ങൾ ഒരുമിച്ചു പാറിപ്പറന്നു നടന്നു. എന്നും അവനെന്നെ ചേർത്ത് പിടിക്കുമായിരുന്നു. ആ ചൂട്, സുരക്ഷിതത്വം, ആ കായബലം എല്ലാം ഞാൻ മതിവരുവോളം ആസ്വദിച്ചു. അവയെ എന്റെ സ്വകാര്യ അഹങ്കാരങ്ങൾ ആയി സൂക്ഷിച്ചു വച്ചു.

ഒരിക്കൽ, അറിയാതെ തട്ടിയ നഖത്തിന്റെ മൂർച്ച , വൃത്തിയില്ലായ്മ പറഞ്ഞു നിരുപ്രദ്രവമാക്കി. എൻറെ ചിറകുകളിൽ അവൻ കലാവിരുത് നടത്തി. അവയെ ചെറുതായി വെട്ടി ഒതുക്കി പുതു വർണ്ണങ്ങൾ നൽകി. എൻറെ ശബ്ദം അവനു ഇഷ്ടപ്പെടുന്ന രീതിയിലേക്ക് താളഭേദം വരുത്തി. എൻറെ ചിന്തകൾക്ക് അവൻ പുതു ഭാവം നൽകി.

ആൾക്കൂട്ടത്തിൽ അവനെന്നെ തനിച്ചാക്കി. മറ്റുള്ളവരുടെ കാഴ്ചകൾക്ക് അതിർവരമ്പുകൾ തീർത്തു. ചുറ്റും കണ്ട വർണ്ണങ്ങൾ എനിക്കാസ്വദിക്കാൻ കഴിയാതായി. എനിക്ക് എൻറെ ശബ്ദം അന്ന്യമയ്. ചിറകുകൾ ചേർത്ത് വച്ചുകെട്ടി അവൻ എന്നെയും ചുമന്നു നടന്നു. അവനെനിക്ക് പുതു ആഭരണങ്ങൾ വാങ്ങി അണിയിച്ചു. ഒരു തടിച്ച വള വാങ്ങി കൈയിൽഅണിയിച്ചു.

അവൻറെ മുടികൾ വീണ്ടും നീണ്ടു വൃത്തിയില്ലാതെ വളരാൻ തുടങ്ങി. നഖങ്ങൾക്ക് മൂർച്ച കൂടി. സംസാരം അസംസ്കൃതമായി. എൻറെ വളയിൽ, പുതു വളയങ്ങൾ ചേർത്തുകൊണ്ടേ ഇരുന്നു. ആ ശ്രിംഖലയുടെ അറ്റം അവൻ അവന്റെ കാലിലണിഞ്ഞു. ഞങ്ങൾ അതിളക്കി നാദം ജനിപ്പിച്ചു. അവനു ആ നാദവും അസഹ്യമായി. ചെവികൾ പൊത്തിപ്പിടിച്ച് അവൻ കരയാൻ തുടങ്ങി. അവൻറെ അനാഥത്വത്തെ ഓർത്ത് കരഞ്ഞു കൊണ്ടേ ഇരുന്നു. കണ്ണീരു വറ്റിയപ്പോൾ ചോര  വാർന്നു. ആ കണ്ണീരിലും ചോരയിലും ഞാൻ ഒലിച്ചു പോകുന്നതവൻ അറിഞ്ഞില്ല. എല്ലാം അറിയുന്ന ലോകത്തിലേക്കുള്ള യാത്രയിൽ ആയിരുന്നു ഞങ്ങൾ. ഇന്നും ഈ കുഴിമാടത്തിലും അവനെന്നെ ചേർത്ത് പിടിച്ചിരിക്കുന്നു.. അവനെന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. എനിക്കവനെയും.

No comments:

Post a Comment