Wednesday, July 10, 2013

കവിതാ കളരി

അവൻ  അത്യാവശ്യം മാത്രം ഫേസ്ബുക്ക്‌ പ്രവർത്തനവുമായി മുന്നോട്ടു പോവുകയായിരുന്നു. അങ്ങിനെ ഇരിക്കലെ ഒരു ലിങ്കിൽ കുറെ കവിതകൾ കാണാൻ ഇടയായി. അയ്യോ, ഇതെല്ലം എങ്ങിനെ എഴുതുന്നു എന്ന് ആശ്ചര്യപ്പെട്ടു നടക്കുകയായിരുന്നു. അവനും  ഒരു കവി ആകണം എന്ന മോഹം മനസ്സിൽ ഉദിച്ചു. എന്നാൽ ആ സാഹസം കാണിക്കാൻ ഉള്ള ചങ്കുറപ്പ് ഇല്ല. അവൻറെ  ഈ ആഗ്രഹം അവൻ ഒരു അഭ്യുദയകാംഷിയോടു പറഞ്ഞു. അദ്ദേഹം തല ചൊറിഞ്ഞു. "എളുപ്പമല്ല" എന്നായിരുന്നു ആദ്യത്തെ മറുപടി.
അവൻ  പിന്നെയും വാശിപിടിച്ചപ്പോൾ, ഒന്ന് കൂടി ആലോചിച്ചിട്ട് പറഞ്ഞു. "നീ ഒരു ന്യൂ ജനറേഷൻ കവി അകൂ"
അവൻ തല്പ്പര്യതോടെ ചോദിച്ചു " അതെന്തു കവിയാണ്‌ ന്യൂ ജനറേഷൻ കവി"?  " അതൊക്കെയുണ്ട്‌, ഞാൻ പറയുന്നത് ശരിക്കും ശ്രദ്ധിക്കണം" അഭ്യുദയകാംഷി വലിയ ഒരു വിദ്യ പഠിപ്പിക്കുന്ന ഗർവ്വോടെ പറഞ്ഞു.
" ശ്രദ്ധിക്കാം.. എന്ത് വേണമെങ്കിലും ചെയ്യാം. എന്തായാലും വേണ്ടിയില്ല എനിക്ക് കവിയാകണം !!!" അതായിരുന്നു മറുപടി.
"ശരി .. നീ എന്തെങ്കിലും ഒരു വാചകം പറയു" വിദ്യാരംഭം !!!
അവൻ  ഒന്ന് തപ്പി. കവിയാകാൻ ഏതെങ്കിലും വാചകം മതിയോ എന്നായി അവൻറെ  ചിന്ത. എന്തായാലും വേണ്ടിയില്ല, തപ്പിത്തടഞ്ഞു ഒരു വാചകം പറഞ്ഞു. അവൻറെ സാഹിത്യ വാസന മുഴുവനും വെളിവാക്കുന്ന വാചകം!!
" എന്നെ പ്രണയിച്ചു, വഞ്ചിച്ചു പോയ അവൾ ഒരിക്കലും രക്ഷപ്പെടില്ല"
അദ്ദേഹം ഞെട്ടി. സഹതാപ പൂർവ്വം അവൻറെ മുഖത്തേക്ക് നോക്കി കുറച്ചു നേരം നിന്നു. തല ആട്ടി " ഇത് നടപ്പില്ല" എന്ന ഭാവത്തിൽ.
അവൻ  മുഖത്ത് ദയനീയ ഭാവം വരുത്തി, എന്നിട്ട് കുറച്ചു കരയുന്ന ഭാവത്തിൽ വീണ്ടും പറഞ്ഞു " എനിക്ക് കവിയാകണം"
അവനെ ഒരുപാടു ഇഷ്ടമുള്ള അദ്ദേഹം തൻറെ മാന്ത്രിക വിദ്യ കയ്യിലെടുത്തു. അവനോടു ആ വാചകം ഒന്ന് കൂടി പറയാൻ പറഞ്ഞു. അവൻ  ഉറപ്പിച്ചു തന്നെ പറഞ്ഞു  " എന്നെ പ്രണയിച്ചു, വഞ്ചിച്ചു പോയ അവൾ ഒരിക്കലും രക്ഷപ്പെടില്ല".
അഭ്യുദയകാംഷി ആ വാചകം കുറിച്ചെടുത്തു . എന്നിട്ട് അവനെ  എഴുത്തിനിരുത്തുന്ന ഒരു കുട്ടിയെപോലെ അരികത്തു ഇരുത്തി. എന്നിട്ട് പറഞ്ഞു "ഇതിലെ വാക്കുകൾ ഒന്ന് സ്ഥാനം തെറ്റിച്ച് എഴുതു "
അവൻ  ശ്രമം ആരംഭിച്ചു. വഞ്ചകിയെ മനസ്സിൽ വിചാരിച്ചു അവൻ  പിരിക്കാൻ തുടങ്ങി.
1."  പ്രണയിച്ചു, എന്നെ വഞ്ചിച്ചു പോയ അവൾ ഒരിക്കലും രക്ഷപ്പെടില്ല"
2. "  അവൾ ഒരിക്കലും രക്ഷപ്പെടില്ല, എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയതിനാൽ"
3. "രക്ഷപെടില്ലോരിക്കലും, എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയവൾ"
അവൻറെ  ഉത്സാഹം ഒന്നു നിയന്ത്രിച്ചിട്ടു പറഞ്ഞു. " ഇനി അവസാനം എഴുതിയത് രണ്ടു വരിയിലായിട്ടു എഴുതു "
അവൻ നല്ല ഉത്സാഹത്തിൽ ആണ്. ഇത്ര എളുപ്പം ആകുമെന്ന് കരുതിയില്ല.
" രക്ഷപെടില്ലോരിക്കലും
 എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയവൾ"
അവനെ തോളത്ത് തട്ടിയിട്ടു അദ്ദേഹം പറഞ്ഞു" ഇനി ആദ്യത്തെയും രണ്ടാമത്തെയും വരികളിൽ അവസാനം കുറെ കുത്തുകൾ ഇടുക. ഒട്ടും താമസ്സിച്ചില്ല അവൻ.
" രക്ഷപെടില്ലോരിക്കലും............
 എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയവൾ.........."
" അയ്യോ , അത്രയും വേണ്ട. അത് ആർഭാടം ആകും. രണ്ടോ മൂന്നോ മതി"
അവൻ കുത്തുകൾ വെട്ടിച്ചുരുക്കി.
" രക്ഷപെടില്ലോരിക്കലും..
 എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയവൾ.."
" ഭേഷ്. ഇനി ഇതിനൊരു പേരിടണം. അത് ഈ വരികളിൽ നിന്ന് തന്നെ തിരഞ്ഞെടുക്കാം"
ഒട്ടും താമസ്സിച്ചില്ല, പേരിടാൻ അവൻ ബഹു കേമനാണ്. " വഞ്ചകി"
അദ്ദേഹം ഞെട്ടാതിരുന്നില്ല. എങ്കിലും വിഷമിപ്പിക്കേണ്ട എന്ന് കരുതി അംഗീകരിച്ചു. എന്നിട്ട് പ്രഖ്യാപിച്ചു  " നീ ഇപ്പോൾ ഒരു കവിയായിരിക്കുന്നു!!".
" ഇത്ര പെട്ടെന്നൊ ?" അവനു സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.
" അതെ, തുടർന്നും എഴുതുക" എന്നിട്ട് അദ്ദേഹം രക്ഷപെട്ടു, മറ്റുള്ളവർ അനുഭവിക്കട്ടെ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്.

No comments:

Post a Comment