Monday, July 22, 2013

പുതു പാഠങ്ങൾ

ബോധം തെളിഞ്ഞിട്ടില്ലയെങ്കിലും നിനക്കായ്
ഓതി തന്നിടാം ചില ജീവിത പാഠങ്ങൾ
തോളിനൊപ്പമൊ, മുകളിലോ കൂട്ടുകൂടുക
മേലോട്ട് നോക്കി ചരിക്കേണമെപ്പോളും,
താഴെയുള്ളത് തിരസ്കരിക്കണം,
ചവിട്ടി അരയ്ക്കണം ഉയരങ്ങൾ താണ്ടുവാൻ
ദാരിദ്ര്യത്തിലും അണിഞ്ഞൊരുങ്ങി നടക്കേണം
കുബേരനായാൽ, ദാനം കൊടുക്കുമ്പോൾ നാലാളറിയണം
കയ്യടിക്കാൻ ആൾക്കൂട്ടമില്ലെങ്കിൽ
അനങ്ങരുത് ദുരന്ത മുഖങ്ങളിലും
പഠിപ്പിക്കുന്നുണ്ട് പുതു കലാ-അഭിനയ രീതികൾ
ഒരുക്കിയെടുക്കാം പുതിയ റിയാലിറ്റി ഷോകൾക്കായ്
വിജയങ്ങളിൽ അഹങ്കരിക്കുമ്പോളും
വിനയം "പ്രകടിപ്പിക്കാൻ" മറന്നു പോകരുത്
പരാജയങ്ങളിൽ പക തോന്നിയാലും
"പുഞ്ചിരിച്ചു" വിജയിയെ "അഭിനന്ദിക്കേണം"
വിഷയങ്ങളിൽ ഒന്നാമനാകുമ്പോളും
മറ്റുള്ളവന്റെ കണക്കു പുസ്തകത്തിൽ കണ്ണുണ്ടാകണം
പ്രണയിക്കരുതെന്നു പറയില്ല ഞാനെങ്കിലും
നോക്കണം അന്തസ്സിൽ ഒപ്പത്തിനൊപ്പമോ
കൂട്ടുകളൊക്കെ ആകാം നിനക്കെന്നും
കൂട്ടത്തിൽ ശത്രുവുണ്ടെന്നും കരുതിടെണം
മോനെ നീ വളർന്നു വലുതായി
ലോകം കീഴടക്കുന്നവൻ ആയിടെണം
നിനക്ക് സ്നേഹം നിന്നോട് തന്നെ
മറ്റുള്ളതെല്ലാം അതിനു വേണ്ടിയുള്ളതാകണം



No comments:

Post a Comment