Wednesday, July 10, 2013

ഒരു രാത്രി

ഇന്നലെ എൻറെ രാത്രികൂട്ടുകാരി എന്നോട് കുറച്ചു പിണക്കത്തിൽ ആയിരുന്നു.ഒരു അകൽച്ച. പതിവ് പോലെ, കുളിയും, ജപവും, ഉണ്ണലും ഒക്കെ കഴിഞ്ഞു ഫേസ്ബുക്ക്‌ കളിക്കു ഇരുന്നു.. എല്ലാവരും ഉറക്കമായി..ഇട്ട ഏറ്റവും പുതിയ പോസ്റ്റ്‌നു ഇനിയാരും ലൈകും കമന്റും അടിക്കാൻ പോകുന്നില്ല..ആ നിർവൃതിക്കുള്ള സാദ്ധ്യതയും അവസാനിച്ചു. ടി.വി.യിൽ മുഖ്യമന്ത്രി കള്ളം ചെയ്തോ ഇല്ലയോ എന്നുള്ള ചർച്ച ചൂട് പിടിക്കുന്നു. മടുപ്പുളവാക്കുന്ന ചർച്ചകൾ. അങ്ങിനെ, പകുതിയാക്കി വച്ചിരുന്ന ഒരു കവിതയിൽ കയറി പിടിച്ചു. ഞെക്കിയും പിഴിഞ്ഞും ഒരുകണക്കിന് പോസ്റ്റ്‌ ചെയ്യാൻ പരുവത്തിൽ ആക്കി വച്ചു. പോസ്റ്റ്‌ ചെയ്യാൻ ഉള്ള സ്റ്റോക്ക്‌ കുറഞ്ഞു വരുന്നു. അത് എപ്പോളും നികത്തികൊണ്ടിരിക്കണം. അല്ലെങ്കിൽ സമാധാനം കിട്ടില്ല. ആശ്വാസം ഇനി ഒന്ന് രണ്ടു ദിവസം പിടിച്ചു നിൽക്കാനുള്ളതായി!!എന്നിട്ടും കൂട്ടുകരി പിണങ്ങി തന്നെ. ഇനിയെന്താ ചെയ്യാ? വിഡ്ഢി പെട്ടി തന്നെ ശരണം. പുസ്തകങ്ങൾ - അയ്യോ..അത് ആൾക്കാരെ കാണിക്കാൻ വേണ്ടി വാങ്ങി വെച്ചിരിക്കുന്നതാ, വായിക്കാനുള്ളതല്ല. അങ്ങിനെ കൂട്ടുകാരിയെ പ്രതീക്ഷിച്ചു ബെഡിലേക്ക് ചരിഞ്ഞു. ലൈറ്റ് ഓഫ്‌ ചെയ്യാനൊന്നും മെനക്കെട്ടില്ല. ചർച്ചകൾ പൊടി പൊടിക്കുന്നു. പെണ്‍വിഷയം ആണ്. ഒരു അശ്ലീല ചിത്രം കാണുന്ന സുഖം കേൾക്കുമ്പോൾ. എപ്പോളോ കൂട്ടുകാരി വന്നു മെല്ലെ പുണർന്നു. ഇടയ്ക്ക് പിണങ്ങി മാറിക്കിടന്നു. ചർച്ചകൾ തകർത്തു നടക്കുന്നു. എപ്പോളോ തപ്പി തടഞ്ഞു റിമോട്ട് കയ്യിലാക്കി അതവസാനിപ്പിച്ചു. ലൈറ്റ് ഓഫ്‌ ചെയ്യേണമെങ്കിൽ ബെഡിൽ നിന്നും എഴുന്നേൽക്കണം. അങ്ങിനെ ഇപ്പോൾ ലൈറ്റ് ഓഫ്‌ ആകേണ്ട എന്ന് തീരുമാനിച്ചു. അങ്ങിനെ പുണർന്നും പിണങ്ങിയും നേരം വെളിപ്പിച്ചു. അലാറം സമയത്ത് തട്ടി വിളിച്ചു. അവൻറെ കൈ അടക്കി വെച്ച് തിരിഞ്ഞു കിടന്നു. എന്നാൽ കൂട്ടുകാരി ചതിച്ചില്ല. അവൾക്കറിയാം എഴുന്നേൽക്കണം, ഓഫീസിൽ പോകണം എന്നൊക്കെ. അതുകൊണ്ട് അധികം വൈകുന്നതിനു മുൻപ് അവൾ എഴുന്നേറ്റു പോയി, രാത്രി വരാം എന്ന വാക്ക് തന്നിട്ട്. പിന്നെ എഴുന്നേറ്റു കാര്യങ്ങൾ എല്ലാം കഴിച്ചു, ഭക്ഷണം ഉണ്ടാക്കി, പ്രാതൽ  കഴിച്ചു ഓഫീസിലേക്ക്. ദിനത്തിലെ കടമകളിലേക്ക്.

No comments:

Post a Comment