മകരമാസത്തിലെ ഒരു തണുത്ത പുലരിയിൽ ബാത്ത് ടബ്ബിൽ വെള്ളത്തിൽ കിടന്നുകൊണ്ട് ശിവൻ പറഞ്ഞു കൊണ്ടിരുന്നു, "എനിക്ക് ചൂടെടുക്കുന്നു"!! സിരകളിലൂടെ ഉടലാകെ പടർന്ന് ശിരസ്സിൽ കത്തിക്കാളുന്ന ചൂട്!!
ഗൗരി, ചൂടാക്കിയ വെള്ളത്തിൽ അവനെ കുളിപ്പിച്ച് തുവർത്തി കിടപ്പുമുറിയിൽ കൊണ്ട് വന്നിരുത്തി മുടി ചീകി ഒതുക്കിയപ്പോൾ അടർന്നു വീണ കണ്ണീർ അവൻറെ തോളിൽ പതിച്ചപ്പോൾ അവൻ വീണ്ടും കരയാൻ തുടങ്ങി - "എനിക്ക് ചൂടെടുക്കുന്നു"
കീറിയ കളസവുമിട്ട് ചുട്ടുപൊള്ളുന്ന മണ്ണിൽ, പാടത്ത് ഓടിക്കളിച്ച കൗമാരം ശിവൻറെ ഓർമ്മയിൽ നിന്നും അടർന്നു വീണിരിക്കുന്നു. കാലിൽ പൊള്ളച്ച് ചെല്ലുമ്പോൾ കയ്യിൽ കിട്ടിയത് കൊണ്ട് ഒരടി തന്ന് ശകാരിച്ച് മരുന്ന് വെച്ച് കെട്ടിതന്നിരുന്ന അമ്മ.വെയിലേറ്റു തളർന്ന ഉടലിൽ ചാലുകീറി ഒഴുകിയ വിയർപ്പെല്ലാം തലയിൽ കെട്ടിയ തോർത്തഴിച്ചു തുടച്ച്, കൂലിയും വാങ്ങി കുടിലിലേക്ക് നടക്കുമ്പോൾ, പാടത്തെ കള്ളുഷാപ്പിൽ നിന്നും ഒരു കുടം കള്ളും മോന്തി, പെട്ടിക്കടയിൽ നിന്നും പൊതിഞ്ഞ് വാങ്ങിക്കൊണ്ട് വരാറുള്ള പഴംപൊരിയിൽ പൊതിഞ്ഞ അച്ഛന്റെ സ്നേഹം. അവയെല്ലാം വിസ്മൃതിയുടെ കാണാക്കയത്തിൽ ആഴ്ന്നു പോയി.
പൊടിമീശ മുളച്ച നാളുകളിൽ ഗൗരിയുടെ കണ്മഷിയാൽ മീശ തെളിയിക്കാൻ ശ്രമിച്ച് ഇളിഭ്യനായതും, കോവിലിലെ പൂരത്തിന് ചെവിയിലോതിയ കിന്നാരവും, വിറച്ച് വിറച്ച് അവൾക്ക് നൽകിയ ആദ്യ ചുമ്പനവും, തകർത്ത് പെയ്ത ഒരു ഇടവപ്പാതിയിൽ കവർന്നെടുത്ത അവളുടെ പ്രണയാവേശവും, എല്ലാം അവൻ മറന്നിരിക്കുന്നു.
വിപ്ലവാവേശം തലയിൽ കയറിയ യൗവ്വനത്തിൽ താണ്ടിയ ചുട്ടു പൊള്ളുന്ന പാതകളും, വിയർപ്പ് നാറിയ കുപ്പായവും, ബീഡിയും കള്ളും കലർന്ന ദുർഗന്ധത്തോടെയുള്ള സംഭാഷണങ്ങളും ആദർശങ്ങൾ പൊള്ളയായപ്പോൾ അവനുപേക്ഷിച്ചു. പാതുകം മാറ്റി, വേഷം മാറ്റി, ചിന്തകൾ മാറ്റി നടന്നപ്പോൾ കടൽ കടന്ന് സൗഭാഗ്യത്തെ എത്തിപ്പിടിച്ചു.
അന്ന്യമാക്കപ്പെട്ട മണ്ണിൽ കാലൂന്നാൻ ശ്രമിച്ചപ്പോൾ, അപരിചിതത്ത്വം വേരുകൾ പിഴുതെറിഞ്ഞ് ആട്ടിയോടിച്ചു. ശീതീകരിച്ച ജീവിതയാത്രയിൽ ചൂട് അവന് അസഹ്യമായി തുടങ്ങി. ആൾക്കൂട്ടത്തിന്റെ വിയർപ്പിൻറെ മണം, കള്ളിന്റെ മണം, സിഗരറ്റിന്റെ മണം എല്ലാം മനംപുരുട്ടൽ ഉണ്ടാക്കി. സുഗന്ധലേപനങ്ങൾ അവനിലെ ദുർഗന്ധം അകറ്റുവാൻ പര്യാപ്തമല്ലാതായി. കാലക്രമത്തിൽ അവൻറെ മണം അവനിൽ അറപ്പുളവാക്കി. ദുർഗന്ധം നാസികയിലൂടെ ശിരസ്സ് തുളച്ച് കയറി ഉഷ്ണമായി പരിണമിച്ചു. മണമകറ്റാൻ, ചൂടകറ്റാൻ അവൻ കുളിച്ചുകൊണ്ടേ ഇരുന്നു.