Thursday, July 24, 2014

വ്യതിചലനം

നരച്ചഭിത്തിയാൽ
തളർന്നു നിൽക്കുമാ
ഗ്രന്ഥശാലയിലേക്കുള്ള
വീഥിയിന്നും ദുർഘടം തന്നെ..
വഴിമുടക്കിയാ
മൂവാണ്ടൻ കൊമ്പിലെ
തുടുത്ത മാമ്പഴം..
വികൃതിയൊരുത്തി
കല്ലെടുത്തൊരേറെറിഞ്ഞു..
കണ്ടു നിന്നവരൊക്കെയു-
മതെറിഞ്ഞുടച്ചു..
കടന്നലും വണ്ടും
മണംപിടിച്ചടുത്തു കൂടി
മൂളി മത്സരമായി..ഞെട്ടറ്റു വീണ മാമ്പഴത്തി-
ന്നവകാശികളേറെയായി..
കശപിശകൂടി
കോലാഹലമായി..
പഴുത്തു തുടുത്തതിന്നകം
പുഴുത്തരിക്കാൻ തുടങ്ങി..
നിയമപാലകർ കേസെടുത്തു
പക്ഷമില്ലാത്ത വിധിയെഴുതി..
"വഴിതെറ്റിക്കും" ഗ്രന്ഥശാല
പൊളിച്ചു മാറ്റുകതന്നെ!!
പൊടിപിടിച്ച സങ്കൽപ്പങ്ങൾ
തേങ്ങലോടെ എരിഞ്ഞടങ്ങി..




No comments:

Post a Comment