ഓർക്കുവാനേറെ ഉണ്ടിന്നീദിനത്തില്
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു
കർക്കിടക വെയിൽ ആലസ്യത്തിൽ ആയതും
അപരിചിതത്ത്വം അന്തരീക്ഷത്തിൻ ഘനം കൂട്ടിയില്ലെന്നതും
നിൻറെ പുഞ്ചിരിയാൽ ശ്രദ്ധിക്കപ്പെട്ട ഇടതു കവിളിലെ
തടിപ്പുള്ള മറുകെൻ ഹൃദയത്തിൽ മുദ്രണം ചെയ്തതും
ഓർക്കുവാനേറെ ഉണ്ടിന്നീദിനത്തില്
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു
കാത്തിരുന്നു ഞാൻ എനിക്കുള്ളതാണെന്നുറപ്പില്ലായിരുന്നെങ്കിലും
ഒടുക്കം, നിശ്ചയിച്ചപ്പോൾ ശബ്ദവീചികൾ മാനസമറിഞ്ഞതും
ദിനരാത്രങ്ങൾ ഓർമ്മകൾ നിറച്ചതും, സ്വപ്‌നങ്ങൾ നൽകിയതും
ഓർക്കുവാനേറെ ഉണ്ടിന്നീദിനത്തില്
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു
ആഗസ്ത് മുപ്പതിന്നു നിന്നെയെൻ കരങ്ങളിലേൽപ്പിച്ചതും
തുമ്പികളെപോലെ നമ്മൾ പാറി നടന്നതും
കുട്ടിക്കളികളാൽ പൊട്ടിച്ചിരിച്ചതും, ഏങ്ങി കരഞ്ഞതും
മടിയിൽ കിടന്നു സങ്കടങ്ങൾ പങ്കിട്ടിരുന്നതും
സ്നേഹം പോരായെന്നു പരിതപിച്ചിരുന്നതും
ഓർക്കുവാനേറെ ഉണ്ടിന്നീദിനത്തില്
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു
ഒടിവിലെൻ യാത്രാദിനത്തില്,
സ്നേഹിച്ചു തീരാതുള്ള നിൻ തിരിഞ്ഞു നോട്ടവും
വിരഹത്തിൻ നാളുകളിലെ തേങ്ങികരച്ചിലുകളും
മാനസം അക്ഷരങ്ങളും, ശബ്ദ വീചികളും ആയതും
ചുറ്റുവട്ടത്തിൻ അസ്വാരസ്യങ്ങളും, കൂരമ്പുകളും
ഓർക്കുവാനേറെ ഉണ്ടിന്നീദിനത്തില്
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു
വിദ്യതൻ കോവിലിൻ പടിയിറങ്ങിയതും
ഓടിവന്നെൻ കരം ഗ്രഹിച്ചതും
എണ്ണം തികയാത്ത നാണയത്തുട്ടുകകളാൽ
വണ്ണത്തിൽ തന്നെ സ്നേഹിച്ച നാളുകൾ
നമ്മുടെ പൊന്നോമനതൻ നാമ്പ് മുളച്ചതും
നിറവയറിനാൽ യാത്ര തിരിച്ചതും
ഓർക്കുവാനേറെ ഉണ്ടിന്നീദിനത്തില്
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു
പേറ്റു നോവിൽ നിനക്ക് തുണയാകാൻ കഴിയാതിരുന്നതും
പൊന്നോമനതൻ ചിരി കേൾക്കാൻ കൊതിച്ചതും,
കളി കാണാൻ മോഹിച്ചതും
കടൽ കടന്നെന്നരികിൽ വരുംവരെ അടക്കിവച്ചതും
കളിപ്പിച്ചും ചിരിപ്പിച്ചും തലോലിച്ചതും
പിച്ചവയ്ക്കാൻ കൂട്ടിന്നിരുന്നതും
ഓർക്കുവാനേറെ ഉണ്ടിന്നീദിനത്തില്
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു
കണക്കുകൾ കൂട്ടിമുട്ടാതിരുന്നതിനാലോ,
വിദ്യതൻ ഗുണം കളയാതിരിക്കാനോ
വിദ്യപകർന്നു നൽകുവാൻ തുടങ്ങിയതും
ചൂടകന്നു കൈമാറപ്പെടുമ്പോൾ
കുഞ്ഞി കണ്ണിൻ ദയനീയ ഭാവവും
ഓർക്കുവാനേറെ ഉണ്ടിന്നീദിനത്തില്
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു
കാലമേറെ കഴിഞ്ഞില്ലേ പിന്നെയും
നാടുകളും കൂടുകളും മാറിയില്ലേ നമ്മൾ
കൂട്ടത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ നമ്മളിൽ തന്നെയും
മാറ്റങ്ങളൊക്കെയും ജീവിതത്തിന്നു വേണ്ടി
സ്നേഹത്തിൽ മാറ്റമില്ലാതെ ജീവിച്ചിടാം നമുക്കെന്നും