"നമുക്ക് മധുരയ്ക്ക് പോകാം" എന്റെ വാക്കുകൾ കേട്ടപ്പോൾ, വിയർപ്പുണങ്ങാൻ കസേരകളിൽ തൂക്കിയിട്ടിരുന്ന വസ്ത്രങ്ങൾ മടക്കി ബാഗിൽ വയ്ക്കുന്നത് നിർത്തിയിട്ടു രമേശനും , ബിനോയിയും എനിക്കഭിമുഖമായ് തിരിഞ്ഞിരുന്നു. മൂവരുടെയും മുഖം മ്ലാനമാണ്. ചുറ്റും ആൾക്കാർ ഉല്ലാസത്തിൽ ആണ്. ഭക്തിയുടെ നിറവിൽ പഴണിയാണ്ടവനെ കണ്ട സന്തോഷത്തിൽ ആൾക്കാരുടെ മുഖത്തെല്ലാം ഒരു തേജസ്. കൂടുതലും തമിഴ്നാട്ടുകാരാണ്. ചുരുങ്ങിയ തുകയ്ക്ക് ഒന്ന് കിടന്നുറങ്ങാനും, കുളിച്ചു വൃത്തിയാകാനും ഉള്ള ഇടം വേണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു ഈ ഡോർമെട്രി തിരഞ്ഞെടുത്തപ്പോൾ. രാത്രി ആൾക്കാരുടെ കലപില കൂടലിൽ ഉറക്കമേ കിട്ടിയിരുന്നില്ല. പുലർച്ചെ തന്നെ എഴുന്നേറ്റു കുളിച്ചതുകൊണ്ട് വലിയ നിരയിൽ നിന്ന് മുഷിയാതെ രക്ഷപെട്ടു.
ഇന്നലെ പുലർച്ചെ തുടങ്ങിയ യാത്രയാണ്. ഞാൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോളേക്കും രമേശനും, ബിനോയിയും യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ എല്ലാം കഴിഞ്ഞിരുന്നു. കൂടുതൽ ഒന്നും ഇല്ല. രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ്, ടൂത്ത് ബ്രഷ്, ടൂത്ത്പേസ്റ്റ് , കുളിക്കാനുള്ള എണ്ണ, സോപ്പ് എന്നിവ എല്ലാം കൂടി ബാഗിൽ ആക്കി. സർവ്വകലാശാലാ വിദ്യഭ്യാസം പൂർത്തിയാക്കി ഹോസ്റ്റലിലെ പോലെ തന്നെ ഒരുമിച്ചു താമസിച്ചാണ് മൂവരും ജോലി ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യാൻ വരുന്ന അമ്മിണി ചേച്ചിക്ക് രണ്ടു ദിവസം അവധി കൊടുത്ത്, ഉന്മേഷവാന്മാരായ് യാത്ര ആരംഭിച്ചു.
കൊച്ചിയുടെ പ്രൌഡി പിന്നിട്ടു, തൃശൂരിന്റെ നിഷ്കളങ്കതയിലൂടെ ഭാരത പുഴയും താണ്ടി പാലക്കാടിന്റെ വരണ്ട തരിശു നിലങ്ങളിലൂടെ വണ്ടി കടന്നുപോകുമ്പോൾ പല തരത്തിലുള്ള യാത്രക്കാർ കയറി ഇറങ്ങുന്നത് കൗതുകത്തോടെ നോക്കിയിരുന്നു. ചാരനിറത്തിലുള്ള മലനിരകൾ ദാഹജലത്തിനായ് വെമ്പുന്നതായ് തോന്നി. വീഥിക്കിരുവശവും വളർന്നു നിൽക്കുന്ന പനകൾ തത്ത്വം പറയുന്നു. അതിർത്തി ഗ്രാമങ്ങൾ തമിഴിലേക്ക് ചായവു കാണിക്കാൻ തുടങ്ങി. വെളുപ്പും ചുവപ്പും ഇടകലർന്ന ചായങ്ങൾ ഭിത്തിക്ക് ആടയായ്. ബസിൽ കയറുന്നവർ കൂടുതൽ സംസാരിക്കാൻ തുടങ്ങി. പൊള്ളാച്ചിയിൽ, പേരയ്ക്കയും, ചക്കച്ചോളയും വിൽക്കാൻ, ചെളിവെള്ളത്തിൽ ചവിട്ടി നടന്നു കുരുന്നു ബാല്യങ്ങൾ തോണ്ടി വിളിച്ചു ബഹളം വയ്ക്കുന്നു. ഈച്ചകൾ പൊതിഞ്ഞ ചക്കച്ചോള വാങ്ങി കൊടുത്തു യാത്രകാരിൽ ചിലർ കുട്ടികളുടെ കരച്ചിലടക്കി.
പഴണി ആണ്ടവന്റെ മണ്ണിൽ കാലു കുത്തിയപ്പോൾ, ആദിത്യൻ വിശ്രമത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എല്ലാം അറിഞ്ഞവനെ പോലെ ശാന്തമായ പുഞ്ചിരിയോടെ ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു! കൂടുതലൊന്നും ചോദിക്കാതെ കൂടെ പോവുകയായിരുന്നു. മലയാളത്തിലും തമിഴിലും എഴുതി വച്ചിരിക്കുന്ന ലോഡ്ജിന്റെ പേര് വായിച്ചപ്പോൾ പഴയ തമിഴ് സിനിമയിൽ കണ്ടു പരിചയം ഉള്ളത് പോലെ തോന്നി - സുബ്രഹ്മണ്യ വിലാസം! വിശാലമായ മുറിയിലെ ഒരു തൂണിനു ചേർന്ന് സാധനങ്ങൾ എല്ലാം വെച്ചു. മൂന്ന് പായകൾ കൊണ്ട് വരപ്പെട്ടു. എല്ലാം പറഞ്ഞേൽപ്പിച്ച് , കുളിച്ചു കഴിയുമ്പോളേക്കും വരാം എന്ന് പറഞ്ഞു ദൈവദൂതൻ യാത്ര ആയി.
ചുറ്റുപാടുകൾ ഒരു അസ്വസ്ഥത ജനിപ്പിക്കാൻ തുടങ്ങി. യാത്ര ചെയ്ത ക്ഷീണം ഒന്ന് നടു നിവർത്തി കുറച്ചു. നേരം വൈകിക്കേണ്ട എന്ന തീരുമാനത്തിൽ ഓരോരുത്തരായി കുളിക്കാൻ തുടങ്ങി. തണുത്ത വെള്ളം തലയിൽ വീണപ്പോൾ യാത്രാക്ഷീണം എല്ലാം മാറി. കുളി കഴിഞ്ഞു തിരിച്ചു വന്നപ്പോളേക്കും കിടക്കാൻ അനുവദിച്ച സ്ഥലത്തിനും ചുറ്റും ആൾക്കൂട്ടം ആയി. വസ്ത്രം മാറി കഴിഞ്ഞപ്പോളേക്കും ദൈവദൂതൻ വീണ്ടും അവതരിച്ചു.
പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ ദൈവപ്രീതിക്ക് ആവശ്യമായ എല്ലാം ഏൽപ്പിച്ചു. എല്ലാം അറിഞ്ഞു ചെയ്യാൻ അദ്ദേഹം കൂടെ തന്നെ ഉണ്ട്. വാഴയിലയിൽ വിളമ്പിയ ഭക്ഷണവും കഴിച്ച്, പഴണിയുടെ രാത്രി സൗന്ദര്യം ആസ്വദിച്ച് നടന്നു. കുതിര വണ്ടിയുമായ് തമിഴന്മാർ മുറിമലയാളം പറഞ്ഞു പുറകെ കൂടി. വില പേശലിൽ കരാർ ഉറപ്പിക്കപ്പെടാതെ കുതിര സവാരി മുടങ്ങി.
തിരിച്ചു ലോഡ്ജിൽ എത്തിയപ്പോൾ ഒരു ചന്തയുടെ പ്രതീതി. മലയാളവും, തമിഴും, കന്നടയും , തെലുങ്കും എല്ലാം താന്താങ്ങളുടെ നിലയിൽ കലപില കൂടുന്നു. കൂട്ടത്തിൽ സൗമ്യൻ മലയാളവും, കേമൻ തമിഴും തന്നെ. ഉറങ്ങാൻ ഉള്ള ശ്രമം വിജയിച്ചത് എപ്പോൾ ആണെന്നറിയില്ല. വാഗ്ദാനം ചെയ്തത് പോലെ പുലർച്ചെ ദൈവദൂതൻ വന്നു പൂജാ സാധനങ്ങൾ ഏൽപ്പിച്ച കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ എല്ലാം തയ്യാറാക്കി വെച്ചിരുന്നു. ബിൽ കണ്ടു മൂവരും ഞെട്ടി മുഖത്തോട് മുഖം നോക്കി. ഇത്രയും വേണോ ? അതേ ചോദ്യം ദൈവദൂതനോടും ചോദിച്ചു. അദ്ദേഹം കടക്കാരനോട് കുശു കുശുത്തു. രണ്ടു നാളികേരം എടുത്തു മാറ്റി മുന്നൂറു രൂപ കുറച്ചു തന്നപ്പോൾ, കടക്കാരന്റെ മഹാമനസ്കതയിലും, ദൈവദൂതന്റെ കഴിവിലും മനം കുളിർത്തു. അഭിഷേകത്തിനുള്ള കാശും അവിടെ തന്നെ ഏൽപ്പിക്കാൻ പറഞ്ഞപ്പോൾ നല്ല ഒരു പാക്കേജ് ആയിട്ട് തോന്നി. സഹായത്തിനു ഒരു പയ്യനെയും കൂട്ടി ഞങ്ങളെ യാത്രയാക്കി, "ഹരഹരോ ഹരഹര" പറഞ്ഞു ദൈവദൂതൻ യാത്രയായി.
എല്ലാ ദുരിതങ്ങളിൽ നിന്നും രക്ഷ നേടാൻ പഴണി ആണ്ടവന് സമർപ്പിക്കാനുള്ള പൂജാ സാധനങ്ങളുമായ് മുന്നിൽ നടക്കുന്ന വൃത്തികെട്ട രൂപത്തെ കണ്ടു മനസ്സൊന്നു ശങ്കിച്ചു. മല കയറുന്നതിനു മുൻപ് നേർച്ച ഇടാനുള്ള ചില്ലറ ഇല്ല എന്ന സങ്കടം തീർക്കാൻ അതുമായും ആൾക്കാർ !! മൂവരും പത്ത് രൂപയ്ക്ക് വീതം ചില്ലറ വാങ്ങി. മുന്നിൽ സഹായി ഓടി മല കയറുന്നു. ചില്ലറപ്പൊതി അഴിച്ചു നേർച്ച ഇടാൻ നോക്കിയപ്പോൾ ഏതാനും പത്തു പൈസ തുട്ടുകൾ മാത്രം!! ചതിയുടെ ആദ്യ ചുവട്!!
ചതിക്കപ്പെട്ടവന്റെ തളർച്ചയോടെ ആയി തുടർന്നുള്ള ചുവടുകൾ. കയറ്റത്തിൽ കണ്ട പല വിഗ്രഹങ്ങളിൽ ഒന്നിൽ പ്രാർത്ഥിച്ചു കാണിക്കയിടാൻ ഒരു മുത്തശ്ശി പറഞ്ഞപ്പോൾ, സംശയം തോന്നിയില്ല. കാണിക്കയിട്ടു കയറുന്നതിനിടയിൽ തിരിഞ്ഞു നോക്കിയപ്പോൾ, ഇട്ട കാണിക്ക എടുത്തു മുത്തശ്ശി എളിയിൽ തിരുകുന്നതു കണ്ടു തളർന്നു പോയി. സഹായി തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.
മുകളിൽ എത്തിയപ്പോൾ, ആണ്ടവനെ അടുത്ത് കാണണമെങ്കിൽ കൂപണ്‍ എടുക്കണം എന്ന് പറഞ്ഞപ്പോൾ വിശ്വാസത്തിന്റെ മറ്റൊരു രീതി കാണുകയായിരുന്നു. പൊതു നിരയിൽ നിന്നുള്ള പുണ്യം മതി എന്ന് നിശ്ചയിച്ചു കൂട്ടത്തിൽ തിക്കി തിരക്കി നിന്നു. പൂജാ സാധനങ്ങൾ താഴെ വീഴാതിരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു. പാലഭിഷേകത്തിനു, പണം വീണ്ടും കൊടുക്കണം എന്ന് കൂടി കേട്ടപ്പോൾ ഉള്ള വിശ്വാസവും കൂടി പോയി കിട്ടി. കൂടുതൽ പറ്റിക്കപ്പെടില്ല എന്ന തീരുമാനത്തിൽ, എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടണം എന്ന ചിന്ത ആയിരുന്നു. പ്രാർത്ഥിച്ചു എന്ന് വരുത്തി, പടിയിറങ്ങി.
" എടാ.. അതിനു നമ്മുടെ കൈയ്യിൽ കാശുണ്ടോ ?" രമേശൻ ചോദിച്ചപ്പോൾ ആണ് അങ്ങിനെ ഒരു കാര്യം എൻറെ ചിന്തയിൽ വന്നത്. പിന്നെ മൂന്ന് പേരും കൂടി കൈയിൽ ഉള്ളതെല്ലാം എണ്ണി തിട്ടപ്പെടുത്തി.
" ഇത് മതി, വണ്ടി കാശു ഉണ്ട് "..ഞാൻ തീർച്ചപ്പെടുത്തി..
" ഇവിടെ അനുഭവിച്ച ചതി മനസ്സിൽ വച്ച് തിരിച്ചു പോയാൽ ഈ യാത്രയുടെ എല്ലാ ഗുണവും ഇല്ലാതാകും..അതുകൊണ്ട് നമുക്ക് മധുരയ്ക്ക് പോകാം" ബിനോയ് കൂട്ടിചേർത്തു.
മധുരാക്ഷേത്രഗോപുരം അത്ഭുതം പകർന്നു സ്വാഗതം ഓതി. ബസ് സ്റ്റാൻഡിൽ പോയി കൊച്ചിയിലേക്കുള്ള ബസ് ടിക്കറ്റ് ആദ്യം എടുത്തു. കൈയിൽ ഉണ്ടായിരുന്ന നാണയത്തുട്ടുകളിൽ ഓരോ ഒറ്റ രൂപ നാണയത്തുട്ടുകൾ മൂവരും കൈയിൽ കരുതി ദർശനത്തിനായ് നിര നിന്നു. മനം കുളിർക്കെ മധുര മീനാക്ഷിയെ കണ്ടു പ്രാർത്ഥിച്ചു കാണിക്കയിട്ടപ്പോൾ പിന്നിട്ട വഴികളിലെ ചതികൾ എല്ലാം മറന്നു മനസ്സ് ശാന്തമായ്. ശിൽപവിദ്യയുടെ മകുടോദാഹരണങ്ങൾ കണ്ടു നടക്കുമ്പോൾ ആ യാത്ര പുണ്യമായി മാറുകയായിരുന്നു.
പുറത്തിറങ്ങിയപ്പോളേക്കും വിശപ്പ് ശല്യം ചെയ്തു തുടങ്ങിയിരുന്നു. കടയിൽ കയറി ദോശ ഓർഡർ ചെയ്തപ്പോൾ സ്വാഭാവികമായും ചായയും വേണ്ടി വരും എന്ന് കരുതിയ സപ്ലയറുടെ ചോദ്യത്തിന് ഞങ്ങളുടെ ഒരുമിച്ചുള്ള മറുപടി, "വേണ്ട, ചുടുതണ്ണി മതി" എന്നായിരുന്നു. സാമ്പാറിനും ചുടുതണ്ണിക്കും കാശില്ലാത്തത് കൊണ്ട് വയർ നിറച്ചു. യാത്രയിൽ, രാത്രി കഴിക്കാൻ വഴിവക്കിൽ നിന്നും കുറച്ചു പഴവും വാങ്ങി നേരത്തെ വണ്ടിയിൽ കയറി ഇരുന്നു. വണ്ടി അനങ്ങി തുടങ്ങിയതെ ഓർമ്മയുണ്ടായിരുള്ളൂ. ഉറക്കം ഉണർന്നപ്പോൾ, കൊച്ചി, ഉറക്കച്ചടവിൽ കോട്ടുവായിട്ട് തലേന്ന് അകത്താക്കിയ മദ്യത്തിന്റെയും, മാംസത്തിന്റെയും ദുർഗന്ധം വമിക്കുന്നു. ഞങ്ങൾ, സമയത്ത് ജോലിസ്ഥലത്ത് എത്തിപ്പെടാനായ് അടുത്ത വണ്ടി പിടിക്കാൻ ധൃതി കൂട്ടി. പാതയോരത്ത്, നീലയും വെളുപ്പും നിറത്തിൽ ഉള്ള ഭിക്ഷാടന നിരോധന ബോർഡിന് താഴെ ഒട്ടിയ ഒരു വയർ പ്രതീക്ഷയോടെ ഞങ്ങളെ നോക്കിയത്, കണ്ടില്ലെന്നു നടിച്ചു..